Movies
ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശയുടെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്.
ഉർവശിയുടേയും ജോജുവിന്റെയും പാതി മുഖങ്ങളാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
നായികയുടെ മുഖം പാതി മറയുമ്പോൾ അതിനുള്ളിൽ നിന്നും നായകന്റെ പകുതി മുഖം വെളിപ്പെടുന്ന ദൃശ്യം പോസ്റ്ററിലെ പ്രധാന ആകർഷണമാണ്.
ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയോ അല്ലെങ്കിൽ കഥയിലെ പ്രധാന സസ്പെൻസിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, 'പണി' ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ആശ.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. നടി ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയുമായി ആശയുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
Movies
ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടത്തി.
ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ദിലീപ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് റിലീസ് ചെയ്തു.
മേജർ രവി, നവ്യ നായർ, അജു വർഗീസ്, ഭഗത് മാനുവൽ, ഡോ. റോണി, സന്ദീപ് സേൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
റിലീസായ നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൾ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നീതു മാത്യു എഴുതുന്നു.
ഇഎംകെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്-അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്-റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ-ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്-എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ ഏബ്രഹാം, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പിആർഒ-എ.എസ്. ദിനേശ്.
Movies
വർഷങ്ങൾക്കുശേഷം ജയറാം-ഉർവശി ഒന്നിച്ച പരിമള ആൻഡ് കോ ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ചു. സിനിമയുടെ കഥാപശ്ചാത്തലത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പ്രേക്ഷകർക്കിടയിലുണ്ടായിരുന്ന വലിയ കാത്തിരിപ്പാണു മികച്ച തുടക്കത്തിനു കാരണം. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയിലൊട്ടാകെ 1.84 കോടി രൂപ ഗ്രോസ് കളക്ഷൻ കോടി.
പാണ്ഡിരാജ് സംവിധാനം ചെയ്ത കോമഡി ത്രില്ലർ, ഗുണ്ടാത്തലവന്റെ ദുരൂഹ മരണത്തെത്തുടർന്ന് ഒരു കുടുംബം നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണു പറയുന്നത്. മരണത്തിനു പിന്നിൽ തങ്ങളിൽ ആരോ ഒരാളാണെന്നു കുടുംബാംഗങ്ങൾ പരസ്പരം സംശയിക്കുന്നതോടെയാണ് കഥ വികസിക്കുന്നത്.
മിഷ്കിൻ, യോഗി ബാബു, സാന്റി, സന്തോഷ്, ശോഭൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോർജ് സി. വില്യംസ് ഛായാഗ്രഹണവും, ഫോക്സൻ സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് പ്രദീപ് ഇ. രാഘവാണ്. കലൈ കിംഗ്സനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
Movies
രസകരമായ വീഡിയോ പങ്കുവച്ച് ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. പുറത്തുപോകാനായി ഒരുങ്ങിയപ്പോൾ കുഞ്ഞാറ്റ ഇട്ട വസ്ത്രം സൂക്ഷിച്ചുനോക്കുന്ന ഉർവശിയെ വീഡിയോയിൽ കാണാം. ഇറക്കം കുറഞ്ഞ ഷോർട്സ് ആണ് കുഞ്ഞാറ്റ ധരിച്ചിരിക്കുന്നത്.
പിന്നീട് നേരെ ഉർവശിയുടെ മുഖത്തേയ്ക്കാണ് കാമറ പോകുന്നത്. ആ നോട്ടമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. ഒരു ശരാശരി മലയാളി അമ്മയുടെ എല്ലാ ഭാവങ്ങളും ആ മുഖത്തുണ്ട്.
നീ ഈ കോലത്തിലാണോ പുറത്തോട്ട് ഇറങ്ങുന്നത്? എന്ന ഒരുനോട്ടമാണ് ഉർവശിയുടേത്.
വിഡിയോയ്ക്ക് താഴെ കുഞ്ഞാറ്റ നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. "അമ്മയ്ക്ക് എന്റെ ഡ്രസ് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല, പക്ഷേ, ഞാൻ ഇടും!" എന്നായിരുന്നു കുഞ്ഞാറ്റ കുറിച്ചത്.
സിനിമയിൽ എത്ര വലിയ നടിയാണെങ്കിലും വീട്ടിൽ അമ്മമാർ ഒരേ ബ്രാൻഡ് തന്നെ!' എന്നാണ് ആരാധകരുടെ കമന്റുകൾ.
Movies
ജോലിസ്ഥലങ്ങളിൽ ഉർവശി പുലർത്തുന്ന ആത്മാർഥതയെക്കുറിച്ച് നടൻ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പരിമള ആൻഡ് കോ സിനിമയുടെ ചിത്രീകരണത്തിനിടയിൽ സഹോദരന്റെ മരണവാർത്ത അറിയാനിടയായ ഉർവശി ചിത്രീകരണം മുടക്കാതെ ആ നിമിഷത്തെ എങ്ങനെ നേരിട്ടു എന്നതാണ് ജയറാം പറയുന്നത്. ജീഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയറാമും ഉർവശിയും.
‘‘പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് വച്ച് നടക്കുന്ന സമയം. എല്ലാ ആര്ട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്ത്, വളരെ ടൈറ്റ് ഷെഡ്യൂളില് ഷൂട്ടിംഗ് നടക്കുകയാണ്. നാല് ദിവസമാണ് ഷൂട്ട് വച്ചിരിക്കുന്നത്. എല്ലായിടത്തു നിന്നും പെർമിഷൻ വാങ്ങി നടത്തുന്നതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് വീണ്ടും നീണ്ടുപോകും.
