ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഒരേരീതിയിൽ മറുപടി നൽകുമെന്നും ഏതൊരു ഭീകരപ്രവർത്തനത്തിനെതിരേയും ശക്തമായി പ്രതികരിക്കുമെന്നും കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി.
പുരോഗതിയും വികസനവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അത് തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് കരസേനാ മേധാവി വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഭീകരവാദികളോടും അതിനെ പിന്തുണയ്ക്കുന്നവരോടും ഇന്ത്യ സ്വീകരിച്ച നിലപാടും ദ്വിവേദി ആവർത്തിച്ചു. ഭീകരവാദവും ചർച്ചയും ഒരിക്കലും ഒരുമിച്ച് മുന്നോട്ടുപോകില്ല. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ല. സമാധാനപരമായ പ്രക്രിയയെ ഇന്ത്യ പിന്തുണയ്ക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യും.
ഒന്നിനെയും ഭയപ്പെടാത്ത തരത്തിലേക്ക് ഇന്ത്യ വളർന്നു. ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് തുടർന്നാൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ ഇന്ത്യയുടെ പുതിയ രീതി പാക്കിസ്ഥാന് വലിയ വെല്ലുവിളി ഉയർത്തും. പാക്കിസ്ഥാന്റെ ആണവ നിലപാടുകളെ ഇന്ത്യ യാതൊരു തരത്തിലും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.