കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ അപകടമായ രീതിയില്‍ ടോള്‍ വെട്ടിച്ച് വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവാകുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ മൂന്നുകേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലിസിന് കൈമാറിയാലും തുടര്‍ നടപടിയുണ്ടാകാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ദൃശ്യങ്ങള്‍ കണ്ട് വാഹന നമ്പര്‍ നോക്കി ഉടമയെ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിപ്പിച്ചാലും ഉടമ സ്റ്റേഷനില്‍ ഹാജരാകാറില്ല. ഞായറാഴ്ച ജീവനക്കാരിയെ കാറിടിപ്പിച്ച് ടോള്‍ അടയ്ക്കാതെ കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വാഹന ഉടമയോട് നേരിട്ട് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ജീവനക്കാരി ഇതുവരെ പൊലിസില്‍ പരാതി നല്‍കിയിട്ടില്ല. വാഹനത്തിന്റെ ഫാസ്ടാഗ് സ്കാന്‍ ചെയ്തപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് പണമടയ്ക്കാന്‍ ജീവനക്കാരി ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയാറാകാതെ കാറിന്റെ ബോണറ്റിന് മുന്നില്‍ നിന്ന ജീവനക്കാരിയെ ഇടിച്ച് വീഴ്ത്താനാണ് ഡ്രൈവര്‍ ശ്രമിച്ചത്.
ടോള്‍ പ്ലാസയിലെ മറ്റ് ജീവനക്കാരും പൊലിസും ഓടിയെത്തിയപ്പോഴേക്കും പ്രതി കാറുമായി സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു. സമാന രീതിയിലുള്ള മൂന്ന് കേസുകളിലും ഇതുവരെ നടപടിയായില്ല.