അങ്ങനെ ആദ്യത്തെ ദിവസം ഷൂട്ടിംഗ് ഹാഫ് ഡേ കഴിയുമ്പോള് കോള് വന്നു, ഉര്വശിയുടെ സഹോദരന് മരണപ്പെട്ടു എന്ന്. ആ അവസ്ഥ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കൂ, പക്ഷേ അപ്പോഴും ഉര്വശി, ‘രാത്രി എനിക്ക് കോയമ്പത്തൂരില് നിന്ന് ചെന്നൈയിലേക്ക് ഫ്ളൈറ്റ് ബുക്ക് ചെയ്യൂ’ എന്ന് പറഞ്ഞ് ബാക്കി ഷൂട്ടും കാര്യങ്ങളുമൊക്കെ പൂർത്തിയാക്കി.
അടുത്ത ദിവസം ചെന്നൈയില് പോയി മരണാനന്തര ചടങ്ങുകള് എല്ലാം കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് പാലക്കാട് സെറ്റിലേക്ക് തിരിച്ചെത്തി.
ആ സിനിമയിലെ ഏറ്റവും ഹ്യുമറസായ രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉര്വശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു.’’- ഇത് പറഞ്ഞതിന് ശേഷം ജയറാം തൊട്ടടുത്തിരുന്ന ഉര്വശിയുടെ കാല് തൊട്ട് തൊഴുതു.
ജയറാം ആയതുകൊണ്ട് മാത്രമാണ് തനിക്കത് സാധിച്ചത് എന്നാണ് ഉര്വശി പറയുന്നത്.
‘‘വേറൊരു ആര്ട്ടിസ്റ്റിനൊപ്പം കോമ്പിനേഷന് ചെയ്തിരുന്നുവെങ്കില്, ഞാന് ആ നിമിഷം എങ്ങനെ മാനേജ് ചെയ്യും എന്നെനിക്ക് അറിയില്ല. ജയറാമിന് എന്നെക്കാള് നന്നായി പഴ്നണലായി എന്റെ അനിയനെ അറിയാം. എന്റെ സഹോദരറെയും ജയറാമിന്റെയും സുഹൃത്തുക്കൾ കോമണാണ്. ജയറാമിന്റെ നാട്ടിലേക്ക് അവൻ ഇടയ്ക്കിടെ വരുമായിരുന്നു.
എന്നിട്ടും അനിയന്റെ മരണത്തെ കുറിച്ച് ഒരു വാക്ക് പോലും ജയറാം ചോദിച്ചില്ല. എന്തിന് ചെയ്തു, എന്തുകൊണ്ട് എന്നൊന്നും ചോദിച്ചില്ല. ആ ഒരു രംഗത്തെ കുറിച്ച് പറഞ്ഞ് ചിരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
എന്തെങ്കിലും ഒന്ന് ആ മരണത്തെ കുറിച്ച് ജയറാം ചോദിച്ചിരുന്നെങ്കില് ഞാന് അപ്സറ്റ് ആയിപ്പോയേനെ. ഇതെല്ലാം കഴിഞ്ഞ് പിറ്റേ ദിവസമാണ് ഞാൻ ആലോചിക്കുന്നത്, പറഞ്ഞതുപോലെ ഹ്യൂമറസ് ആയൊരു സീക്വൻസ് ആണല്ലോ അന്ന് ചിത്രീകരിച്ചതെന്ന്.
സംവിധായകൻ പാണ്ടിരാജും ഒരു വാക്കും ചോദിച്ചില്ല. ചിലർ ഫോർമലായി എന്തെങ്കിലും ചോദിക്കണമല്ലോയെന്ന് കരുതി വന്ന് ചോദിക്കും. അത് തെറ്റായി പറയുകയല്ല. കലാകാരന്മാർ പക്ഷേ അങ്ങനെ ചെയ്യില്ല.
ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കണമെന്ന് അവർക്ക് അറിയാം. നമ്മളുമായി കമ്യൂണിക്കേഷനുള്ള ആർട്ടിസ്റ്റിനൊപ്പം പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. ഞാനും ജയറാമും തമ്മിൽ ചില വിഷയങ്ങളൊന്നും കമ്യൂണിക്കേറ്റ് ചെയ്യേണ്ട ആവശ്യം തന്നെയില്ല. വളരെ വർഷങ്ങളായി അറിയാവുന്നവരല്ലേ. ജയറാമും ഞാൻ കടന്ന് പോയിട്ടുള്ള സാഹചര്യങ്ങൾ അനുഭവിച്ചയാളാണ്.
ഞാനും ജയറാമിന്റെ സഹോദരിയും ഒരുപോലെയാണ്. അവളുമായി ഞാൻ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. അമ്പതിനായിരം രൂപ കടം ചോദിക്കാൻ പോലും സിനിമാ താരമായാൽ നമുക്ക് കഴിയില്ല. ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും അമ്പതിനായിരം എടുക്കാനില്ലേയെന്നാണ് അവർ ചിന്തിക്കുക എന്നും ഉർവശി പറഞ്ഞു
ഈ വർഷം ജനുവരിയിലായിരുന്നു ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയിയുടെ അന്ത്യം. സായൂജ്യം, കോളിളക്കം, മഞ്ജു, കിങ്ങിണി, കല്യാണ സൗഗന്ധികം പോലുള്ള സിനിമകളില് കമല് റോയ് അഭിനയിച്ചിട്ടുണ്ട്.
Movies
നടൻ ശ്രീനിവാസനെ അവസാനമായി കാണാൻ ജയറാം വരാതിരുന്നത് ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജയറാമിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങൾ നൽകിയത് ശ്രീനിവാസനായിരുന്നുവെന്നും എന്നിട്ട് എന്തുകൊണ്ട് ജയറാം അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാനെത്തിയില്ല എന്നുമായിരുന്നു ചോദ്യങ്ങൾ.
