International
ടെഹ്റാൻ: അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കാൻ താത്പര്യമില്ലെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്നും ഇറാൻ.
13 ദിവസത്തെ തുടർച്ചയായ ബോംബിംഗിനുശേഷം ഇറാനിൽ ആക്രമണം നിർത്തിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചയ്ക്കുവേണ്ടിയാണ് ഇതെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ മൈക്ക് വാൾട്സ് പിന്നീട് വിശദീകരിച്ചു.
എന്നാൽ, അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അവരുടെ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പ്രതികരിച്ചു.
അമേരിക്ക ആക്രമണം നിർത്തിയാൽ ഇറാനും നിർ ത്തുമെന്ന് ടെഹ്റാനിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനു മറുപടി ആക്രമണം എന്നതാണ് ഇറാന്റെ നിലപാട്.
ഇതിനിടെ, അമേരിക്ക ഇറാനിൽ ബോംബിംഗ് നിർത്തിയത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിയാൻ സഹായിച്ചു. കഴിഞ്ഞയാഴ്ച വീപ്പയ്ക്കു നൂറു ഡോളറിനു മുകളിൽപ്പോയ ബ്രെന്റ് ഇനം ക്രൂഡ് വില ഇന്നലെ 90നു താഴെയെത്തി.
അതേസമയം, ഗൾഫിൽനിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയെത്തുന്ന സുപ്രധാന പാതയിലെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇന്നലെ രാവിലെ അനുമതിയില്ലാതെ ഹോർമുസിലൂടെ കടക്കാൻ ശ്രമിച്ച ആറു കപ്പലുകളെ ഇറാൻ തിരിച്ചയച്ചു. ഇതിലൊരു കപ്പൽ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാൻ നിർദേശിക്കുന്ന പാതിയലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും ഇതര മേഖലകൾ അപകടകരമാണെന്നും ഇറേനിയൻ വൃത്തങ്ങൾ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയെന്ന വാർത്തകൾ തള്ളി പ്രസിഡന്റ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളുള്ളത് അമേരിക്കയ്ക്കാണെന്നും അത് ആവശ്യത്തിലധികമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് ഉത്കണ്ഠ വേണ്ടെന്ന് യുഎസിന്റെ യുഎൻ അംബാസഡർ മൈക്ക് വാൾട്സും പറഞ്ഞു. ഇറാനെതിരേ യുദ്ധം ചെയ്യാൻ ആവശ്യമുള്ളത് അമേരിക്കയ്ക്കുണ്ടെന്നും അടിസ്ഥാനമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും വാൾട്സ് കൂട്ടിച്ചേർത്തു.
വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ ശേഖരം കുറഞ്ഞതു മൂലമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് നിർത്തിവച്ചതെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തത്.
ഇത്തരം സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയുടെയും ഗൾഫിലെ സഖ്യകക്ഷികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് സൈനിക ഉപദേശകർ ട്രംപിനു മുന്നറിയിപ്പു നല്കിയത്രേ.
ഇതിലുപരി ആക്രമണത്തിനു പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്ന വിലയിരുത്തലും യുഎസ് നേതൃത്വത്തിനുണ്ട്. ചർച്ചാ മേഖലയിലേക്കു തള്ളിവിടുന്നതിനു പകരം ഇറാനിൽ ഐക്യം വളർത്താനാണത്രേ ആക്രമണങ്ങൾ ഉപകരിക്കുന്നത്.
International
അസ്താന: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ടു മാസം നീണ്ട ദൗത്യം പൂർത്തിയാക്കി അമേരിക്കൻ-റഷ്യൻ ബഹിരാകാശ യാത്രികർ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി.
ഞായറാഴ്ച കസാക്കിസ്ഥാനിലെ സ്റ്റെപ്പി പുൽമേടുകളിലാണ് ഇവർ സഞ്ചരിച്ച പേടകം ലാൻഡ് ചെയ്തത്.
നാസയുടെ ബഹിരാകാശ യാത്രികനായ ക്രിസ് വില്യംസ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സെർജി കുഡ് സ്വെർച്കോവ്, സെർജി മികായേവ് എന്നിവരടങ്ങിയ സംഘമാണ് സൊയൂസ് എം-28 എന്ന പേടകത്തിൽ തിരിച്ചിറങ്ങിയത്.
ബഹിരാകാശനിലയത്തിൽ 241 ദിവസമാണു മൂന്നംഗസംഘം ചെലവഴിച്ചത്.
International
വാഷിംഗ്ടൺ ഡിസി: നിർബന്ധിത തൊഴിൽ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയ തീരുവയിൽ, ഇന്ത്യ കുറഞ്ഞ സ്ലാബിൽ ഇടം നേടി.
നേരത്തെ ഇന്ത്യക്ക് 12.5 ശതമാനം തീരുവ ചുമത്താനാണു യുഎസ് തീരുമാനിച്ചതെങ്കിലും തൊഴിൽനയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളെയും ഇന്ത്യയുടെ വിദേശവ്യാപാര നയത്തിലെ ഭേദഗതികളെയും തുടർന്നാണ് നിരക്ക് കുറച്ചത്.
തീരുവയിലെ ഇളവിനെ ഇന്ത്യ സ്വാഗതം ചെയ്തു. യുഎസുമായുള്ള വിപുലമായ ഉഭയകക്ഷി വ്യാപാരക്കരാർ എത്രയും വേഗം യാഥാർഥ്യമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടാൻ ഈ തീരുമാനം സഹായിക്കുമെന്ന് വാണിജ്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഓഫീസ് ഓഫ് ദി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് വ്യാഴാഴ്ച പുറത്തുവിട്ട ഉത്തരവുപ്രകാരം 60 രാജ്യങ്ങൾക്ക് മേലാണ് 10 മുതൽ12.5 ശതമാനം വരെ പുതിയ തീരുവ ചുമത്തിയിട്ടുള്ളത്. ഇതിൽ യുകെ, കാനഡ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മെക്സിക്കോ എന്നിവയുൾപ്പടെ 17 രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തിയിട്ടുള്ളത്.
ചൈന, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് 12.5 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് യുഎസ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ മത്സരക്ഷമത നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.
International
റിയാദ്: യുഎസ്-ഇറാൻ സംഘർഷത്തിനു താത്കാലിക ഇടവേള. അതേസമയംതന്നെ സൗദിയും ഇറാന്റെ പിന്തുണയുള്ള ഹൂതികളും ഏറ്റുമുട്ടി.
വെള്ളിയാഴ്ച യെമനിലെ ഹൊദെയ്ദ തുറമുഖവും അതിനടുത്ത കമാരാൻ ദ്വീപും ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിനു പിന്നാലെ സൗദിയിലെ യാൻബുവിലേക്കും ജിസാനിലേക്കും ഹൂതികൾ മിസൈൽ തൊടുത്തു.
യാൻബുവിലെ സൗദി എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ വെടിച്ചിട്ടുവെന്നാണു റിപ്പോർട്ട്. അതേസമയം, ജിസാൻ നഗരത്തിൽ മിസൈലാക്രമണത്തെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായെന്നു ഹൂതി വൃത്തങ്ങൾ അവകാശപ്പെട്ടു.
ഹൂതികൾ ചെങ്കടലിൽ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിലൂടെ വന്ന സൗദി എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു.
ഇതിനിടെ, വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും യുഎസ് -ഇറാൻ ഏറ്റുമുട്ടലുണ്ടായില്ല. 13 ദിവസത്തിനു ശേഷമാണ് ഇരു വിഭാഗവും ആക്രമണത്തിൽനിന്നു വിട്ടുനിന്നത്. ഇതിനു മുന്‍പുള്ള ദിവസങ്ങളിൽ ഇറാനിൽ അമേരിക്ക ബോംബിടുന്നതും മറുപടിയായി ഇറാൻ അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുന്നതും പതിവായിരുന്നു.
ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഒമാനിൽനിന്നുള്ള പ്രതിനിധി സംഘം ഇന്നലെ ഇറാനിലെത്തി. അമേരിക്കയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്.
ഇറാൻ വിഷയത്തിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. ഇറാനുമേൽ കൂടുതൽ ആക്രമണം നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഹോർമുസ് വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും അടുത്തയാഴ്ച ലണ്ടനിൽ ഉച്ചകോടി നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
കപ്പലിനു നേർക്ക് യുഎസ് വെടി
റിയാദ്: ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച വാണിജ്യകപ്പലിനു നേർക്ക് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
ഒമാൻ ഉൾക്കടലിൽ നാലു തവണ ഉപരോധം മറികടക്കാൻ ശ്രമിച്ച എം.വി. ലാവിൻ എന്ന കപ്പലിനു നേർക്ക് വെടിയുതിർക്കേണ്ടിവന്നു. അമേരിക്കൻ സേന നല്കിയ നിർദേശം കപ്പൽ ജീവനക്കാർ അനുസരിക്കാൻ തയാറായില്ല. തുടർന്ന് കപ്പലിന്റ എൻജിൻ റൂമിലേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ കപ്പൽ പ്രവർത്തനരഹിതമായി.
International
മനില: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. ലാവ്റോവുമായി തുറന്ന ചർച്ചയാണുണ്ടായത്. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റൂബിയോ തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് ലാവ്റോവ് അറിയിച്ചു. ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കഴിഞ്ഞ വർഷം അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണ പാലിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
മനില: അമേരിക്ക ചർച്ചയ്ക്കു സന്നദ്ധമാണെന്നും എന്നാൽ, ഇറാൻ ഇക്കാര്യത്തിൽ ഗൗരവം കാണിക്കുന്നില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ ആസായിൻ കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവത്തോടെയുള്ള സമീപനം ഇറാനിൽനിന്ന് ഉണ്ടായില്ലെങ്കിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ നടപടികളുണ്ടാകും.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനു വിട്ടുകൊടുക്കാനാവില്ല. അത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. ചൈനയുമായി സമുദ്രാതിർത്തി തർക്കമുള്ള ആസിയാൻ രാജ്യങ്ങളടക്കം അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റൂബിയോ ഓർമിപ്പിച്ചു.
ഇതിനിടെ, ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥശ്രമങ്ങൾ സജീവമാണ്. പത്തു ദിവസത്തേക്കു വെടിനിർത്താനുള്ള നിർദേശം മധ്യസ്ഥരിൽനിന്നു ലഭിച്ചതായി ഇറേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനിലെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനി പാക്കിസ്ഥാനിലെത്തി. മധ്യസ്ഥശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം പാക്കിസ്ഥാനോട് അഭ്യർഥിച്ചു.
ചെങ്കടൽ പ്രതിസന്ധി
ഇതിനിടെ, ചെങ്കടലിലേക്കുള്ളപ്രവേശന കവാടമായ ബാബ് അൽ മൻഡെപിൽ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന ആക്രമണം ആഗോള എണ്ണവ്യാപാരമേഖലയിൽ പുതിയ പ്രതിസന്ധിക്കു വഴിവച്ചു.ചൊവ്വാഴ്ച സൗദിയിൽനിന്ന് എണ്ണയുമായി വന്ന മൂന്നു ടാങ്കറുകളെയാണ് ഹൂതികൾ ലക്ഷ്യമിട്ടത്.
