ഉളിക്കൽ: കണ്ണൂർ ഉളിക്കലിൽ നുച്യാട്ടെ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. 27 പവൻ സ്വർണം നഷ്ടമായതായാണ് പരാതി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവ ദിവസം രാവിലെ ആറ് മണിയോടെ പ്രവാസിയെ സ്വീകരിക്കാൻ ഭാര്യയും മകളും ബന്ധുവിനൊപ്പം കോഴിക്കോട് എയർപോർട്ടിലേക്ക് പോയിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നത് ഭിന്നശേഷിക്കാരനായ പിതാവ് മാത്രമായിരുന്നു.
ഏഴ് മണിയോടെ പിതാവ് പ്രഭാതഭക്ഷണം കഴിക്കാൻ നുച്യാട് ഭാഗത്തേക്ക് പോയി. വീടിന്റെ വാതിൽ പൂട്ടാതെ ചാരിയിട്ടു. ഈ സമയമാകാം കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. മടങ്ങിയെത്തിയ പിതാവ് മോഷണ വിവരം അറിഞ്ഞിരുന്നില്ല.
വൈകുന്നേരം പ്രവാസിയും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലാക്കിയത്. വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ ഉണ്ടായിരുന്നില്ല. സ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.