ഇപ്പോഴിതാ ജയറാം വരാതെ ഇരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ഉർവശി.
ശ്രീനിവാസന് മരിച്ചപ്പോള് അവസാനമായി കാണാന് എത്താതിരുന്നത് തമിഴ് സിനിമയുടെ ഷൂട്ടിംഗ് തിരക്കില് ആയിരുന്നതിനാലാണെന്നും ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്വശി പറയുന്നു.
''ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില് ഒരു ക്രൂഷ്യല് സ്റ്റേജിലായിപ്പോയി. വല്ലാത്തെരാു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല് ആ സിനിമ പകുതിയില് നിന്നു പോകും.
നിന്നു പോയാല് സംവിധായകനേയും നിര്മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള് തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില് ആയിരുന്നതിനാലാണ്. ഇല്ലെങ്കില് ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം.
ജയറാമിന് വരാന് പറ്റാത്തതിന്റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള് രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില് ആ സിനിമയില് പെട്ടു പോയതാണ്. അല്ലെങ്കില് ജയറാം വരാതിരിക്കുമോ? എത്ര സിനിമകള് ചെയ്തവരാണ്.''ഉര്വശി പറഞ്ഞു.
Movies
ഫിലിംഫെയർ സൗത്ത് ഇന്ത്യൻ പുരസ്കാരം നേടി മടങ്ങുന്നതിനിടയിൽ നടി ഉർവശിയോട് ചില ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ച ചോദ്യവും അതിന് താരം പറഞ്ഞ മറുപടിയും ശ്രദ്ധേയമാകുന്നു.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്.
‘‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’’ എന്നായിരുന്നു ഓൺലൈൻ മീഡിയയുടെ ചോദ്യം.
‘‘അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം.
അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ.’’ ഉർവശിയുടെ മറുപടി ഇങ്ങനെയായിരുന്നു.
താരത്തിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പുരസ്കാരം സമ്മാനിച്ച നടി ഗൗരി നന്ദയും പ്രതികരണവുമായി എത്തി. ‘‘വാർത്തകൾ വളച്ചൊടിക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി’’ എന്നായിരുന്നു ഈ വീഡിയോയിൽ ഗൗരിയുടെ പരിഹാസം കലർന്ന കമന്റ്.
Movies
ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം. കേരള ടൂറിസവുമായി സഹകരിച്ച് കൊച്ചിയിലാണ് 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് നിശ അരങ്ങേറിയത്.
തന്റെ 16-ാമത് ഫിലിം ഫെയര് പുരസ്കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. മികച്ച നടന് വിഭാഗത്തില് നാമനിര്ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില് ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില് പങ്കുവച്ചു. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായും ‘ഭ്രമയുഗ’ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം അഞ്ച് പുരസ്കാരങ്ങള് കരസ്ഥമാക്കി . പൃഥ്വിരാജ് - മികച്ച നടന് (ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് -മികച്ച വരികള്, ജിതിന് രാജ് -മികച്ച ഗായകന്, കെ.ആര്. ഗോകുല് -മികച്ച നവാഗത നടന്, കെ.എസ്. സുനില് -മികച്ച ഛായാഗ്രഹണം എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്കിന്ധാകാണ്ഡം മികച്ച ചിത്രം -ക്രിട്ടിക്സ്, വിജയാരാഘവന്- മികച്ച സഹനടന് ഉള്പ്പെടെ നാല് പുരസ്കാരങ്ങള് നേടി.
മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബിന് മികച്ച നടി-ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അഭിമന്യു എസ്. തിലകന്, മേതില് ദേവിക എന്നിവര് മികച്ച നവാഗതതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഹെർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ ജോസ് മികച്ച സഹനടിയുമായി. വൈക്കം വിജയലക്ഷ്മിയാണു മികച്ച ഗായിക. സുഷിൻ ശ്യാമാണ് മികച്ച സംഗീതസംവിധായകൻ. ജോജു ജോർജ്(പണി), ജിതിൻലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരവും നേടി. ഉള്ളൊഴുക്കിനും ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
തെലുങ്ക് സിനിമാവിഭാഗത്തില് പുഷ്പ 2 ദ റൂള് അഞ്ച് പുരസ്കാരങ്ങള് നേടി മികച്ച ചിത്രമായി. അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളി നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. കല്ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല് അഗര്വാള് മികച്ച നടി -ക്രിട്ടിക്സ് പുരസ്കാരവും നേടി. തമിഴിൽ എട്ട് പുരസ്കാരങ്ങളുമായി അമരന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവകാര്ത്തികേയന് മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള് രാജ്കുമാര് പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരവും കാര്ത്തി മികച്ച സഹനടന് പുരസ്കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്വതി തിരുവോത്തും ലബ്ബര് പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.
കന്നഡയില് ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അക്ഷത പാണ്ഡവപുരയാണ് മികച്ച നടി. അന്തരിച്ച നടന് ശ്രീനിവാസനും ശ്രീകുമാരന് തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. തെന്നിന്ത്യൻ താരം ഭാവനയ്ക്ക് സിനി ഐക്കൺ അവാർഡും സമ്മാനിച്ചു.