ഇതേത്തുടർന്ന് മൂന്നു കപ്പലുകളും സൗദിയിലേക്കു മടങ്ങി. ഹൂതികൾ തിങ്കളാഴ്ച സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ആക്രമണം തുടരുന്നു
ചൊവ്വാഴ്ചയും ഇന്നലെയും ഇറാൻ-യുഎസ് സംഘർഷം തുടർന്നു. ഇറാനിലെ പലവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
കുവൈത്ത്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ തിരിച്ചടിച്ചതായി ഇറാനിലെ വിപ്ലവഗാർഡും അറിയിച്ചു. ജോർദാനിൽ യുഎസിന്റെ ഡ്രോണുകൾ തകർത്തുവെന്ന് വിപ്ലവഗാർഡ് അവകാശപ്പെട്ടു.
International
ഹൈദരാബാദ്: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ചയാണ് അപകട വിവരം ഹൈദരാബാദിലുള്ള ബന്ധുക്കൾക്ക് ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് (ഇന്ത്യൻ സമയം) കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. നാസിയ സൽമ, ഇവരുടെ മകൾ, മകൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ക്ക് നവീദ്, ഇളയ മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ സൈദാബാദ് സ്വദേശിയായ നവീദ് 10 വർഷം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അവിടുത്തെ പോലീസിൽ നിന്നും അപകടവിവരം അറിഞ്ഞതെന്ന് നവീദിന്റെ പിതാവ് ഷെയ്ക്ക് അബ്ദുൾ സയീദ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് അമേരിക്കയിലേക്ക് പോകുന്നതിനായി അടിയന്തര വിസ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.
National
ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര മേഖലകളെയും കര്‍ഷകരെയും തകര്‍ക്കുമെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി.
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച ദേശ് ബചാവോ (രാജ്യത്തെ രക്ഷിക്കുക) മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
സോയാബീന്‍, ചോളം, പരുത്തി, എഥനോള്‍, ആപ്പിള്‍, ബദാം, ക്ഷീരോത്പന്നങ്ങള്‍, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറച്ചതും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളെ തകര്‍ക്കുമെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിര്‍ദിഷ്ട കരാറിന്റെ പ്രധാന വിവരങ്ങള്‍ പരസ്യമാക്കാത്തതിലും ചര്‍ച്ചകളിലെ സുതാര്യതയില്ലായ്മയിലും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.
വ്യാപാരക്കരാറിന്റെ രേഖകളെല്ലാം കേന്ദ്രം ഉടന്‍ പരസ്യപ്പെടുത്തണം. കര്‍ഷകര്‍, തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി സമഗ്രമായ ചര്‍ച്ചകള്‍ നടത്താതെ ഒരു കരാറിലും ഒപ്പുവയ്ക്കരുതെന്നും ദേശ് ബചാവോ മോര്‍ച്ച ആവശ്യപ്പെട്ടു.
സബ്സിഡി ലഭിക്കുന്ന അമേരിക്കന്‍ കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നതു ദുരന്തമാകും. അമേരിക്കയിലെ വന്‍കിട കര്‍ഷകരോട് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ചെറുകിട-നാമമാത്ര കര്‍ഷകരെ തള്ളിവിടുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
ഇന്ത്യയിലെ ക്ഷീരമേഖല മാത്രം ഏകദേശം 80 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി. ക്ഷീരകര്ഷര്ക്കുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യവും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുടനീളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്കി.
ന്യൂഡൽഹി: ഡല്‍ഹിയില്‍നിന്നു ഹരിയാനയിലേക്കുള്ള പ്രവേശനകവാടമായ ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ വന്‍ മാര്‍ച്ചിനെ ഹരിയാന പോലീസ് തടഞ്ഞത്. 2024ലെ ഡല്‍ഹി ചലോ-2 സമരത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണു ശംഭു അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലും ബാരിക്കേഡുകളും സ്ഥാപിച്ചത്. ദേശീയ തലസ്ഥാനത്തേക്കു കര്‍ഷകര്‍ പ്രവേശിക്കുന്നതു തടയാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഇരുമ്പ് ആണിക്കൂടുകളും പല നിരകളായുള്ള ബാരിക്കേഡുകളും ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ കോട്ട കെട്ടിയത്.
പോലീസ് തടഞ്ഞതോട കര്‍ഷകര്‍ അതിര്‍ത്തിയെ സമരവേദിയാക്കി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (പഞ്ചാബ് ഘടകം), ആസാദ് കിസാന്‍ മോര്‍ച്ച, ബികെയു ഏകതാ സംഘര്‍ഷ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ വാഹനവ്യൂഹങ്ങള്‍ എത്തിയെന്ന് കര്‍ഷക നേതാവ് സര്വാന് സിംഗ് പന്ധേര് പറഞ്ഞു. ഡല്‍ഹിയില്‍ ഒത്തുചേരാനുള്ള ജനാധിപത്യ അവകാശം ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പ്രൊഫഷണൽ കിക്ക്ബോക്സറുമായ ആൻഡ്രൂ ടെറ്റും (39) സഹോദരൻ ട്രിസ്റ്റൻ ടെറ്റും (38) അമേരിക്കയിൽ അറസ്റ്റിലായി.
ബ്രിട്ടീഷ് അധികൃതർ ഇരുവർക്കുമെതിരേ 38 പുതിയ ക്രിമിനൽ കുറ്റങ്ങൾകൂടി ചുമത്തിയതിനു പിന്നാലെ യുഎസ് മാർഷൽസ് സംഘമാണ് മിയാമിയിൽനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബ്രിട്ടനിലേക്കു നാടുകടത്തുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
പുതിയ കുറ്റപത്രങ്ങൾ കൂടി വന്നതോടെ ഇരുവർക്കുമെതിരേയുള്ള കേസുകളുടെ എണ്ണം 59 ആയി ഉയർന്നു. ഇതിൽ ആൻഡ്രൂ ടെറ്റ് 42 കേസുകളും ട്രിസ്റ്റൻ 17 കേസുകളുമാണ് നേരിടുന്നത്.
2010 ജൂലൈ മുതൽ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നടന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങളിലാണ് യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ആൻഡ്രൂ ടെറ്റിനെതിരേ ഏഴ് പുതിയ ബലാത്സംഗക്കേസുകൾ, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ട്രിസ്റ്റൻ ടെറ്റിനെതിരേ രണ്ടു ബലാത്സംഗക്കേസുകൾ, ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിനു സൗകര്യമൊരുക്കൽ തുടങ്ങിയ കുറ്റങ്ങളാണുള്ളത്.
ബ്രിട്ടീഷ്-യുഎസ് ഇരട്ട പൗരത്വമുള്ളവരാണ് ടെറ്റ് സഹോദരന്മാർ. നേരത്തേ റുമേനിയയിലും സമാനമായ മനുഷ്യക്കടത്ത്, ബലാത്സംഗ കേസുകളിൽ ഇവർ വിചാരണ നേരിട്ടിരുന്നു. അതേസമയം തങ്ങൾക്കെതിരേയുള്ള എല്ലാ കുറ്റങ്ങളും ടെറ്റ് സഹോദരന്മാർ നിഷേധിച്ചു.
ബ്രിട്ടനിൽ തങ്ങൾ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെ പ്രതിരോധിക്കാൻ വേണ്ടി മനഃപൂർവം കെട്ടിച്ചമച്ച രാഷ്ട്രീയപ്രേരിതമായ നീക്കമാണ് പുതിയ കുറ്റപത്രങ്ങളെന്ന് ഇവരുടെ അഭിഭാഷകനായ ജോസഫ് മക്ബ്രൈഡ് ആരോപിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. ജോർദാനിലെ അൽ-അസ്റഖ് വ്യോമതാവളത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പോർവിമാനങ്ങളെ ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.
അൽ-അസ്റഖ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന അമേരിക്കൻ എഫ്-18 ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ തങ്ങളുടെ ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച ഇറാനിലെ ഒരു കാൻസർ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നും ഇറാൻ വ്യക്തമാക്കി.
തുടർച്ചയായ ആറാം ദിവസവും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, പ്രധാന പാലങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് യുഎസ് ആക്രമണത്തിൽ തകർന്നത്. ഇറാനിലെ ദക്ഷിണ ഭാഗത്തുള്ള പാലങ്ങളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് അമേരിക്കയിലെയും യൂറോപ്പിലെയും തങ്ങളുടെ വിപണി പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. മാതൃ കമ്പനിയായ ഓപ്പോ നടത്തുന്ന ആഗോള പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഈ ആഴ്ച തന്നെ വൺപ്ലസ് തങ്ങളുടെ യുഎസ്, യൂറോപ്പ് പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തുടങ്ങിയേക്കും. ചൈനയ്ക്ക് പുറത്തുള്ള വൺപ്ലസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ഈ പുനഃസംഘടന ബാധിച്ചേക്കാമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ആഗോള സ്മാർട്ട്ഫോൺ വിപണിയിലുണ്ടായ വൻ ഇടിവും വർധിച്ചുവരുന്ന നിർമാണച്ചെലവുമാണ് കമ്പനിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ കടുത്ത ദൗർലഭ്യം കാരണം 2026ൽ ആഗോള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 13 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് ഐഡിസി , കൗണ്ടർപോയിന്റ് റിസർച്ച് എന്നീ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.
ഉപഭോക്താക്കൾ പഴയ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നതും പുതിയ ഫോണുകളുടെ വിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്. 2026ന്റെ രണ്ടാം പാദത്തിൽ ഓപ്പോയുടെ ആഗോള കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനീസ് ആഭ്യന്തര വിപണിയിൽ വൺപ്ലസ് ബ്രാൻഡ് നിലനിർത്താനാണ് ഓപ്പോയുടെ തീരുമാനം.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വൺപ്ലസിന് പകരം തങ്ങളുടെ മറ്റൊരു സബ് ബ്രാൻഡായ റിയൽമിക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ റിയൽമി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ റിപ്പോർട്ടുകളോട് വൺപ്ലസോ ഓപ്പോയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബിസിനസ് നിർത്തലാക്കിയാലും, നിലവിൽ വൺപ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിപണിയിലുള്ള നിലവിലെ ഡിവൈസുകൾക്ക് കൃത്യമായ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ആഫ്റ്റർ സെയിൽസ് സർവീസുകളും കമ്പനി തുടർന്നും നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ ഇതിന്റെ ഔദ്യോഗിക ടൈംലൈൻ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ തീരദേശ പട്ടണമായ മെയ്നിൽ യുവാവിനെ വെടിവച്ചുകൊന്നു.
