ബംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ആവേശ ജയം. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ മൂന്നു വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. സ്കോര്‍: ദക്ഷിണാഫ്രിക്ക എ 309,199 ഇന്ത്യ എ 234, 277/7.
നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റണ്‍സുമായി പൊരുതി. ലക്ഷ്യത്തിന് 103 റണ്‍സ് അകലെ പന്ത് വീണെങ്കിലും വാലറ്റക്കാരായ അന്‍ഷുല്‍ കാംബോജ് (37*), മാനവ് സുതാര്‍ (20*) തനുഷ് കൊടിയാന്‍ (23) എന്നിവരുടെ പോരാട്ടം ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
34 റണ്‍സുമായി ആയുഷ് ബദോനിയും മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ എ 1- 0ന് മുന്നിലെത്തി. തനുഷ് കൊടിയാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ആരംഭിക്കും.