Movies
ഉർവശി, കൽപ്പന, കലാരഞ്ജിനി സഹോദരിമാർക്ക് രണ്ടു സഹോദരൻമാരാണുള്ളത്. ഈ രണ്ടു സഹോദരൻമാരുടെ മരണവും അവരുടെ ജീവതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് സംവിധായകൻ ആലപ്പി അഷറഫ് തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
നമ്മെ തനിച്ചാക്കി നമ്മുടെ പ്രിയപ്പെട്ടവർ പലരും പൊലിഞ്ഞുപോകുമ്പോൾ, മുറിവുണങ്ങാത്ത വേദനയിൽ നമ്മൾ ആകെ പിടഞ്ഞുപോകും. സ്നേഹിച്ചും പങ്കുവെച്ചും ആഘോഷിച്ചും ജീവിച്ചുമൊക്കെ കൊതിതീരാതെ, മരണം നമ്മുടെ പ്രിയപ്പെട്ടവരെ പറിച്ചെടുക്കും.
ആ വേർപാടിൽ നമ്മൾ പകച്ചുനിൽക്കും. ഇപ്പോൾ അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന നടി ഉർവശിയുടെയും കലാരഞ്ജിനിയുടെയും അവരുടെ മാതാവ് വിജയലക്ഷ്മിയുടെയും ദുഃഖത്തിലാഴ്ന്ന നിമിഷങ്ങളിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ രണ്ട് സഹോദരന്മാരുടെ മരണവും ഇന്ന് ചർച്ച ചെയ്യപ്പെടുകയാണ്. വളരെ ചെറുപ്രായത്തിൽ 17ാമത്തെ വയസിൽ ജീവിതം അവസാനിപ്പിച്ച നന്ദു എന്ന പ്രിൻസ്, ആ കുടുംബത്തിൽ ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല.
എല്ലാവരും കൊഞ്ചിച്ചു വളർത്തി അകാലത്തിൽ പൊലിഞ്ഞ ഒരു സുന്ദരക്കുട്ടൻ. ആ മരണത്തിന്റെ ദുരൂഹതയുടെ ചുരുൾ ഇന്നും അഴിഞ്ഞിട്ടില്ല. രണ്ടാമത്തെ സഹോദരൻ കമൽ റോയി ഇപ്പോൾ മരണമടഞ്ഞു, അദ്ദേഹത്തിന് വർഷങ്ങൾക്കുമുമ്പ് ഒരു അപകടം സംഭവിച്ചിട്ടുണ്ടായിരുന്നു. ആ നിർഭാഗ്യ സംഭവത്തിൽ എനിക്കും വേദനയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്.
ചവറ വി.പി. നായരും വിജയലക്ഷ്മിയും ഒക്കെ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വങ്ങൾ ആയിരുന്നു. അഞ്ചു കുട്ടികളുമായി മദ്രാസിൽ താമസിക്കുന്ന കാലം മുതൽ എനിക്ക് ആ കുടുംബവുമായിട്ട് അടുപ്പമുണ്ടായിരുന്നു.
ഞാൻ ആർ കെ ലോഡ്ജിൽ താമസിക്കുമ്പോൾ ഒരു ദിവസം രാവിലെ ഒരു വാർത്ത വരുന്നു ചവറ വി.പി. നായർ വിടവാങ്ങി എന്ന് ഉടൻ തന്നെ ഞാനും നടൻ ജോണിയും കൂടി, ജോണിയുടെ ബൈക്കിൽ അങ്ങോട്ടേക്ക് വച്ചുപിടിച്ചു. മരണവീട്ടിലേക്ക് തിരിയുന്നതിനു മുൻപ് എതിരെ വന്ന ഒരാൾ ഞങ്ങളെ നോക്കി ചിരിച്ച് കൈ കാണിച്ചു.
രണ്ടുദിവസം മുൻപ് ആവടിയിലുള്ള ഒരു ഫാക്ടറിയുടെ വാർഷിക ആഘോഷ പരിപാടിയിൽ എന്റെ ഒരു ഷോ ഉണ്ടായിരുന്നു. എന്നോടൊപ്പം ജോണിയും വന്നിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഉണ്ണി എന്ന ചെറുപ്പക്കാരനായിരുന്നു അത്.
ബൈക്ക് നിർത്തിയപ്പോൾ ഉണ്ണി ചോദിച്ചു, ‘എവിടെ പോകുന്നു എന്ന്’. ഞങ്ങൾ പറഞ്ഞു, ചവറ വി.പി. നായർ ചേട്ടൻ പെട്ടെന്ന് മരിച്ചു ആ കാണുന്നതാണ് വീട് അങ്ങോട്ടേക്കാണ് പോകുന്നതെന്ന്. അത് കേട്ടയുടൻ ഉണ്ണി പറഞ്ഞു, ‘അയ്യോ എന്റെ നാട്ടുകാരനാണ്, എന്റെ ഒരകന്ന ബന്ധു കൂടിയാണ് ഞാനും വരുന്നു നിങ്ങളുടെ കൂടെ’ എന്ന്. അങ്ങനെ ഞങ്ങൾ മൂന്നുപേരും ചേർന്നാണ് അവിടെ എത്തിയത് മാനസികമായി ആകെ തകർന്നിരിക്കുന്ന വിജയലക്ഷ്മി ചേച്ചി തന്റെ നാട്ടുകാരനും ബന്ധുവും കൂടിയായ ഉണ്ണിയെ കണ്ടപ്പോൾ കൂടുതൽ ഇമോഷണൽ ആയി.
ഞാനും ജോണിയും ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം തിരികെ പോരുന്നു. എന്നാൽ ഉണ്ണി അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി അവിടെത്തന്നെ നിന്നു.
