കീവ്: യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മാത്രം 15 പേരാണു കൊല്ലപ്പെട്ടത്.
അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗർബല്യം തുറന്നുകാട്ടുന്നതായിരുന്നു റഷ്യൻ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്ൻ നടത്തിയ ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ബോംബാക്രമണമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
റഷ്യ ഒറ്റരാത്രികൊണ്ട് 351 ഡ്രോണുകളും 68 മിസൈലുകളുമാണു പ്രയോഗിച്ചതെന്നും പ്രധാനമായും കീവിനെയാണ് ലക്ഷ്യംവച്ചതെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. റഷ്യ പ്രയോഗിച്ച 29 ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യത്തിൽ പതിച്ചു.
ബാലിസ്റ്റിക് മിസൈലിനെ തടയാൻ സംവിധാനം വേണമെന്ന് യുക്രെയ്ൻ വ്യോമസേന വക്താവ് യൂറി ഇഹ്നാത്ത് പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളെ തടയാൻ യുക്രെയ്ൻ ഇപ്പോഴും യുഎസ് പേട്രിയറ്റ് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ വിതരണത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുക്രെയ്നെയാണ്.
പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ ക്ഷാമം മുതലെടുത്ത് റഷ്യ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ മനഃപൂർവം വർധിപ്പിക്കുകയാണെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി മിഖയ്ലോ ഫെഡറോവ് പറഞ്ഞു.
സഖ്യകക്ഷികളുടെ പക്കല്‍ ആവശ്യത്തിന് മിസൈലുകള്‍ ഉണ്ടെങ്കിലും അവ യുക്രെയ്നു നല്‍കാത്തതാണ് പ്രതിരോധം പരാജയപ്പെടാന്‍ കാരണമെന്ന് സെലന്‍സ്കി കുറ്റപ്പെടുത്തി.
നാറ്റോ ഉച്ചകോടിയില്‍ യുക്രെയ്ൻ വ്യോമപ്രതിരോധം ശക്തമാക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.