ഇരുപത്തിയാറുകാരനായ കൊളംബിയൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനു നേരേ വെടിയുതിർക്കുകയായിരുന്നെന്നാണ് ഐസിഇ അധികൃതർ വിശദീകരിക്കുന്നത്.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുവാവിനെ അന്വേഷിച്ചെത്തിയതായിരുന്നു ഏജൻസി. എന്നാൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് യുവാവ് വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയായിരുന്നെന്ന് ഐസിഇ പ്രസ്താവനയിൽ പറഞ്ഞു.
Business
ന്യൂയോർക്ക്: പാരാമൗണ്ടും വാർണർ ബ്രദേഴ്സും തമ്മിലുള്ള ലയനം തടയാൻ യുഎസിലെ 12 സംസ്ഥാനങ്ങൾ ഒന്നിച്ചു.
ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ ലയനം കുത്തക സൃഷ്ടിക്കാൻ കാരണമാകുന്നതിലൂടെ മത്സരസാധ്യത ഇല്ലാതാക്കുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിക്കുന്നതിന് കാരണമാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനങ്ങൾ നിയമനടപടി നടത്തുന്നത്.
പാരാമൗണ്ടിന്റെയും വാർണർ ബ്രദേഴ്സിന്റെയും ഹെഡ്ക്വാർട്ടേഴ്സുകളും പ്രൊഡക്ഷൻ സ്റ്റുഡിയോകളും സ്ഥിതിചെയ്യുന്ന കലിഫോർണിയയുടെ നേതൃത്വത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പാരാമൗണ്ട് 110 ബില്യണ്‍ ഡോളറിനാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കാനൊരുങ്ങുന്നത്.
ആന്റിട്രസ്റ്റ് (കുത്തകവിരുദ്ധ) നിയമവ്യവഹാരവുമായി മുന്നോട്ട് പോകുന്നതിനോടൊപ്പം തന്നെ, ഈ ലയനം ഉടനടി തടയുന്നതിനായി ഒരു പ്രാഥമിക നിരോധന ഉത്തരവിനും അവർ അപേക്ഷ നൽകിയിട്ടുണ്ട്.
ഈ ഇടപാട് തിയറ്ററുകൾക്കും ടെലിവിഷൻ വിതരണക്കാർക്കും ദോഷം ചെയ്യുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുമെന്നും അതുപോലെ തന്നെ ജീവനക്കാരുടെ വേതനത്തിൽ കുറവുണ്ടാക്കുമെന്നും ന്യൂയോർക്ക്, അരിസോണ, മിനസോട്ട ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിച്ചു.
Business
ന്യൂജഴ്സി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ എട്ടാമത്തെ ഷോറൂം ന്യൂജഴ്സിയിൽ തുറന്നു. ഇസെലിനിലുള്ള 42 മാർക്കോണി അവന്യുവിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം വുഡ്ബ്രിഡ്ജ് ടൗൺഷിപ് മേയർ ജോൺ ഇ മക്കോർമക്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ നിർവഹിച്ചു.
കലിഫോർണിയ, നാപെർവില്ലേ, ഷിക്കാഗോ, ടെക്സസ്, എഡിസൺ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ അമേരിക്കയിലെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നത്.
2016ലാണ് അമേരിക്കയിൽ ജോയ്ആലുക്കാസ് ആദ്യ ഷോറൂം ആരംഭിച്ചത്. പത്താം
വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഷോറൂമിൽനിന്നും ഗോൾഡ്, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്കു പണിക്കൂലിയിൽ ഫ്ലാറ്റ് 30 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, ഓരോ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളും നൽകും.
പ്രീമിയം ജ്വല്ലറി ഷോപ്പിംഗ് അനുഭവം ലഭിക്കുന്ന രീതിയിൽ അത്യാധുനിക ഫീച്ചറുകളോടെയാണു പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്. ആധുനികവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ അതിവിപുല കളക്ഷനുകൾ ഷോറൂമിലുണ്ട്. വാർഷിക ഓഫറുകൾ 19 വരെയും, ഉദ്ഘാടന ഓഫറുകൾ 26വരെയും ലഭ്യമാകുമെന്നു ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് അറിയിച്ചു.
International
ദുബായ്: ഹോർമുസിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം കനക്കുന്നതിനിടെ ഇറാനുമേലുള്ള നാവിക ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചു. ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്തുമെന്നും ഹോർമുസ് അമേരിക്ക കൈകാര്യം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ അറിയിച്ചു. "ഇറാനുമേലുള്ള നാവിക ഉപരോധം പുനഃസ്ഥാപിച്ചു. ഇറാന്റെ കപ്പലുകൾ വരാനും പോകാനും അനുവദിക്കില്ല. മറ്റു രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാം.
കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിനാണ് ടോൾ ഏർപ്പെടുത്തിയിരിക്കുന്നത് '' -ട്രംപ് അറിയിച്ചു.ഇന്നലെ ഇറാനിലെ ഒട്ടേറെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തി. വ്യോമപ്രതിരോധ സംവിധാനം, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംവിധാനങ്ങൾ, ചെറു ബോട്ടുകൾ എന്നിവയുൾപ്പെടെയാണ് യുഎസ് ആക്രമണത്തിനിരയായത്.
ഇറാനുനേർക്ക് അമേരിക്ക സൂയിസൈഡ് ഡ്രോണുകൾ പ്രയോഗിച്ചു. ബഹറിൻ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ നാലാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടായത്. യുഎസ് ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഇറാനിലെ അബാദാനിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഹോർമോസ്ഗാൻ, ഖുസെസ്ഥാൻ, മർകാസി പ്രവിശ്യകളിൽ യുഎസ് ആക്രമണമുണ്ടായി. സാധാരണക്കാർക്കുനേരേ ഇറാൻ ആക്രമണം നടത്തിയെന്ന് ബഹറിൻ കുറ്റപ്പെടുത്തി.
കുവൈറ്റ് ഓയിൽ കന്പനിയുടെ എണ്ണഖനന കേന്ദ്രത്തിനുനേരേയുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുവൈറ്റിന്റെ വടക്കൻ അതിർത്തിയിലേക്കും ഇറാൻ ആക്രമണം നടത്തി. ബഹറിനിലെയും കുവൈറ്റിലെയും യുഎസ് വ്യോമതാവളങ്ങളിൽ കനത്ത നാശമുണ്ടാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലുള്ളതാണെന്നും അവിടെ ഇടപെടാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് പറഞ്ഞു. യുദ്ധത്തിനു മുന്‍പുള്ളതുപോലെ ഹോർമുസ് തുറക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാവ് കാജാ കല്ലാസ് ആവശ്യപ്പെട്ടു.
നിയന്ത്രണം കടുത്തതോടെ ഇതുവഴി ചുരുക്കം കപ്പലുകൾ മാത്രമാണു കടന്നുപോയത്. ഇതിനിടെ, ഇറാൻ നേതൃത്വത്തിൽ ഭിന്നത പ്രകടമായി. ചർച്ചയിൽ സമവായത്തിലെത്തണമെന്ന് ഭരണനേതൃത്വത്തിലെ ഒരുവിഭാഗം വാദിക്കുന്നു. അമേരിക്കയോടു പ്രതികാരം ചെയ്യണമെന്നാണ് റവലൂഷണറി ഗാർഡ് ആവശ്യപ്പെടുന്നത്.
International
ഇസ്ലാമബാദ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയോടും ഇറാനോടും പരമാവധി ആത്മസംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് പാക്കിസ്ഥാൻ.
മേഖലയിലെ ആശങ്കാജനകമായ സാഹചര്യം കണക്കിലെടുത്ത് പാക് ഉപപ്രധാനമന്ത്രി ഇഷാദ് ദാർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി.
2026 ജൂണിൽ ഒപ്പുവച്ച ഇസ്ലാമബാദ് ധാരണാപത്രം അനുസരിച്ച് ഇരുപക്ഷവും സംഘർഷത്തിൽ നിന്നുപിന്മാറണമെന്നും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ അതീവരഹസ്യമായി പദ്ധതി തയാറാക്കിയതായി ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രയേൽ അമേരിക്കയ്ക്കു കൈമാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുകയും മേഖലയിൽ സമ്പൂർണ യുദ്ധഭീതി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
നാറ്റോ ഉച്ചകോടിക്കുശേഷം തുർക്കിയിൽനിന്നു മടങ്ങാൻ ട്രംപ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി പഴയ വിമാനം ഉപയോഗിച്ചതു നേരത്തേ വലിയ ചർച്ചയായിരുന്നു.
ട്രംപിനെ വധിക്കാനുള്ള ഇറാന്റെ നീക്കങ്ങളെക്കുറിച്ച് അമേരിക്ക നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും എന്നാൽ ഇസ്രയേൽ ഇപ്പോൾ നൽകിയ മുന്നറിയിപ്പ് തികച്ചും പുതിയതും ഒരു പ്രത്യേക പദ്ധതിയെക്കുറിച്ചുള്ളതുമാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കങ്ങളെക്കുറിച്ചാണ് വിവരങ്ങൾ ലഭിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണലും സ്ഥിരീകരിച്ചു.
Sports
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026ന്റെപ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരം ഫോളറിന് ബലോഗന്റെ സസ്പെന്ഷന് ഫിഫ നീക്കിയത് വിവാദത്തിലേയ്ക്ക്. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്പെന്ഷന് നീക്കിയത്.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്പെന്ഷന് പിന്‍വലിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്.
ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്പെന്ഷന് പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ താരം യോഗ്യനായി.
ഫിഫയുടെ തീരുമാനത്തില്‍ അതിശയം രേഖപ്പെടുത്തിയ റോയല്‍ ബെല്‍ജിയന്‍ ഫുട്ബോള്‍ അസോസിയേഷന്, നിയമപരമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ ഓട്ടോമാറ്റിക് സസ്പെന്ഷന് ലഭിക്കണം എന്നത് നിര്‍ബന്ധമാണെന്ന് ബെല്‍ജിയം ചൂണ്ടിക്കാട്ടുന്നു.
ഈ ലോകകപ്പിലെ മറ്റ് താരങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമായപ്പോള് ബലോഗന് മാത്രം പ്രത്യേക ഇളവ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന് വ്യക്തമാക്കുന്നു.
അമേരിക്കന്‍ മുന്നേറ്റനിരയിലെ പ്രധാന താരമായ ബലോഗന് ഈ ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.
ബലോഗന്റെ സാന്നിധ്യം അമേരിക്കന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെങ്കിലും, ഫിഫയുടെ ഈ തീരുമാനം കളത്തിന് പുറത്ത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
Tech
യുഎസും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തർക്കങ്ങൾ മുറുകുന്നതിനിടയിൽ, ചൈനീസ് ടെക് ഭീമന്മാരായ അലിബാബ തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. ജൂലൈ 10 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും.