ആ ഉണ്ണിയാണ് പിൽക്കാലത്ത് ഇവരുടെ ഏറ്റവും വലിയ സംരക്ഷകനായി മാറിയത്. ഇത്രയും നല്ലൊരു മനസിന്റെ ഉടമയെ നമുക്ക് കാണാൻ കഴിയില്ല. ഉണ്ണിയുടെ ജീവിതം പിന്നീട് അങ്ങോട്ട് ഒരു സിനിമ കഥയെ വെല്ലുന്നതായിരുന്നു. തന്റെ ജീവിതമേ ഈ കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു. പറക്കമുറ്റാത്ത ഈ അഞ്ചു കുഞ്ഞുങ്ങളെയും വലിയ രീതിയിൽ എത്തിച്ചതിന്റെ പ്രധാന പങ്ക് വഹിച്ചത് ഉണ്ണിയാണെന്നുള്ളത് ആർക്കുമറിയില്ല.
കുട്ടികളുടെയെല്ലാം വിദ്യാഭ്യാസത്തിനും അഭിനയ ജീവിതത്തിനുമൊക്കെ വഴി വെച്ചതിന്റെ പിന്നിൽ ഉണ്ണിയുടെ കരങ്ങൾ ആയിരുന്നു. ഉർവശിയും കൽപ്പനയും കലാരഞ്ജിനിയും ഒക്കെ ഉന്നതിയിൽ എത്തിയപ്പോഴും അവരുടെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും അവസാന വാക്ക് ഉണ്ണിയുടേതായിരുന്നു.
കുട്ടികൾക്കെല്ലാം ബഹുമാനവും പേടിയും ഇഷ്ടവുമൊക്കെ ആയിരുന്നു ഉണ്ണി അങ്കിളിനോട്. അദ്ദേഹം തന്റെ സ്വന്തം ജീവിതം ആ കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു. ഇടയ്ക്കൊക്കെ എന്നെയും ജോണിയെയും കാണുവാനായി ആർകെ ലോഡ്ജിൽ എത്തുമായിരുന്നു. കുറച്ചുനേരം ഇരുന്ന് വിശേഷങ്ങളൊക്കെ പങ്കുവച്ച ശേഷം മാത്രമേ മടങ്ങി പോകാറുള്ളൂ.
ഉണ്ണിയും ഒരു നടനാണ് ‘ഗൊറില്ല’ എന്ന ചിത്രത്തിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട് ചില ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഉണ്ണി ഒരു നിയോഗം പോലെ ആ കുടുംബത്തെ ഭദ്രമാക്കിയപ്പോഴേക്കും ഉണ്ണിക്ക് മാരകമായ ഒരു അസുഖം ബാധിച്ച് മരണപ്പെട്ടു. ഉണ്ണി ആശുപത്രിയിൽ കിടക്കുമ്പോൾ കൽപ്പന എന്നോട് പറഞ്ഞത് ഞാൻ ഓർക്കുകയാണ്, ‘ഞങ്ങളുടെ മൂന്നുപേരുടെയും സകല സ്വത്തുക്കൾ വിറ്റിട്ടാണെങ്കിലും ചികിത്സയുടെ ഏതറ്റം വരെയും ഞങ്ങൾ പോകും. ഇത് ഞങ്ങൾ മൂന്നുപേരും കൂടി എടുത്ത തീരുമാനമാണ്.’
ഉണ്ണിയോട് അവർക്കുള്ള കടപ്പാടും സ്നേഹവും മനസ്സിലാക്കുവാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഇളയമകനായ പ്രിൻസ് എന്ന നന്ദുവിന്റെ നൊമ്പരപ്പെടുത്തുന്ന വേർപാടിനും ചില ദുസൂചനകളുണ്ട്. തുളസിദാസ് സംവിധാനം ചെയ്ത ‘ലയനം’ എന്ന ചിത്രത്തിൽ സിൽക്ക് സ്മിതയുടെ നായകനായിരുന്നു നന്ദു.
സിൽക്ക് സ്മിത അനാഥ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്ദുവിന് അവിടെ ഒരു ജോലി കൊടുക്കുന്നു. അവിടെ എത്തുന്ന മാതക നടിയായ അഭിലാഷ നന്ദുവിനെ വളക്കാൻ ശ്രമിക്കുന്നു, ഇതിനെ സിൽക് സ്മിത തടയുന്നു. പിന്നീട് സിൽക് സ്മിതയുമായി നന്ദു അടുക്കുന്നു. അങ്ങനെ അവർ തമ്മിൽ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു.
വിവാഹം കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ അവർ ഒന്നിച്ച് ജീവിതം അവസാനിപ്പിക്കുന്നു. ഇതായിരുന്നു ആ എ പടത്തിന്റെ കഥ. ‘ലയനം’ എന്ന സിനിമയുടെ അവസാന ഭാഗം പോലെ തന്നെയായിരുന്നു അവരുടെ ജീവിതത്തിലും സംഭവിച്ചത്.
സിൽക്ക് സ്മിതയും ജീവിതം സ്വയം അവസാനിപ്പിച്ചു, നന്ദുവും സ്വയം ജീവിതം അവസാനിപ്പിച്ചു. കൗമാരപ്രായത്തിൽ അപക്വമായ മനസിൽ ഉണ്ടാകുന്ന വിഭ്രാന്തിയിൽ നിന്നും ഉടലെടുക്കുന്നതാണ് ജീവിതം അവസാനിപ്പിക്കുക എന്നുള്ള തീരുമാനം.
