ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന്റെ കുത്തേറ്റു മരിക്കാറായ പതിനെട്ടുകാരനെ ബ്രിട്ടീഷ് പോലീസ് വിലങ്ങുവെച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് നിലവിളിച്ചിട്ടും പോലീസ് യുവാവിന്റെ കൈകളിൽ ബലമായി വിലങ്ങുവെക്കുകയായിരുന്നു. സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ ഹെൻറി നൊവാക് എന്ന കൗമാരക്കാരന്റെ മരണവുമായി ബന്ധപ്പെട്ട ബോഡികാം ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് കള്ളം പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ച പ്രതി സിഖ് വംശജനായ വിക്രം ദിഗ്വയ്ക്ക് (23) കോടതി കഴിഞ്ഞ ദിവസം കുറഞ്ഞത് 21 വർഷം തടവോടെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ നൊവാകിന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തനിക്ക് കുത്തേറ്റെന്ന് നൊവാക് പറയുന്നുണ്ടെങ്കിലും "നിനക്ക് കുത്തേറ്റെന്നോ? എവിടെ? എനിക്ക് തോന്നുന്നില്ല കൂട്ടുകാരാ" എന്ന് പരിഹസിച്ചാണ് പോലീസ് വിലങ്ങുവെച്ചത്.
ബോധരഹിതനായ ശേഷമാണ് പോലീസ് നൊവാകിനെ പരിശോധിച്ചതും കുത്തേറ്റ വിവരം അറിഞ്ഞ് വിലങ്ങ് അഴിച്ചുമാറ്റി സിപിആർ നൽകിയതും. സംഭവത്തിന് പിന്നാലെ യുകെയിൽ വൻ ജനരോഷവും വംശീയ ചർച്ചകളും ഉയർന്നിട്ടുണ്ട്. സതാംപ്ടൺ പോലീസ് സ്റ്റേഷന് മുന്നിൽ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു.
പ്രതി മുൻപ് ഉന്നയിച്ച വംശീയ ആരോപണം പോലീസിന്റെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്ന് അന്വേഷിക്കണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് രാജ്യത്ത് ക്രമസമാധാന നില തകരാതിരിക്കാൻ ഹോം സെക്രട്ടറി ശബാന മഹ്മൂദ് ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. പോലീസുകാരുടെ വീഴ്ചയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.