തൃശൂർ : ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയുടെ മൂന്നാംനിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയ രോഗി ജനങ്ങളെയും ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണു സംഭവം.
ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മൂന്നാം നിലയുടെ സൺ ഷെയ്ഡിലേക്ക് ഇറങ്ങുകയായിരുന്നു. ഡോക്ടർ സെഡേഷൻ കൊടുത്തിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോൾ ഇയാൾ സൺഷെയ്ഡിൽ അബോധാവസ്ഥയിലായിരുന്നു. വീതികുറഞ്ഞ സൺഷെയ്ഡിൽനിന്ന് എപ്പോൾ വേണമെങ്കിലും താഴേക്കു വീഴുന്നരീതിയിലാണു കിടന്നിരുന്നത്.
സേനാംഗങ്ങൾ കോണിവച്ചു കയറി അടുത്തെത്തിയപ്പോൾ ഇയാൾ ഉണരുകയും പരിഭ്രാന്തനാകുകയും ചെയ്തു. തുടർന്ന് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തി റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചു സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ കെ. ശിവദാസൻ, വി.വി.ജിമോദ് വി.വി, സി.ജി. ആദർശ് , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ജി. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺകുമാർ, സന്ദീപ്, സുധൻ, സജീഷ്, പ്രതീഷ്, ഷജിൻ, ഹോം ഗാർഡ് വിജയൻ, മുരളീധരൻ എന്നിവർ പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ് നേതൃത്വം നല്കി.