വാഷിംഗ്ടൺ ഡിസി: ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിക്കാൻ തയാറായാൽ പോലും രാജ്യത്തിന് മേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങളിൽ യാതൊരുവിധ ഇളവും നൽകില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെഹ്റാനുമായി നിലവിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കർശനമായ നിലപാടുകളിൽ നേരിയ വിട്ടുവീഴ്ചയ്ക്ക് പോലും വാഷിംഗ്ടൺ തയാറല്ലെന്ന സൂചനയാണ് ട്രംപിന്റെ പുതിയ പ്രസ്താവന നൽകുന്നത്.
ബുധനാഴ്ച അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് അമേരിക്കയുടെ നയം വ്യക്തമാക്കിയത്. ആണവ കരാറിന്റെ ഭാഗമായി ഇറാൻ യുറേനിയം കൈമാറിയാൽ അവർക്കെതിരെയുള്ള കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നീക്കുമോ എന്ന ചോദ്യത്തിന്, "ഇല്ല, ഒരിക്കലുമില്ല, ഉപരോധങ്ങളിൽ യാതൊരു ഇളവും നൽകാൻ പോകുന്നില്ല’ എന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞു.
ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കേണ്ടത് ഉപരോധങ്ങൾ നീക്കാനുള്ള പ്രതിഫലമായിട്ടല്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിലും ട്രംപ് ഈ വിഷയം ഉന്നയിച്ചു. അമേരിക്കയുമായി ഒരു കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും നിലവിലെ ചർച്ചകളിൽ അമേരിക്ക പൂർണ തൃപ്തരല്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നുകിൽ ഇറാൻ തങ്ങളുടെ വ്യവസ്ഥകൾ പൂർണമായി അംഗീകരിക്കണം, അല്ലെങ്കിൽ മറ്റ് രീതിയിൽ തങ്ങൾക്ക് ഈ ദൗത്യം പൂർത്തിയാക്കേണ്ടി വരുമെന്ന മുന്നറിയിപ്പു ട്രംപ് നൽകി.