ആന്ത്രോപിക് കമ്പനിയുടെ ജനപ്രിയ എഐ പ്രോഗ്രാമിംഗ് ടൂളായ ക്ലോഡ് കോഡിനെ ഉയർന്ന സുരക്ഷാസാധ്യതയുള്ള സോഫ്റ്റ്വെയറുകളുടെ പട്ടികയിലാണ് അലിബാബ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി കമ്പനിയുടെ സ്വന്തം എഐ കോഡിംഗ് ടൂളായ ക്വോഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്കും അവരുടെ വിദേശ അനുബന്ധ സ്ഥാപനങ്ങൾക്കും തങ്ങളുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആന്ത്രോപിക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും ചില സാങ്കേതിക ലൂപ്പ്ഹോളുകൾ വഴി ചൈനയിലെ ഉപയോക്താക്കൾ ക്ലോഡ് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇത് തടയാൻ ആന്ത്രോപിക് രഹസ്യമായി ചില നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കമ്പനി തന്നെ ഇത് പിൻവലിച്ചതായി വ്യക്തമാക്കി.
യുഎസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകളുമായി ചൈനീസ് കമ്പനികൾ വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം ബീജിംഗ് ആസ്ഥാനമായുള്ള ഇസഡ്.എഐ എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ 'GLM-5.2' എന്ന മോഡൽ കോഡിംഗ് രംഗത്ത് സിലിക്കൺ വാലിയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ എഐ മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.
ക്ലോഡ് ഫാബിൾ 5 , മൈത്തോസ് 5 തുടങ്ങിയ അത്യാധുനിക എഐ മോഡലുകൾക്ക് മേൽ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയതായും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള എഐ സാങ്കേതിക യുദ്ധം കൂടുതൽ ശക്തമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
NRI
നോർത്ത് കരോലിന: രണ്ടുവയസുകാരനായ മകനെ വധിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ പിതാവ് പിടിയിൽ. തെലുങ്കാനയിൽ വേരുകളുള്ള കിരൺ നേത പസനൂരിയാണ് (41) പോലീസ് പിടിയിലായത്.
തലയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
International
വാഷിംഗ്ടൺ: യുഎസിലെ നോർത്ത് കരോലിനയിൽ രണ്ടുവയസുകാരനായ മകനെ വധിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ പിതാവ് പിടിയിൽ.
തെലുങ്കാനയിൽ വേരുകളുള്ള കിരൺ നേത പസനൂരി (41) എന്നയാളാണ് പോലീസ് പിടിയിലായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ തലയിൽ ഗുരുതരമായ പരിക്കുകളാണ് പിതാവ് വരുത്തിയതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
International
ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ സമാധാനക്കരാർ ചർച്ചയിൽ നിർണായക പുരോഗതി. ദോഹയിൽ പാക്, ഖത്തർ മധ്യസ്ഥർ യുഎസ്, ഇറാൻ പ്രതിനിധികളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണാപത്രത്തിന്റെ വിവിധ വശങ്ങളിൽ പുരോഗതിയുണ്ടായതായാണ് റിപ്പോർട്ട്.
ഖത്തർ, പാക്കിസ്ഥാൻ മധ്യസ്ഥർ ഇന്നലെ ദോഹയിൽ യുഎസ്, ഇറേനിയൻ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ധാരണാപത്രത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ മികച്ച പുരോഗതിയുണ്ടായതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇനിയുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം നടക്കും. ചർച്ചകൾ തുടരാൻ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം അടുത്ത യോഗം തീരുമാനിക്കുമെന്നു പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും ഇതേ പ്രസ്താവന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചർച്ചകളിൽ പുരോഗതിയുണ്ടായെങ്കിലും ചില തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക മരവിപ്പിച്ച ഇറാന്റെ ഫണ്ടുകളുടെ ആദ്യഗഡു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയസ്’റിപ്പോർട്ട് ചെയ്തു.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ എക്സിക്യുട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി.
ഒമ്പത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ട്രംപിന്റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ ഉത്തരവാണ് കോടതി തള്ളിയത്.
ട്രംപിന്റെ ഉത്തരവ് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1868-ൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച്, അമേരിക്കയിൽ ജനിക്കുന്നതോ സ്വാഭാവിക പൗരത്വം ലഭിച്ചതോ ആയ വ്യക്തികൾ യുഎസ് പൗരന്മാരാണ്. 150 വർഷം പഴക്കമുള്ള ഈ ഭരണഘടനാ തത്വം മാറ്റാൻ ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും തയാറായില്ല.
2025 ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപ് ആദ്യ ദിവസം ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
District News
ചെറുപുഴ: മലയോര ഹൈവേയിൽ പെരിങ്ങാല ഇറക്കത്തിൽ ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും വരികയായിരുന്ന തെക്കേടത്ത് ബസും മഞ്ഞക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും, കാറുമാണ് കൂട്ടിയിടിച്ചത്.
ഓട്ടോറിക്ഷയെ മറികടന്ന് വന്ന കാറിലിടിക്കാതിരിക്കാൻ ബസ് ബ്രേക്കിടുകയും ബസ് നിരങ്ങി റോഡിന് കുറെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പിൻഭാഗം നിരങ്ങി വന്ന് കാറിലിടിക്കുകയും കാർ ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവർ ചെറുപുഴ പാക്കഞ്ഞിക്കാട്ടെ സി.എ. സുഭാഷ് (52), ഭാര്യ സിന്ധു സുഭാഷ് (45), കാർ യാത്രികൻ വെള്ളോറയിലെ പുതിയാപറമ്പിൽ പി.ജെ. ജോസ് (83) എന്നിവർക്കാണ് പരിക്കേറ്റത്. സുഭാഷിനേയും ഭാര്യ സിന്ധുവിനേയും ചെറുപുഴ ലീഡർ ആൻഡ് പൾസ് ആശുപത്രിയിലും പി.ജെ. ജോസിനെ കരുവഞ്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിനും കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപറ്റി. അപകടത്തെത്തുടർന്ന് ഏറെ നേരം മഞ്ഞക്കാട്-ആലക്കോട് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ പ്രാപ്പോയിൽ പെരുവട്ടം രയറോം വഴി തിരിച്ചുവിടുകയായിരുന്നു. ആലക്കോട് പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും നേതൃത്വം നൽകി. അപകടത്തിന് തൊട്ടുമുന്‍പ് ശക്തമായ മഴ പെയ്യുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി. നിരവധി അപകടങ്ങളുണ്ടായ സ്ഥലമാണിത്.
NRI
വാഷിംഗ്ടൺ ഡിസി: വിദേശയാത്ര കഴിഞ്ഞ് തിരികെ അമേരിക്കയിലേക്ക് എത്തുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ പ്രതിസന്ധി. ക്രിമിനൽ കുറ്റാരോപണങ്ങളിൽ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെങ്കിൽ പോലും ഇങ്ങനെയുള്ളവർക്ക് സാധാരണ രീതിയിലുള്ള പ്രവേശനം നിഷേധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു.
6-3 ഭൂരിപക്ഷത്തിലാണ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2012-ൽ വ്യാജ ഉത്പന്നങ്ങൾ വിറ്റതിന് അറസ്റ്റിലായ മക് ചോയ് ലൗ എന്ന ചൈനീസ് സ്വദേശിയുടെ കേസിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം.
കേസ് നിലനിൽക്കെ ഇയാൾ വിദേശത്തുപോയി തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഈ നടപടിയെ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
ഈ വിധി സർക്കാരിന് ഗ്രീൻ കാർഡ് ഉടമകളുടെ മേൽ അമിത അധികാരം നൽകുമെന്നും ഇമിഗ്രേഷൻ നിയമങ്ങൾ അട്ടിമറിക്കാൻ ഇത് കാരണമാകുമെന്നും വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് കെതാൻജി ബ്രൗൺ ജാക്സൺ മുന്നറിയിപ്പ് നൽകി.
International
വാഷിംഗ്ടൺ: ഇറാന്റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ഇറാന്റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന.
ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
National
ന്യൂഡൽഹി: ഇടക്കാല വ്യാപാരക്കരാറിനായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ പുരോഗതി ഡൽഹിയിൽ ചേർന്ന ദ്വദിന മന്ത്രിതല ചർച്ചയിൽ ഇന്ത്യയും യുഎസും വിലയിരുത്തി.
വിപണിയിലെ സാന്നിധ്യം, ഡിജിറ്റൽ വ്യാപാരം, നികുതിയിതര തടസങ്ങൾ എന്നിവയാണ് പ്രധാനചർച്ചാവിഷയങ്ങളായത്.അടുത്തമാസം 24 ന് മുന്‍പ് ഇടക്കാല കരാർ യാഥാർഥ്യമാക്കാനാണ് ഇരുപക്ഷത്തിന്റെയും ധാരണ.
ഉഭയകക്ഷി വ്യാപാര കരാർ എന്ന പേരിലാണ് ധാരണ.
NRI
ബെർലിൻ: പശ്ചിമേഷ്യയെയാകെ ഉലച്ചുകൊണ്ടിരിക്കുന്ന യുഎസ് - ഇറാൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നിർണായക ചർച്ചകൾക്കായി അമേരിക്കൻ, ഇറാനിയൻ നയതന്ത്ര പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്വിറ്റ്സർലൻഡിലെത്തുന്നത്.
നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന ആദ്യഘട്ട ചർച്ചകൾ ലെബനനിലെ കടുത്ത യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വൈകിയിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവിഭാഗവും ചർച്ചകൾക്ക് തയാറായി മുന്നോട്ട് വന്നത് ആഗോളതലത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ജി7 ഉച്ചകോടിയുടെ പശ്ചാത്തലവും 60 ദിവസത്തെ വെടിനിർത്തലും
കഴിഞ്ഞ ദിവസം ഫ്രാൻസിൽ സമാപിച്ച ജി7 ഉച്ചകോടിയിൽ ഈ സമാധാന ചർച്ചകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരുന്നു.
60 ദിവസത്തെ ട്രൂസ്
വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഒരു പ്രാഥമിക സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
കരാർ പ്രകാരം ആദ്യം 60 ദിവസത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വരും.
ലക്ഷ്യം
ഈ 60 ദിവസത്തിനുള്ളിൽ ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാനും സ്ഥിരമായൊരു സമാധാന അന്തരീക്ഷം മേഖലയിൽ ഉറപ്പാക്കാനുമുള്ള വിശദമായ ചർച്ചകൾ ഇരുവിഭാഗവും പൂർത്തിയാക്കും.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഈ നീക്കത്തെ "ഗെയിം ചേഞ്ചർ' എന്നാണ് വിശേഷിപ്പിച്ചത്.
ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ആശ്വാസം; എണ്ണവില കുറഞ്ഞേക്കും
യുഎസ്-ഇറാൻ യുദ്ധം കാരണം അന്താരാഷ്ട്ര തലത്തിൽ എണ്ണ, ഗ്യാസ് വിതരണം വലിയ പ്രതിസന്ധിയിലായിരുന്നു. പ്രത്യേകിച്ച് ഈ യുദ്ധത്തെത്തുടർന്ന് തടസപ്പെട്ട സ്ട്രെയിറ്റ് ഓഫ് ഹോർമുസ് കപ്പൽപ്പാത ചർച്ചകൾ വിജയകരമാകുന്നതോടെ വീണ്ടും തുറക്കപ്പെടും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം പുനരാരംഭിക്കുകയും ഇത് യൂറോപ്പിലെയും ജർമനിയിലെയും ഇന്ധനവില ഗണ്യമായി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഇന്ധനങ്ങൾക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ ജി7 രാജ്യങ്ങൾ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലെ സ്വിറ്റ്സർലൻഡ് ചർച്ചകൾ ലോകത്തിന്റെ തന്നെ സാമ്പത്തിക-രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്നതാകും.