വീട്ടുകാരോടൊന്ന് മനസുതുറന്ന് സംസാരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു നന്ദുവിന്റെ ഈ വേർപാട്, നന്ദുവിന്റെ ഈ തീരുമാനം. ഞാൻ 2006 മുതൽ രണ്ടു വർഷക്കാലം ജീവൻ ടിവിയിൽ പ്രോഗ്രാം ചീഫ് ആയിട്ട് ജോലി നോക്കിയിട്ടുണ്ട്. എനിക്ക് തൊട്ടുമുൻപ് ആ പോസ്റ്റിൽ ഇരുന്നത് ഈയിടെ അന്തരിച്ച സനൽ പോറ്റി ആയിരുന്നു. അന്നൊരിക്കൽ കൽപ്പന എന്നെ വിളിച്ചു പറയുന്നു, ‘ഇക്കാ എന്റെ സഹോദരൻ കമലിന് ജീവൻ ടിവിയിൽ ഒരു ജോലി കൊടുക്കാമോ എന്ന് അവന് ആ ജോലിയോട് താല്പര്യമുണ്ട് ഇക്കാ’, ഞാൻ ഉടൻ പറഞ്ഞു, ‘ശ്രമിക്കാം നോക്കാം’.
ജീവൻ ടിവിയുടെ എംഡിയായ ബേബി മാത്യു സോമതീരം സാറിനോട് സംസാരിച്ച ശേഷം ,തിരിച്ചു വിളിക്കാം എന്നും കൽപ്പനക്ക് ഉറപ്പ് കൊടുത്തു. ആ സമയത്ത് കമലിന്റെ അവസ്ഥ അൽപം മോശമായിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം സീരിയൽ താരമായ രേഖയെ വിവാഹം കഴിച്ചിരിക്കുന്ന സമയമായിരുന്നു. രേഖയുമായിട്ടുള്ള വിവാഹത്തിനെ വീട്ടുകാർ എതിർത്തില്ല. രേഖ അന്ന് അത്യാവശ്യം തിരക്കുള്ള ഒരു സീരിയൽ നടിയായിരുന്നു. ഇദ്ദേഹത്തിന് ഒരു ജോലി അത്യാവശ്യവുമായിരുന്നു. രേഖയെക്കുറിച്ച് പറയുകയാണെങ്കിൽ രേഖയുടെ പിതാവ് രതീഷ് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു. മാതാവ് രാധാദേവി പഴയകാല നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഒക്കെ ആയിരുന്നു.
രതീഷ് എന്റെ ഒരു സുഹൃത്തുമായിരുന്നു. അവർ രണ്ടുപേരും ഇപ്പോഴില്ല. അങ്ങനെ അടുത്ത ദിവസം കൽപ്പന എന്നോട് പറഞ്ഞ സഹോദരന്റെ ജോലിക്കാര്യം ഞാൻ ജീവൻ ടിവി എംഡിയുമായി സംസാരിച്ചു.
അദ്ദേഹം അതിന് പൂർണ അനുമതി തന്നു. ഞാൻ ഉടൻ തന്നെ കൽപ്പനയെ വിളിച്ചു വിവരം പറഞ്ഞു, ‘എംഡി ഓക്കെയാണ് കമൽ അദ്ദേഹത്തെ വന്നൊന്ന് കാണണം വരേണ്ട ദിവസവും പറഞ്ഞു. അതിനുശേഷം കമൽ എന്നെ വിളിച്ചുപറഞ്ഞു, ഞാൻ ഉണ്ണിയാർച്ച എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി കൊയിലാണ്ടിയിലാണ് ഇക്കാ പറഞ്ഞ ദിവസം ഞാൻ കൃത്യമായി വന്നു കണ്ടുകൊള്ളാമെന്ന്. പിന്നീട് എന്നെ വിളിച്ചുപറയുന്നു, ‘ഞാൻ പുറപ്പെട്ടു നാളെ രാവിലെ അവിടെ എത്തുമെന്ന്.’
അങ്ങനെ ജീവൻ ടിവിയിലേക്ക് പുറപ്പെട്ട കമൽ രാത്രിയിൽ വഴിയരികിൽ തുറന്നിരുന്ന ഒരു കടയുടെ മുൻപിൽ കാർ നിർത്തി അവിടെ നിന്നും ഒരു പാക്കറ്റ് വിൽസും അവിടെ തൂക്കിയിട്ടിരുന്ന ബോബനും മോളിയും എന്ന കാർട്ടൂൺ മാസികയും വാങ്ങി അവിടെനിന്ന് ഒരു സിഗരറ്റ് പുകച്ചുകൊണ്ട് തിരിച്ചു നടക്കുമ്പോൾ അതാ പുറകിൽ നിന്നും വടിവാളിന് ഒരു വെട്ടും ഒരു ഇരുമ്പുവടിക്ക് ഒരടിയും. എന്താണ് സംഭവിച്ചതെന്ന് ഒന്നും മനസിലാകാതെ രക്തത്തിൽ കുളിച്ച് ബോധരഹിതനായി നിലത്ത് വീണു. ആരാണ് എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ഒടുവിൽ പോലീസ് എത്തിയപ്പോൾ കമലിന്റെ മൊബൈൽ ഫോൺ ബെൽ അടിക്കുന്നു. പോലീസ് ആയിരുന്നു ഫോൺ എടുത്തത് മറുപുറത്ത് മനോജ് കെ. ജയൻ ആയിരുന്നു. മനോജിനോട് പോലീസ് കാര്യങ്ങൾ വിശദീകരിച്ചു.
എത്രയും പെട്ടെന്ന് അമൃത ഹോസ്പിറ്റലിലേക്ക് എത്തിക്കുവാൻ മനോജ് അവരോട് അഭ്യർത്ഥിച്ചു. ഉർവശി അപ്പോൾ എറണാകുളത്ത് ഷൂട്ടിംഗ് ആവശ്യത്തിനായി വൈറ്റ് ഫോർട്ട് എന്ന ഹോട്ടലിൽ തങ്ങുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത അയ്യോ പാവിയായ ഒരു മനുഷ്യനാണ് ഇങ്ങനെ സംഭവിച്ചത്.
