കൊച്ചി: മദ്യനയത്തിന്റെ കാര്യത്തില്‍ അടിയന്തരമായി യുഡിഎഫില്‍ കൂടിയാലോചന നടത്തണമെന്നു മന്ത്രി മോന്‍സ് ജോസഫ്. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ദ്വിദിന പഠന ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫില്‍ പ്രാഥമികമായ ചര്‍ച്ചകളേ നടന്നിട്ടുള്ളൂ. ഗൗരവമായ ചര്‍ച്ചകള്‍ ഇനിയും നടക്കണം. ചര്‍ച്ച വരുമ്പോള്‍ കെസിബിസിയുടെ നിലപാടിനൊപ്പമായിരിക്കും ചെയര്മാന് പി.ജെ. ജോസഫും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും.
പ്രകടനപത്രികാ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ സര്‍ക്കാര്‍ വികലമാക്കിയ നയം ഇനി തുടരാന്‍ പാടില്ല. പുതിയ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇനിയും കാലതാമസം പാടില്ല. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളില്‍നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മയക്കുമരുന്നിനെതിരേയും മദ്യവ്യാപനത്തിനെതിരേയും ശക്തമായ നിലപാടാണ്. ഘട്ടംഘട്ടമായി മദ്യവ്യാപനം തടയുകയായിരിക്കും യുഡിഎഫിന്റെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കമ്മീഷന് സെക്രട്ടറി ഫാ. തോമസ് സൈജു, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, റോയി മുരിക്കോലില്‍, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, വി.ഡി. രാജു, ദീപ്തി മേരി, എ.ജെ. ഡിക്രൂസ്, കെ.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ 32 രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും യുവജനങ്ങളുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. പ്രസാദ് കുരുവിള, ഫാ. ഡോ. അനൂപ് കളത്തിത്തറ, അഡ്വ. ചാര്‍ളി പോള്‍, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.