NRI
ബെർലിൻ: ലോകത്തെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ യുഎസ് - ഇറാൻ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഒപ്പുവെച്ച ചരിത്രപ്രധാനമായ സമാധാന കരാറിന് പിന്നാലെ നയതന്ത്ര ലോകത്ത് വൻ നാടകീയ നീക്കങ്ങൾ.
തുടർചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് തിരിക്കാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ സുപ്രധാന യാത്ര വൈറ്റ് ഹൗസ് പെട്ടെന്ന് റദ്ദാക്കി.
ഇറാനുമായുള്ള സമാധാന ഉടമ്പടിയുടെ ധാരണാപത്രം പൂർണ്ണമായും അന്തിമമായിട്ടില്ലെന്നും, സാങ്കേതിക ചർച്ചകൾക്കുള്ള പദ്ധതികൾ പുരോഗമിക്കുന്നതേയുള്ളൂ എന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.
ഇതോടെ ഫ്രാൻസിലെ ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് രൂപപ്പെട്ട സമാധാനാന്തരീക്ഷത്തിൽ വീണ്ടും ട്വിസ്റ്റുകൾ സംഭവിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
യാത്ര റദ്ദാക്കിയെങ്കിലും ചർച്ചകൾ തുടരും; വാൻസ് പ്രതിരോധത്തിൽ
അൽ ജസീറ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വൈസ് പ്രസിഡന്റിന്റെ യാത്ര തത്കാലം മാറ്റിവച്ചെങ്കിലും ചർച്ചകളിൽ നിന്നും അമേരിക്ക പിന്മാറിയിട്ടില്ല.
വരും ദിവസങ്ങളിൽ തന്നെ ഒരു ഉന്നതതല യുഎസ് പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കുന്നത്.
കരാറിനെതിരെ അമേരിക്കയ്ക്കുള്ളിൽ നിന്നും സഖ്യകക്ഷിയായ ഇസ്രായേലിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ജെ.ഡി. വാൻസ് കരാറിനെ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇറാനുമായി 60 ദിവസത്തെ ഔദ്യോഗിക ചർച്ചാ കാലയളവ് ആരംഭിച്ചതായും വരാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് യുഎസ് പൂർണസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിലെ ഇസ്രായേൽ വിരുദ്ധ വിമർശനങ്ങളെ വാൻസ് തള്ളിക്കളയുകയും ചെയ്തു.
വെർസായ് കൊട്ടാരത്തിലെ ചരിത്രപരമായ ഒപ്പുവയ്ക്കൽ
110 ദിവസം നീണ്ടുനിന്ന കടുത്ത യുഎസ് - ഇറാൻ സൈനിക സംഘർഷത്തിന് വിരാമമിടാൻ രൂപപ്പെടുത്തിയ 14 ഇന സമാധാന കരാറിന്റെ ധാരണപത്രത്തിൽ (MoU) യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്.
ഫ്രാൻസിലെ വെർസായ്സ് കൊട്ടാരത്തിൽ ജി7 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ടെഹ്റാനിലിരുന്ന് ഡിജിറ്റലായി ഇതിൽ ഒപ്പുവെക്കുകയായിരുന്നു.
"ഇസ്ലമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്' എന്നറിയപ്പെടുന്ന ഈ കരാർ പ്രകാരം പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം നിലവിൽ വന്നിട്ടുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇരു രാജ്യങ്ങളും ഒപ്പുവച്ച ചരിത്രപരമായ ഉടമ്പടിയിലെ പ്രധാന നിബന്ധനകൾ ഇവയാണ്:
നാവിക ഉപരോധം പിൻവലിക്കും: ലോക സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹുർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഉപരോധം അമേരിക്ക പിൻവലിക്കും. ഇതോടെ ഇറാന്റെ എണ്ണക്കയറ്റുമതി പുനരാരംഭിക്കും.
300 ബില്യൺ ഡോളറിന്റെ ഫണ്ട്: ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ അമേരിക്ക വിട്ടുനൽകും. കൂടാതെ യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ട് യുഎസ് അനുവദിക്കും.
ആണവ പദ്ധതികൾക്ക് പൂട്ട്: ഇതിന് പകരമായി ഇറാന്റെ ആണവ പദ്ധതികൾക്ക് മേൽ അതീവ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കരാർ നിലവിൽ വന്നെങ്കിലും ലബനാനിൽ ഇസ്രായേൽ ഇപ്പോഴും ആക്രമണം തുടരുന്നത് പശ്ചിമേഷ്യയിൽ കനത്ത ആശങ്ക നിലനിർത്തുന്നുണ്ട്.
ഇതിനിടയിൽ വാൻസിന്റെ യാത്ര റദ്ദാക്കിയത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
International
ഒബ്ബർഗൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയതായി യുഎസ് ട്രഷറി അറിയിച്ചു.
സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ഓഗസ്റ്റ് 21-ന് അർധരാത്രി 12:01 വരെ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി ഇറാന് നൽകിയതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്ക് നീക്കം ഉറപ്പാക്കുമെന്ന ഇറാന്റെ ഉറപ്പും അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇൻസ്പെക്ടർമാർക്ക് ഇറാനിൽ പരിശോധന നടത്താൻ അനുമതി നൽകിയതുമാണ് ഉപരോധം പിൻവലിക്കാൻ കാരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി.
International
ദുബായ്/ വാഷിംഗ്ടൺ ഡിസി: ലബനനിലെ ഇസ്രേലി ആക്രമണത്തെച്ചൊല്ലി യുഎസ്-ഇറാൻ സമാധാനക്കരാറിന്റെ ഭാവി ചോദ്യം ചെയ്യപ്പെട്ടെങ്കിലും കാര്യങ്ങളെല്ലാം മുൻ നിശ്ചയിച്ചപ്രകാരംതന്നെ മുന്നോട്ടു പോകുകയാണെന്ന് അമേരിക്ക. സ്വിറ്റ്സർലൻഡിലെ ബർഗെൻസ്റ്റോക് നഗരത്തിലാണ് ഇന്നു ചർച്ച നടക്കുക.
ചർച്ചകൾക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇതിനകംതന്നെ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
ജാരെദിനോടും സ്റ്റീവിനോടും സംസാരിച്ചതിൽനിന്നും കാര്യങ്ങൾ നന്നായി മുന്നോട്ടുപോകുന്നുവെന്നാണ് തനിക്കു മനസിലാക്കാൻ കഴിഞ്ഞതെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കി.
യുഎസ് ഇറാനുമായി ഉണ്ടാക്കിയ 14 പോയിന്റ് കരാറിലെ വെടിനിർത്തൽ വ്യവസ്ഥകൾ നിലനിൽക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതായി യുഎസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ പങ്കുചേരുമോയെന്ന ചോദ്യത്തിന് അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ അങ്ങോട്ടു തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു വാൻസിന്റെ മറുപടി.
ചർച്ചകൾക്കായി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധിസംഘം സ്വിറ്റ്സർലൻഡിലേക്കു തിരിച്ചതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി, വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് തുടങ്ങിയവരും സംഘത്തിലുണ്ട്.
ഇറാൻ-യുഎസ് സാങ്കേതികതല ചർച്ചകൾ ഇന്ന് സ്വിറ്റ്സർലൻഡിൽ ആരംഭിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. യുഎസ്, ഇറാൻ പ്രതിനിധികൾക്കൊപ്പം പാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള മധ്യസ്ഥരും ചർച്ചകളിൽ പങ്കെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ലബനനിലെ ഇസ്രേലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം അറിയിച്ചു. അമേരിക്ക നടത്തിയ വിശ്വാസവഞ്ചനയ്ക്കും തെക്കൻ ലബനനിൽ ഇസ്രയേൽ തുടരുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ സൈനിക കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം മാറ്റമില്ലാതെ തുടരുന്നുവെന്നും ഇന്നലെ 55 കപ്പലുകൾ ഇതുവഴി കടന്നുപോയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽ ഗതാഗതം തടസപ്പെട്ടതിന് തെളിവുകളൊന്നുമില്ലെന്ന് യുഎസ് ഭരണകൂടവും പ്രതികരിച്ചു.
അതേസമയം, കൈയടക്കിയ പ്രദേശങ്ങളിൽനിന്നു പിന്മാറാതെതന്നെ തെക്കൻ ലബനനിൽ വെടിനിർത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും സൈന്യത്തിനു നിർദേശം നൽകിയതായി ഇസ്രേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള ഏകോപനത്തോടെയാണ് ഈ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
വെടിനിർത്തൽ ലംഘിച്ചു വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ തെക്കൻ ലബനനിലെ നബാതിയ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
International
റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ യാചിച്ചുവെന്നും മെലോണിയുടെ ജനപ്രീതി ഇടിയുകയുമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മെലോണി നൽകിയ ഏറ്റവും പുതിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണു മെലോണി മറുപടി നൽകിയത്.
അമേരിക്കൻ നയങ്ങളോടുള്ള നിലപാട് കാരണം മെലോണിയുടെ ജനപ്രീതി ഇടിയുകയാണെന്ന ട്രംപിന്റെ ആരോപണത്തെ ‘’എന്റെ ജനപ്രീതി ഇറ്റലിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു’’ എന്നുപറഞ്ഞാണ് മെലോണി നിരാകരിച്ചത്. “എന്റെ ജനപ്രീതിയെ സംബന്ധിച്ചിടത്തോളം നിങ്ങളുമായി സൗഹൃദത്തിലായത് അതിന് ഒട്ടും സഹായിച്ചിട്ടില്ല.
അത് നിങ്ങളുമായുള്ള എന്റെ ബന്ധത്തെ ആശ്രയിച്ചുമല്ല ഇരിക്കുന്നത്. എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ നിർദേശിക്കുന്നു,” -മെലോണി പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളുടെ ഐക്യത്തിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ തമ്മിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അനാവശ്യമാണെന്നും അതു ഗുണകരമല്ലെന്നും മെലോണി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ലോകത്തെയാകെ പ്രതിസന്ധിയിലാക്കി തുടർന്നുവന്ന പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമാകുന്നു.
സമാധാനക്കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഗാലിബാഫ് എന്നിവർ ഞായറാഴ്ച വെർച്വലായി ഒപ്പിട്ടതായി യുഎസ് വൃത്തങ്ങൾ ഇന്നലെ രാത്രി അറിയിച്ചു.
കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. കരാറിലെ വ്യവസ്ഥകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കരാർ സംബന്ധിച്ച വിവരം അമേരിക്കൻ സമയം ഞായറാഴ്ച രാത്രി എട്ടോടെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പുറത്തുവിട്ട മറ്റൊരു സന്ദേശത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ നീങ്ങിത്തുടങ്ങിയതായി അറിയിച്ചു.
ഇന്ത്യൻ എണ്ണക്കപ്പലാണ് ആദ്യം ഹോർമുസ് കടന്നതെന്ന് റിപ്പോർട്ടുണ്ട്. യുഎസ് ഉപരോധവും എല്ലാ മുന്നണികളിലെയും യുദ്ധവും സമാധാനക്കരാറിലൂടെ അവസാനിച്ചതായി ഇറാൻ വ്യക്തമാക്കി. അതേസമയം, കരാറിലെ വ്യവസ്ഥകളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന.
ഹോർമുസിൽ കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കുമെന്ന് ഇറാൻ അറിയിച്ചപ്പോൾ കപ്പൽയാത്ര സൗജന്യമായിരിക്കുമെന്നാണ് യുഎസ് വൃത്തങ്ങൾ അറിയിച്ചത്.
വെള്ളിയാഴ്ച കരാറിൽ ഔദ്യോഗികമായി ഒപ്പിടുന്നതുവരെ ഇറേനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം തുടരുമെന്ന് യുഎസ് സൈനിക ഉപദേശകസമിതി അറിയിച്ചു.
അതേസമയം, തങ്ങൾ ഈ കരാറിന്റെ ഭാഗമല്ലെന്ന് ആവർത്തിച്ച ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രേലി സൈന്യം തെക്കൻ ലബനനിൽ തുടരുമെന്നും വ്യക്തമാക്കി.
ഞായറാഴ്ച ലബനനിൽനിന്ന് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേരേ ആക്രമണം നടത്തിയതോടെ ഇസ്രയേൽ ഇന്നലെ പുലർച്ചെ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ശക്തമായ ആക്രമണം നടത്തി.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം 108-ാം ദിവസമാണ് അവസാനിക്കുന്നത്.
സമാധാനക്കരാറിന്റെ അന്തിമ രൂപരേഖ തയാറാക്കാനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഈയാഴ്ച നടക്കും.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനികമേധാവി അസിം മുനീറിന്റെയും മധ്യസ്ഥതയിൽ രണ്ടു മാസമായി തുടരുന്ന ചർച്ചകളാണ് ഒടുവിൽ വിജയത്തിലെത്തുന്നത്. ചര്‍ച്ചകള്‍ വിജയകരമാക്കാന്‍ ഖത്തർ, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളും നിർണായക പങ്ക് വഹിച്ചു.
ഏകദേശം 7,500നും 10,000ത്തിനും ഇടയിൽ ആളുകളാണ് മൂന്നു മാസം പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗം മരണങ്ങളും ഇറാനിലും ലബനനിലുമാണ്. 13 അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടമായി.
Leader Page
പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിനു തുടക്കമായി. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് കരാറിന്റെ ഒപ്പുവയ്ക്കൽ. അതിനു ദിവസങ്ങൾ പലതുണ്ട്. അതിനു ശേഷമേ യുദ്ധാവസാനം ഉറപ്പായി എന്നു പറയാൻ പറ്റൂ. കാരണം, ഏതവസരത്തിലും നിർദിഷ്ട കരാറിൽനിന്നു കക്ഷികൾ പിന്മാറാം. അത്ര സങ്കീർണമാണു പ്രശ്നം. അത്ര കണ്ടു ദുർബലമാണു ധാരണ. കരാർ വ്യവസ്ഥകളും വെള്ളിയാഴ്ചയേ അറിയാൻ പറ്റൂ. ഇറാൻ പുറത്തുവിടുന്ന ധാരണാപത്രങ്ങൾ ആഭ്യന്തര എതിർപ്പ് ശമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാകാം. (ട്രംപിന്റെ പല പ്രസ്താവനകളുംപോലെ).
കരാറിനെതിരേ ഇവർ
അമേരിക്ക - ഇറാൻ കരാർ തകർക്കാൻ താത്പര്യമുള്ള രണ്ടു വലിയ ശക്തികളുണ്ട്. ഇസ്രയേലും ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ്സ് കോറും (ഐആർജിസി). വെള്ളിയാഴ്ചയ്ക്കു മുൻപോ അതിനു ശേഷമോ ഒക്കെ ഈ രണ്ടു ശക്തികളും കരാറിനെതിരേ നീങ്ങിയേക്കാം എന്ന ആശങ്ക എങ്ങുമുണ്ട്. ഇസ്രേലി പ്രധാനമന്ത്രിയും ഐആർജിസി സേനാധിപനും സാഹസിക നീക്കങ്ങൾക്കു മടിയില്ലാത്തവരാണ്.
ലബനനിൽ അടക്കം യുദ്ധം അവസാനിപ്പിക്കണം എന്നാണു കരാറിൽ പറയുന്നത്. ഇറാന്റെ കൂലിപ്പടയായി കരുതപ്പെടുന്ന ഹിസ്ബുള്ള ലബനന്റെ പല മേഖലകളിലും സ്വന്തം ഭരണം നടപ്പാക്കിയിട്ടുണ്ട്. ലബനീസ് സൈന്യത്തേക്കാൾ ശക്തവും വലുതുമാണ് ഹിസ്ബുള്ളയുടെ ഷിയാ സേന. ലബനനിൽനിന്ന് അവർ ഇസ്രയേലിനെതിരേ വർഷങ്ങളായി ആക്രമണം നടത്തുന്നു. അവരെ തുരത്താനാണ് ഇസ്രേലി സേന ലബനന്റെ തെക്കുഭാഗം ഈയിടെ കൈവശപ്പെടുത്തിയതും തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്തിയതും.
ലബനനിലെ യുദ്ധം നിർത്തുക എന്നു വച്ചാൽ ഹിസ്ബുള്ളയുടെ സ്വതന്ത്ര പ്രവർത്തനം അനുവദിക്കുക എന്നാണർഥം. ഇസ്രയേലിന് അസ്വീകാര്യമാണിത്. മെഡിറ്ററേനിയൻ തീരത്തെ ഗാസയിലും ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്കിലും (പലസ്തീൻ പ്രദേശങ്ങൾ) ഹമാസ് സേനയും വടക്കു കിഴക്ക് ലബനനിൽ ഹിസ്ബുള്ള സേനയും ചേർന്നു തങ്ങളെ തകർക്കുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ട്രംപുമായി തെറ്റിയതും ലബനൻ വിഷയത്തിലാണ്.
ഐആർജിസിയും തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയും തുടക്കം മുതലേ അമേരിക്കയുമായുള്ള സമാധാന ചർച്ചയ്ക്ക് എതിരായിരുന്നു. ചർച്ച പലവട്ടം ധാരണയിൽ എത്തിയപ്പോഴെല്ലാം അതു തകർത്തത് ഇവരാണ്. ഇസ്ലാമാബാദിലെ യുഎസ് - ഇറാൻ ചർച്ച ഇടയ്ക്കു വച്ച് നിർത്തിയത് വഹീദി പരമോന്നത നേതാവിനെ സ്വാധീനിച്ചാണ്. പിന്നീടും ധാരണാപത്രങ്ങൾ പലതും ഐആർജിസിയുടെ എതിർപ്പ് മൂലം തള്ളി.
ഇപ്പോഴും അമേരിക്കയെ യുദ്ധത്തിൽ തോൽപിക്കാം എന്നു വാദിക്കുന്ന ഇവരാണ് കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിലെ ആക്രമണത്തിനു പകരമായി ഇസ്രയേലിലേക്ക് 24 മിസൈലുകൾ പായിച്ചത്. ആ ആക്രമണം കരാർ വേഗം പൂർത്തിയാക്കാൻ പ്രസിഡന്റ് പെസെഷ്കിയാനെയും സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും നിർബന്ധിതരാക്കി എന്നു വ്യാഖ്യാനമുണ്ട്. ഇപ്പോൾ ഭരിക്കുന്ന മിതവാദികൾ എന്നു കരുതപ്പെടുന്ന വിഭാഗത്തിനെതിരേ അട്ടിമറിക്കു തീവ്രവാദി വിഭാഗം ശ്രമിക്കുമോ എന്നും സന്ദേഹം ഉയരുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: യുഎസും ഇറാനും തമ്മിലുള്ള ഇരുരാജ്യങ്ങളും തമ്മിൽ പുതിയ കരാറിന് ധാരണയായി. സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനുമായുള്ള കരാര്‍ ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അറിയിച്ചിട്ടുണ്ട്. കരാറിലെ ചട്ടങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലായെന്നും വാന്‍സ് പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്ന് അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആണ് രേഖയിൽ ഒപ്പുവച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാല്‍ ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് മാരിടൈം സര്‍വീസ് ഫീ ഇറാന് ചുമത്തുമെന്നാണ് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
International
വാഷിംഗ്ടൺ: 107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യഘട്ട സമാധാനക്കരാർ ഇന്ന് ഒപ്പിട്ടേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാർ ഒപ്പിടുന്നതോടെ ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അടുത്ത 24 മണിക്കൂറിനുള്ളിൽ കരാർ ഡിജിറ്റലായി ഒപ്പിട്ടേക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
എന്നാൽ, കരാർ ഒപ്പിടുന്ന തീയതി ഇന്നല്ലെന്നും ധൃതിപിടിച്ച് തീരുമാനമുണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി. സമാധാനക്കരാറിന്റെ കരട് നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കരാർ ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും ഇന്ന് ഒപ്പിടൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ വിട്ടുവീഴ്ചകൾക്കെതിരെ രാജ്യത്തിനകത്ത് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. യുഎസ് ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ 14 ഇന നിർദ്ദേശങ്ങളാണ് കരാറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കരാർ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് സമാധാന ശ്രമങ്ങൾക്ക് പുതിയ ആശങ്ക ഉയർത്തുന്നുണ്ട്.
ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ ആക്രമണം സമാധാന ചർച്ചകളെ അട്ടിമറിക്കാനാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ: അമേരിക്കയുടെ ‘ഭീകര’ സംഘടനാ പട്ടികയിലുൾപ്പെട്ട ട്രെൻ ഡി അരഗ്വാ നേതാവിനെ കൊലപ്പെടുത്തി.
വെനസ്വേലൻ മയക്കുമരുന്ന് കാർട്ടൽ തലവൻ ഹെക്ടർ റസ്തൻഫോർഡ് ഗ്വെറേറോ ഫ്ലോറസാണ് കൊല്ലപ്പെട്ടത്.
ട്രെൻ ഡി അരഗ്വാ നേതാവിനെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു.
സൈനിക നടപടിയിലൂടെയാണ് ഇയാളെ വധിച്ചതെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് ഫെഡറൽ കോടതി ്വെറേറോ ഫ്ലോറസിനെതിരേ ഗൂഢാലോചന, ഭീകരർക്ക് പിന്തുണ നൽകുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
National
ന്യൂഡൽഹി: അമേരിക്കൻ സർക്കാർ ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ നാടു കടത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ അറിയിച്ചു.
