വിഴിഞ്ഞം: തീരദേശവാസികളെ പേടിപ്പെടുത്തി രാത്രിയിൽ അപ്രതീക്ഷിത ചുഴലിക്കാറ്റ്. വള്ളപ്പുരകളും ഷെഡുകളും തകർന്നു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. നിരവധി പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പുതിയതുറ തീർഥാടന കേന്ദ്രത്തിൽ ബീച്ചിൽ നടത്താനിരുന്ന കലാപരിപാടികൾ മാറ്റിവച്ചു. കരഭാഗത്തെ തൊടാതെ തീരദേശത്തു മാത്രം വീശിയടിച്ച കാറ്റ് അരമണിക്കൂറോളം തീരവാസികളെ മുൾമുനയിൽ നിർത്തിയാണ് കടന്നു പോയത്.
കരിംകുളം, പുല്ലുവിള, കൊച്ചുതുറ, പുതിയതുറ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാത്രിയിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയത്. പുതിയതുറ കൊച്ചെടത്വ തിരുനാളോടനുബന്ധിച്ചുള്ള കുർബാനയ്ക്കുശേഷം ബീച്ചിൽ സംഘടിപ്പിച്ച കലാപരിപാടികൾ കാണാനും ആസ്വാദിക്കാനുമായി നൂറുകണക്കിനു വിശ്വാസികൾ തമ്പടിച്ചിരുന്നു.
ഇടിവെട്ടിനും മിന്നലിനുമിടയിൽ ഉണ്ടായ ചാറ്റൽ മഴക്കൊപ്പമാണ് വമ്പൻ കാറ്റുവീശിയത്. കുട്ടികൾക്കായി ഒരുക്കിയിരുന്ന കാർണിവൽ പാർക്കിന്റെ ചവിട്ടുപടി ഇളകിത്തെറിച്ചാണ് ഒരാൾക്ക് നേരിയ പരിക്കേറ്റത്. ഉത്സവപ്പറമ്പിൽ ഉണ്ടായിരുന്ന കടകൾക്കും വ്യാപക നാശമുണ്ടായി. കാറ്റ് ഭീതിവിതച്ചതോടെ കഴിഞ്ഞ ദിവസത്തെ കലാപരിപാടികൾ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുല്ലുവിള തീരത്തെയും കാറ്റ് ഏറെ ബാധിച്ചു.
വള്ളപ്പുരകളെയും ഷെഡുകളെയും തകർത്ത് തരിപ്പണമാക്കി. ഷെഡിന്റെ മേൽക്കൂര തകർന്നുവീണു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. പുല്ലുവിള പുതിയതുറ പുരയിടത്തിൽ ഫ്രാൻസിസ് (58) ആണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പുലർച്ചെ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ തയാറെടുക്കുന്നതിനായി കടൽക്കരയിൽ വിശ്രമിക്കുകയായിരുന്നു ഫ്രാൻസിസ്. വള്ളപ്പുരയ്ക്ക് സമീപം കൂടുതൽ പേർ ഉണ്ടായിരുന്നെങ്കിലും ചിലർക്കു നേരിയ പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
കാറ്റിനൊപ്പം ഉയർന്നു പൊങ്ങിയ മണലും നാട്ടുകാർക്കു വിനയായി. ചൂടുകാരണം പരിസരങ്ങളിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാർ വീടുകളിൽ ഓടിക്കയറി പൊടിക്കാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. കടലിൽ നിന്നെത്തിയ കാറ്റ് തീരത്തുകൂടി ചുഴറ്റിവീശി കടന്നുപോയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും തകർന്ന വള്ളങ്ങൾക്കും ഷെഡുകൾക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജില്ലാ പഞ്ചായത്തംഗം ഫ്രീഡാ സൈമൺ ആവശ്യപ്പെട്ടു.