സിഗരറ്റ് വാങ്ങിയ കടയുടെ പരിസരത്ത് മുസ്ലിം ലീഗ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷവും തല്ലുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. കമലിന്റെ ഏകദേശ രൂപമുള്ള ഒരാൾ ഇതിൽ പങ്കാളിയായിരുന്നു. പകരം വീട്ടാൻ കാത്തിരുന്നവരുടെ മുൻപിൽ രാത്രിയുടെ വെളിച്ചത്തിൽ വന്നെത്തിയത് കമൽ ആയിരുന്നു. അവർക്കറിയില്ലല്ലോ ഇത് കമലാണെന്ന്. അവർ പ്രതീക്ഷിച്ച ആളാണെന്ന് കരുതി പണിനടത്തി. ആറുമാസം കോമയിൽ.
ഹോസ്പിറ്റലിൽ നിന്നും തൃപ്പൂണിത്തുറയിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ഞാൻ കമലിനെ കാണാൻ ചെല്ലുന്നത്. എന്റെ മുഖത്തേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കിയിരുന്നു. കമലിന്റെ ദയനീയമായ ആ മുഖം ഇന്നും എന്റെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. അന്ന് ഒരു കാര്യം കണ്ട് ഞാൻ അദ്ഭുതപ്പെട്ടു ന്റെ തലയോട്ടിയുടെ ഒരു ഭാഗം ഊരിയെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നു. തലയുടെ ആ ഭാഗം എന്തൊക്കെയോ വെച്ച് മൂടപ്പെട്ടിരിക്കുന്നു. കുറച്ചുനാൾ കഴിഞ്ഞേ അത് തിരികെ വയ്ക്കുകയുള്ളൂ. ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയാണ് കാണുകയാണ്.
എനിക്ക് ആശ്ചര്യവും സങ്കടവും തോന്നി. അന്ന് ഞാൻ അവിടെ ചെല്ലുമ്പോൾ നടി രേഖ അവിടെ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞ് അവർ ആ ബന്ധം വേർപെടുത്തി, മറ്റൊരു വിവാഹം കഴിച്ചുപോയി.
കമലിന്റെ മരണം അറിഞ്ഞ് രാവിലെ ഞാൻ കലാരഞ്ജിനിയെ വിളിച്ചപ്പോൾ കലാരഞ്ജിനി സങ്കടത്തോടെ പറയുന്നു ‘അവൻ പോയി ഇക്കാ, ഇക്കായെ കാണാൻ വരുമ്പോഴല്ലായിരുന്നോ അപകടമുണ്ടായത്. മരണത്തിന് ഇപ്പോഴത്തെ കാരണം ഹൃദയസ്തംഭനമാണ്,’. ആദ്യ വിവാഹത്തിൽ കമലിനൊരു മകനുണ്ട് അവർ വിദേശത്താണ് അവൻ ബഹ്റൈനിൽ നിന്നും ഉച്ചകഴിഞ്ഞെത്തും അവൻ വന്നതിനുശേഷമേ അടക്കമുണ്ടാകൂ. ഇവിടെ ഏറ്റവും വലിയ സങ്കടകരമായ അവസ്ഥ എന്താണെന്ന് വച്ചാൽ അമ്മ ജീവിച്ചിരിക്കെ കൽപ്പന ഉൾപ്പെടെയുള്ള മൂന്നു മക്കളുടെയും മരണം അവർ കാണേണ്ടിവന്നു എല്ലാം പെട്ടെന്നുള്ള വേർപാടുകൾ ഒരു യാത്ര ചോദിക്കലിന് പോലും കാത്തുനിന്നില്ല കൂടാതെ പെൺകുട്ടികളുടെ ജീവിതത്തിലെ ബന്ധങ്ങളുടെ ചരടഴിയുന്നതും നിസഹായയായി നോക്കിനിൽക്കേണ്ടിവന്നു.
ഇതെല്ലാം ഉൾക്കൊള്ളാനും സഹിക്കാനും അവർക്ക് സാധിക്കുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ അതും ഒരദ്ഭുതമാണ്. ഒരു കടുത്ത ഈശ്വരവിശ്വാസി ആയതിനാൽ ഇതെല്ലാം ഈശ്വര നിശ്ചയമാണെന്ന് കരുതിയാണ് ആശ്വാസം കണ്ടെത്തുന്നത്.
ഒരു സഹോദരിയെയും രണ്ട് സഹോദരന്മാരെയും നഷ്ടപ്പെട്ട കലാരഞ്ജിനിയുടെയും ഉർവശിയുടെയും ഹൃദയവേദന നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. ‘യുവജനോത്സവം’ എന്ന സിനിമയിൽ വേദിയിൽ കമൽ പാടുന്ന ഒരു ഗാനരംഗമുണ്ട്, ‘ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു’. കമൽ റോയിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം ആ കുടുംബത്തിന് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. മരണങ്ങളൊക്കെ ഒരുതരം പ്രതികാരമാണ് ജനിച്ചപ്പോൾ നോക്കി ചിരിച്ചവരെയൊക്കെ പൊട്ടിക്കരയിപ്പിച്ചു കൊണ്ടുള്ള പ്രതികാരം.
Movies
ഏറെ ഇഷ്ടപ്പെടുന്ന കമൽഹാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഉര്വശിയുടെ മകളും നടിയുമായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. കുഞ്ഞായിരിക്കുമ്പോൾ താൻ വാശിപ്പിടിച്ച് കരഞ്ഞിരുന്ന സമയത്ത് തന്നെ എടുത്തുകൊണ്ട് നടന്നയാളാണ് കമൽഹാസനെന്നും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ ലഭിച്ച സമയത്തിന് എന്നും നന്ദിയുള്ളവളായിരിക്കുമെന്നും തേജാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഉർവശിക്കൊപ്പം ചെന്നൈയിലെ കമൽഹാസന്റെ ഓഫീസിലായിരുന്നു ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
വൈകാരിക കുറിപ്പോടെയാണ് തേജലക്ഷ്മി ഉർവശിക്കും കമൽഹാസനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.