കഴിഞ്ഞ വർഷം 3,567 ഇന്ത്യക്കാരെ നാടു കടത്തിയിരുന്നു. അനധികൃത കുടിയേറ്റ, നാടു കടത്തൽ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ബന്ധപ്പെട്ടുവരുന്നതായി വക്താവ് കൂട്ടിച്ചേർത്തു.
International
നയ്റോബി: എബോള ബാധിതർക്കായി ക്വാറന്റൈൻ കേന്ദ്രം തുറക്കാനുള്ള അമേരിക്കൻ നീക്കത്തിനെതിരേ കെനിയയിൽ നടന്ന പ്രതിഷേധത്തിൽ രണ്ടു പേർ വെടിയേറ്റു മരിച്ചു. സെൻട്രൽ കെനിയയിലെ നാൻയുകി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
എബോള പടരുന്ന ഡിആർ കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും രോഗം പിടിപെടുന്ന അമേരിക്കൻ പൗരന്മാരെ ചികിത്സിക്കാനായി കെനിയയിൽ സംവിധാനം ആരംഭിക്കാനാണ് അമേരിക്കൻ പദ്ധതി. ലായ്കിപിയ വ്യോമതാവളത്തിൽ ആരംഭിക്കാൻ പോകുന്ന കേന്ദ്രത്തിനെതിരേ കെനിയൻ ജനതയിൽ അമർഷം ശക്തമാണ്.
തിങ്കളാഴ്ച വ്യോമതാവളത്തിനു സമീപം പ്രതിഷേധിച്ചവർക്കു നേർക്ക് പോലീസ് നടത്തിയ വെടിവയ്പിലാണു രണ്ടു പേർ മരിച്ചതെന്നു സൂചനയുണ്ട്. എന്നാൽ, മരണത്തെക്കുറിച്ച് അറിയില്ലെന്നാണു പോലീസ് വക്താവ് അറിയിച്ചത്.
ഇതിനിടെ, അമേരിക്കൻ ക്വാറന്റൈൻ കേന്ദ്രം സ്ഥാപിക്കുന്നതു മൂന്നാഴ്ചത്തേക്കുകൂടി വിലക്കി കെനിയൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കെനിയൻ സർക്കാരും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചു.
International
ന്യൂയോർക്ക്: അമേരിക്കയിൽ ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്ന 30 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ അറസ്റ്റിലായി. ഇവരെ വൈകാതെ നാടുകടത്തുമെന്നാണു റിപ്പോർട്ട്.
കഴിഞ്ഞ മാസം മധ്യത്തിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിൽ ഇവർ അടക്കം 56 പേരാണ് പിടിയിലായത്. മെക്സിക്കോ, എൽ സാൽവദോർ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഉൾപ്പെടുന്നു.
ഇന്ത്യൻ ഡ്രൈവർമാരിൽ ചിലർക്ക് കലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുണ്ട്.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അമേരിക്കയിൽ ജോലിയെടുക്കാൻ ചിലർക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതിന് നിയമസാധുതയില്ല.
International
വാഷിംഗ്ടൺ ഡിസി: അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പ് ഇറാനിൽനിന്ന് ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ ്ട്രംപ് അവകാശപ്പെട്ടു.
ഫോക്സ് ന്യൂസ് ചാനലിൽ മരുമകൾ ലാറ ട്രംപിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണം ഇല്ല.
സമാധാന കരാറിനായി ട്രംപ് പുതിയ നിർദേശങ്ങൾ മധ്യസ്ഥർവഴി ഇറാനു കൈമാറിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. കടുത്ത നിർദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നതത്രേ.
ഇറാനും അമേരിക്കയും സമാധാന കരാറിന്റെ വക്കിലെത്തിയതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ധൃതിയില്ലെന്ന് ട്രംപ് പിന്നീട് പറഞ്ഞു. തുടർന്ന് ഇറാനിൽ അമേരിക്ക ആക്രമണം നടത്തുകയും ഇറാൻ കുവൈറ്റിനു നേർക്ക് മിസൈൽ പ്രയോഗിക്കുകയുമുണ്ടായി.
International
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സമാധാനക്കരാർ എങ്ങുമെത്താതെ നീളുന്നു. വെടിനിർത്തൽ നീട്ടുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലും തീരുമാനമായില്ല.
എന്നാൽ, ആണവായുധം കൈവശം വയ്ക്കില്ലെന്നും ഹോർമുസ് തുറക്കുമെന്നും ഇറാൻ സമ്മതിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനെ എതിർത്ത് ഇറാൻ രംഗത്തു വന്നു.
അനാവശ്യ ആവശ്യങ്ങളുന്നയിച്ച് ട്രംപ് ജനാധിപത്യത്തെ വഞ്ചിക്കുകയാണെന്ന് ഇറേനിയൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് ആരോപിച്ചു. തങ്ങളുടെ ആണവപദ്ധതി സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും തീർത്തും സമാധാന ആവശ്യങ്ങൾക്കായുള്ളതാണെന്നും ഇറാൻ പറഞ്ഞു.
സമാധാനക്കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായെന്നും ട്രംപിന്റെയും ഇറേനിയൻ നേതൃത്വത്തിന്റെയും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം യുഎസ് അധികൃതർ പറഞ്ഞിരുന്നു.
കരാർ പ്രകാരം വെടിനിർത്തൽ 60 ദിവസത്തേക്കു നീട്ടുകയും ഇറാന്റെ ആണവപരിപാടിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. യുഎസും ഇറാനും കരാറിന് അടുത്താണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ കാര്യമായ ഫലങ്ങളൊന്നുമുണ്ടായിട്ടില്ല.
International
വാഷിംഗ്ടണ്‍ ഡിസി: തെക്കൻ ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് യുഎസ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ മിസൈല്‍ കേന്ദ്രമാണ് ആക്രമിച്ചത്.
ഹോർമുസ് കടലിടുക്കിൽ യുഎസ് സേനയ്ക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണി ഉയർത്തിയിരുന്ന ഇറേനിയൻ ഡ്രോൺ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തന്ത്രപ്രധാനമായ ജലപാതയിലൂടെ സാധാരണ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇറാനുമായി ഏതെങ്കിലും കരാറുണ്ടെന്ന അവകാശവാദം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്.
നാല് ഇറേനിയൻ ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടതായും മറ്റൊരു ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന ബന്ദർ അബ്ബാസിലെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ നശിപ്പിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
തുറമുഖത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മൂസ് കടലിടുക്കിന് സമീപവും സ്ഫോടന ശബ്ദം കേട്ടതായി ഇറേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച ഒരു യുഎസ് എണ്ണ ടാങ്കറിന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് നാവികസേന മുന്നറിയിപ്പ് വെടിയുതിർത്തതായും അത് പിന്മാറേണ്ടി വന്നതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിലവില്‍ യുഎസുമായുള്ള കരാര്‍ ചര്‍ച്ചയ്ക്കായി ഇറാന് ഉന്നതതല സംഘം ഖത്തറിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ആക്രമണങ്ങൾ നടന്നത്.
International
ദുബായ്: ഇറാൻ-യുഎസ് സമാധാനക്കരാർ വൈകിയേക്കുമെന്നു റിപ്പോർട്ട്. സമാധാനചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും കരാർ ഉടനുണ്ടാകില്ലെന്ന് ഇറാൻ അറിയിച്ചു.
സമാധാനക്ക രാർ തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞതിനു പിന്നാലെയാണ് ഇറേനിയൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായ്യുടെ പ്രതികരണം.
ചർച്ചയായ വിഷയങ്ങളിൽ ഭൂരിഭാഗത്തിലും തീരുമാനത്തിലെത്തിയെന്ന് പറയുന്നത് ശരിയാണ്. എന്നാൽ, കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് പറയാനാവില്ല. ആർക്കും അത്തരമൊരു അവകാശവാദം ഉന്നയിക്കാൻ കഴിയില്ല ഇസ്മയിൽ ബഖായ് പറഞ്ഞു. വെടിനിർത്തൽ 60 ദിവസത്തേക്കു നീട്ടുക, ഹോർമുസ് തുറക്കുക, ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ചർച്ചകൾ തുടരുക എന്നിവ ധാരണാപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ട്.
ഇരുരാജ്യങ്ങളും കരാറിലേക്കു നീങ്ങുകയാണെന്ന് സൂചിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നീട് തിടുക്കംവേണ്ടെന്ന് തന്റെ പ്രതിനിധികളെ അറിയിച്ചതായി പറഞ്ഞു. കഴിഞ്ഞ രാത്രിയിൽ ശുഭവാർത്തയുണ്ടാകുമെന്നു കരുതിയിരുന്നതായി റൂബിയോ ഡൽഹിയിൽ പറഞ്ഞു. ഇറാനിൽനിന്നു മറുപടി ലഭിക്കാൻ താമസം ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അജ്ഞാതകേന്ദ്രത്തിൽ കഴിയുന്ന പരമോന്നത നേതാവ് മുജ്തബ ഖമനയ്യുമായി ആശയവിനമയം നടത്തുന്നതിനുള്ള കാലതാമസമാണു തീരുമാനം വൈകിക്കുന്നതെന്നാണു വിവരം. നടപ്പാകാൻ പോകുന്ന കരാർ അന്തിമമല്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനെതിരായ ഉപരോധം, മരവിപ്പിച്ച ഇറേനിയൻ സ്വത്തുക്കൾ വിട്ടുനൽകുക, ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക തുടങ്ങി ധാരണയിലെത്താൻ പ്രായസമുള്ള വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യും. സമാധാന കരാർ ഉടനുണ്ടാകുമെന്ന പ്രതീക്ഷയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു. ഏഷ്യൻ വിപണികളിലും ഉണർവുണ്ടായി.
ഇതിനിടെ, അറബ് രാജ്യങ്ങൾ ഏബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ടു വച്ചു. ഇറാൻ സമാധാനക്കരാർ സാധ്യമായാൽ ഖത്തർ, പാക്കിസ്ഥാൻ, ഈജിപ്ത്, ജോർദാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലുമായുള്ള ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് നിർദേശിച്ചു. ഈ രാജ്യങ്ങളുടെ നേതാക്കളുമായി ട്രംപ് ശനിയാഴ്ച ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വ - ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) ഈ മാസം 22ന് പുറത്തിറക്കിയ പുതിയ നയ മെമ്മോറണ്ടം പ്രകാരം, അമേരിക്കയിൽ താത്കാലിക വീസയിൽ കഴിയുന്ന വിദേശികൾക്ക് രാജ്യത്തിനുള്ളിൽ നിന്നുള്ള "അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്' വഴി ഗ്രീൻ കാർഡ് നേടുന്നത് ഇനി കൂടുതൽ കടുത്ത പരിശോധനയ്ക്കു വിധേയമാകും.
