വഡോദര: വനിതാ പ്രീമിയർ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം വിജയിച്ച് ഡൽഹി പ്ലേ ഓഫിൽ. യുപി വാരിയേഴ്സിനെ അഞ്ചുവിക്കറ്റിന് തകർത്താണ് ഡൽഹി പ്ലേ ഓഫിലെത്തിയത്. സ്കോർ: യുപി 122/8 ഡൽഹി 126/5. (18.4).
യുപി വാരിയേഴ്സ് ഉയർത്തിയ 123 റൺസ് വിജയ ലക്ഷ്യം ഡൽഹി എട്ട് പന്തും അഞ്ചു വിക്കറ്റും കൈയിലിരിക്കെ മറികടന്നു. ലോറ വോൾവാർഡ് (47), ജെമിമ റോഡ്രിഗസ് (34) എന്നിവരുടെ ഇന്നിംഗ്സാണ് ഡൽഹിയെ തുണച്ചത്.
ആദ്യം ബാറ്റ് ചെയ്ത യുപിക്കായി 24 റൺസ് നേടിയ ദീപ്തി ശർമ്മ ടോപ് സ്കോററായി. സിമ്രാൻ ഷെയ്ഖ് (22), ശിഖ പാണ്ഡെ (23) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.