വർഷം 2025, സൈമ അവാർഡ്സ് (SIIMA Awards). ഞാൻ എന്റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമൽ സാറും. അമ്മയ്ക്കും സ്റ്റേജിൽ കയറേണ്ട തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ മറന്നുപോയി.
ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു ഹായ് പറയുമെന്ന് മനസിൽ കണക്കുകൂട്ടുകയുമായിരുന്നു.
സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകൾ കാരണം പരിപാടിയിൽ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാൻ ശരിക്കും കരഞ്ഞുപോയി.
അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു. എനിക്കിപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’.
അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കാണാം’. ആ നിമിഷം മുതൽ, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ‘ ആ ഒരു ദിവസം’വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.
ഒടുവിൽ ആ ദിവസം വന്നെത്തി!! എന്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകൾ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു. എല്ലാത്തിനുമുപരി, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി.
ശരിയായ സമയമാകുമ്പോൾ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂർത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ’. തേജാലക്ഷ്മി കുറിച്ചു.
Kerala
കൊച്ചി: ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉര്വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്ത്ത അറിഞ്ഞപ്പോള് എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്.
ശ്രീനിയേട്ടന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു.
ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള് മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്വശി അനുസ്മരിച്ചു.
Movies
റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തുന്നത് തേജാ ലക്ഷ്മി. ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ്.
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാഞ്ചിമാല എന്ന ചിത്രത്തിന്റെ പ്രാധാന്യം വർധിക്കുന്നു.
അജു വർഗീസ്, സിദ്ദീഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശനാട് കനകം, ശോഭാ മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കഥ - ഭാനു ഭാസ്ക്കർ. ഗാനങ്ങൾ - റഫീഖ് അഹമ്മദ്. സംഗീതം - ബിജിപാൽ, രമേഷ് നാരായണൻ, ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - രാജീവ് കോവിലകം. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ. സ്റ്റിൽസ് - അജേഷ്, കോഡയറക്ടർ - ഷിബു ഗംഗാധരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹാരിസൺ. ഡിസൈൻ പ്രമേഷ്പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.
ജനുവരി പതിനാലിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, കൊല്ലം, തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോൾഡൻ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് അതിസുന്ദരിയായാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയെത്തിയത്.
സ്പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. തേജലക്ഷ്മിയുടെ ബോൾഡ്നെസിനെയും ആരാധകർ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമർശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ലെന്നാണ് കമന്റുകൾ.
സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് കുഞ്ഞാറ്റ്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’.
Movies
നടി ഉര്വശിക്കൊപ്പമുള്ള മനോഹരമായ ചിത്രവുമായി നടി ശോഭന. കൊച്ചി വിമാനത്താവളത്തില്വച്ച് ഉര്വശിയെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് ശോഭന പങ്കുവച്ചത്. ഉർവശിയുടെ കവിളിൽ ഉമ്മ നൽകുന്നൊരു ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മനോഹരമായൊരു കുറിപ്പും ചിത്രത്തിനൊപ്പം ശോഭന പങ്കുവച്ചു.
‘കൊച്ചിയിലേക്ക് ഇത്രയുമധികം വിമാനയാത്രകള് നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്പോലും ഉര്വശി ജിയെ കണ്ടുമുട്ടാതിരുന്നത് എന്താണെന്ന് ഞാന് ആലോചിച്ചിട്ടുണ്ട്. അവള് ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ്.
എന്റെ നമ്പര് അവളുടെ ഫോണില് എനിക്ക് സേവ് ചെയ്യണമായിരുന്നു. ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരഞ്ഞു. അവൾക്കും അതൊരു വൈകാരിക നിമിഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവള് ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്’, ശോഭന കുറിച്ചു.
Movies
ജോജു ജോർജിനേയും ഉർവശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഫർ സനൽ ഒരുക്കുന്ന ആശ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും തൃക്കാക്കരയിൽ വച്ചു നടന്നു. സിനിമ രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
സഫർ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫർ സനലും ജോജു ജോർജും, രമേശ് ഗിരിജയും ചേർന്നാണ്. ‘പണി’ എന്ന ചിത്രത്തിനുശേഷം ജോജു തിരക്കഥ എഴുതുന്ന സിനിമ കൂടിയാണിത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിൽ ഉർവശി, ജോജു ജോർജ് എന്നിവർക്കൊപ്പം പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം മധു നീലകണ്ഠന് ISC, എഡിറ്റിംഗ് ഷാൻ മുഹമ്മദ്, സംഗീതം മിഥുന് മുകുന്ദന്, സൗണ്ട് ഡിസൈൻ അജയൻ ആദത്, പ്രൊഡക്ഷൻ ഡിസൈൻ വിവേക് കളത്തിൽ, മേക്കപ്പ് ഷമീർ ഷാ, കോസ്റ്റ്യൂം സുജിത് സി.എസ്.
സ്റ്റണ്ട് ദിനേശ് സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് രതീഷ് പിള്ള, അസോസിയേറ്റ്സ് ജിജോ ജോസ്, ഫെബിൻ എം. സണ്ണി, സ്റ്റിൽ അനുപ് ചാക്കോ, പിആർഒ ആതിര ദിൽജിത്ത്, ഡിസൈൻ യെല്ലോടൂത്ത് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കും.