കുമ്പളങ്ങി: ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികരായ വിദ്യാർഥികൾ ബസിനടിയിൽപ്പെട്ടു. ഒരാൾ മരിച്ചു. സഹപാഠിയായ സുഹൃത്ത് ആശുപത്രിയിൽ. എഴുപുന്ന പന്നപ്പിള്ളി ജോൺ ജേക്കബിന്റെ മകൻ ജോൺ ജോയൽ (18) ആണ് മരിച്ചത്. സഹപാഠിയും സുഹൃത്തുമായ ആഷ്മെൻ ചികിത്സയിലാണ്.
എറണാകുളത്തേക്കു പോകുകയായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കവേ, ഇന്നലെ രാവിലെ കുമ്പളങ്ങി ബിവറേജസ് ഷോപ്പിന് സമീപത്തായിരുന്നു അപകടം. ബൈക്കിന്റെ പിൻ സീറ്റിലിരുന്ന ജോൺ ജോയൽ ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു.
കുമ്പളങ്ങി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടു പരീക്ഷയുടെ ഇംപ്രൂവ്മെന്റിനുള്ള അപേക്ഷ നല്കാൻ കുമ്പളങ്ങി ഒഎൽഎഫ് സ്കൂളിലേക്ക് വരികയായിരുന്നു ഇരുവരും. പോസ്റ്റ്മോർട്ടത്തിനുശേഷം ജോൺ ജോയലിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം എഴുപുന്ന അമലോത്ഭവ മാതാ പള്ളിയിൽ നടക്കും. അമ്മ: സിന്ധു ജോൺ. സഹോദരി: അന്ന.