പുതിയ നയപ്രകാരം, ഗ്രീൻ കാർഡ് അപേക്ഷകർ സാധാരണയായി സ്വന്തം രാജ്യത്തിലെ യുഎസ് കോൺസുലേറ്റുകൾ മുഖേന "കോൺസുലർ പ്രോസസിംഗ്' വഴിയാണ് സ്ഥിരതാമസ വിസ നേടേണ്ടത് എന്ന് യുഎസ്സിഐഎസ് വീണ്ടും വ്യക്തമാക്കി.
അമേരിക്കയ്ക്കുള്ളിൽ നിന്ന് അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് അനുവദിക്കുന്നത് "അസാധാരണ സാഹചര്യങ്ങളിൽ' മാത്രം നൽകേണ്ട ഒരു വിവേചനാധികാരപരമായ ഇളവാണെന്നും നയത്തിൽ വ്യക്തമാക്കുന്നു.
യുഎസ്സിഐഎസ് വക്താവ് സാക്ക് കാഹ്ലർ പ്രസ്താവിച്ചത്, സന്ദർശക വീസ, വിദ്യാർഥി വീസ, താത്കലിക ജോലി വീസ തുടങ്ങിയ നോൺ മെെഗ്രന്റ് വീസകളിൽ അമേരിക്കയിലെത്തുന്നവർ അവരുടെ സന്ദർശന കാലാവധി കഴിഞ്ഞാൽ മടങ്ങിപ്പോകേണ്ടതാണെന്നും താത്കാലിക വീസകൾ ഗ്രീൻ കാർഡ് നേടാനുള്ള ആദ്യപടിയായി ഉപയോഗിക്കരുതെന്നുമാണ്.
ഓരോ അപേക്ഷയും കേസുതോറും പ്രത്യേകം പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും അപേക്ഷകന്റെ സാഹചര്യങ്ങൾ, ഉദ്ദേശ്യം, കുടിയേറ്റ നിയമാനുസൃതത, അമേരിക്കയിൽ തുടരാനുള്ള കാരണങ്ങൾ തുടങ്ങിയ എല്ലാ ഘടകങ്ങളും യുഎസ്സിഐഎസ് പരിഗണിക്കുമെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നു.
യുഎസ്സിഐഎസ് അനുസരിച്ച്, കൂടുതൽ കേസുകൾ കോൺസുലർ പ്രോസസ്സിംഗിലേക്ക് മാറ്റുന്നതിലൂടെ:
• വീസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കാൻ.
• സ്റ്റേറ്റ് ഡിപ്പാർട്മെന്റിലൂടെ വിദേശത്തുള്ള കോൺസുലേറ്റുകളിൽ കുടിയേറ്റ വിസ നടപടികൾ കാര്യക്ഷമമാക്കാൻ.
• യുഎസ്സിഐഎസിന്റെ പരിമിതമായ വിഭവങ്ങൾ നാച്വുലർസേഷൻ, മനുഷ്യക്കടത്ത് ഇരകൾ, കുറ്റകൃത്യബാധിതർ തുടങ്ങിയ മറ്റ് മുൻഗണനാ കേസുകൾക്കായി വിനിയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് എന്ന നിയമപരമായ സംവിധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും സന്ദർശക വീസയിലോ മറ്റു താത്കാലിക വീസകളിലോ അമേരിക്കയിൽ എത്തിയ ശേഷം ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ അപേക്ഷകൾക്ക് ഇനി കൂടുതൽ കർശന പരിശോധനയും വിവേചനാധികാരപരമായ വിലയിരുത്തലും നേരിടേണ്ടി വരാനിടയുണ്ടെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു.
സന്ദർശക വീസ, വിദ്യാർഥി വീസ, മറ്റ് താത്കാലിക വീസകൾ എന്നിവയിൽ അമേരിക്കയിൽ കഴിയുന്നവരും പിന്നീട് സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ആലോചിക്കുന്നവരും പുതിയ നയത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ, അൺലോഫുൾ പ്രസൻസ്, കോൺസുലർ പ്രോസസിംഗ്, ഡിസ്ക്രീഷണറി റിലീഫ് തുടങ്ങിയ വിഷയങ്ങളിൽ പരിചയസമ്പന്നരായ ഇമിഗ്രേഷൻ അഭിഭാഷകരുടെ നിയമോപദേശം തേടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
International
വാഷിംഗ്ടൺ ഡിസി: ആയത്തൊള്ള ഖമനയ്യെ വധിച്ച് മുൻ പ്രസിഡന്റ് അഹമ്മദി നെജാദിനെ നേതാവാക്കാം എന്ന പദ്ധതിയിലാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരേ യുദ്ധം ആരംഭിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ, യുദ്ധത്തിന്റെ ആദ്യദിനംതന്നെ പദ്ധതി പാളുകയും നെജാദിന് ആക്രമണത്തിൽ പരിക്കേൽക്കുകയുമുണ്ടായി. തുടർന്ന് നെജാദിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനു ഭരണച്ചുമതല നല്കിയ മാതൃകയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാൻ യുദ്ധത്തിലും പരീക്ഷിക്കാൻ ഉദ്ദേശിച്ചത്. അഹമ്മദി നെജാദുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
2005 മുതൽ 2013 വരെ പ്രസിഡന്റായിരുന്ന നെജാദ് ഇറാനിലെ മതനേതൃത്വവുമായി ഭിന്നതയിലായിരുന്നു. അതേസമയംതന്നെ, ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കണമെന്ന നിലപാടുകാരനുമായിരുന്നു.
ഇറാൻ ആണവദ്ധതികൾ ശക്തിപ്പെടുത്തണമെന്നും നെജാദ് വാദിച്ചിരുന്നു. എന്നാൽ 2019ലെ ഒരഭിമുഖത്തിൽ ട്രംപിനെ പുകഴ്ത്തുന്ന സമീപനം നെജാദ് സ്വീകരിച്ചു. ഇറാൻ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും പറഞ്ഞു.
യുദ്ധത്തിന്റെ ആദ്യദിനം നെജാദിന്റെ ടെഹ്റാനിലെ വസതിയിൽ യുഎസ്-ഇസ്രേലി ആക്രമണമുണ്ടായി. വീട്ടുതടങ്കലിലായിരുന്ന അദ്ദേഹത്തെ മോചിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നുവത്രേ ആക്രമണം. പക്ഷേ, നെജാദിനു പരിക്കേറ്റു. ഇതേത്തുടർന്ന് നെജാദ് മനസു മാറ്റിയെന്നും പിന്നീട് അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
International
വാഷിംഗ്ടൺ: മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്ട്രോക്കെതിരെ അമേരിക്ക കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കരീബിയൻ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി യു.എസ്. അമേരിക്കൻ വിമാനവാഹിനി കപ്പലായ ‘യു.എസ്.എസ് നിമിറ്റ്സും’ അതിന്റെ യുദ്ധവിമാന വ്യൂഹവും കരീബിയൻ കടലിലേക്ക് പ്രവേശിച്ചു. ക്യൂബയ്ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഈ നീക്കം.
നിമിറ്റ്സ് ക്ലാസ് യുദ്ധക്കപ്പലിനൊപ്പം അത്യാധുനിക എഫ്/എ-18ഇ സൂപ്പർ ഹോർനെറ്റ്, ഇഎ-18ജി ഗ്രോളർ യുദ്ധവിമാനങ്ങളും, ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് ഗ്രിഡ്ലിയും അടങ്ങുന്ന വലിയൊരു സന്നാഹമാണ് കരീബിയൻ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കരീബിയൻ, ലാറ്റിൻ അമേരിക്കൻ മേഖലകളിലെ യുഎസ് സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സതേൺ കമാൻഡ് ബുധനാഴ്ചയാണ് ഈ വിന്യാസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തായ്വാൻ കടലിടുക്ക് മുതൽ അറേബ്യൻ ഗൾഫ് വരെ ജനാധിപത്യം സംരക്ഷിക്കാൻ തങ്ങളുടെ പോരാട്ടവീര്യം തെളിയിച്ച കപ്പലാണ് നിമിറ്റ്സ് എന്ന് സതേൺ കമാൻഡ് വ്യക്തമാക്കി.
1996-ൽ നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട വിമാന ആക്രമണക്കേസിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, ക്യൂബ ഞങ്ങളുടെ ലക്ഷ്യത്തിലുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ക്യൂബൻ സ്വാതന്ത്ര്യദിനത്തിലാണ് യുഎസ് ഈ കുറ്റപത്രം പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്.
ക്യൂബൻ വംശജനായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബൻ ജനതയ്ക്ക് നൽകിയ സന്ദേശത്തിൽ, ദ്വീപ് രാഷ്ട്രത്തിന് മേലുള്ള അമേരിക്കയുടെ ഇന്ധന ഉപരോധത്തെ ന്യായീകരിക്കുകയും ക്യൂബയിലെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം കമ്മ്യൂണിസ്റ്റ് ഭരണകൂടമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ, കഴിഞ്ഞ ആഴ്ച ക്യൂബൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ചർച്ചകൾക്കുള്ള വാതിലുകൾ എപ്പോഴും തുറന്നിരിക്കില്ലെന്ന് ക്യൂബയ്ക്ക് അന്ത്യശാസനം നൽകിയിട്ടുമുണ്ട്. ബ്രസീലിയൻ നാവികസേനയുമായി റിയോ ഡി ജനീറോ തീരത്ത് നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് ശേഷമാണ് യുഎസ്എസ് നിമിറ്റ്സ് ഇപ്പോൾ ക്യൂബൻ അതിർത്തിയോട് ചേർന്ന കരീബിയൻ കടലിലേക്ക് എത്തിയിരിക്കുന്നത്. ഇത് മേഖലയിൽ വൻ യുദ്ധഭീതി ഉയർത്തുന്നുണ്ട്.
International
കരിബിയൻ കടലിന്റെ നീലിമയിൽ പൊതിഞ്ഞ ഒരു ദ്വീപ്, അതാണ് ക്യൂബ. തുടിക്കുന്ന സംസ്കാരവും സമ്പന്നമായ ചരിത്രവും കരിബിയൻ ചൈതന്യവും ഒത്തുചേർന്ന ഒരു നാട്. ഹോസെ മാർത്തിയുടെ വിപ്ലവ കവിതകൾ വായിച്ച്, ചെ ഗുവേരയുടെ ആദർശങ്ങൾ ഏറ്റുപിടിച്ച്, ഫിദൽ കാസ്ട്രോയുടെ വാക്കുകളിൽ സ്വപ്നം കണ്ട ഒരു ജനത.
പക്ഷേ ആ ദ്വീപിന്റെ കഥ അതിന്റെ സൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തൊട്ടടുത്ത്, വെറും തൊണ്ണൂറ് മൈൽ അകലെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായ അമേരിക്ക സ്ഥിതിചെയ്യുന്നത്. ക്യൂബയുടെ ഏറ്റവും അടുത്ത അയൽക്കാരൻ പക്ഷേ ക്യൂബയുടെതന്നെ ഏറ്റവും വലിയ എതിരാളിയാണ്.
ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം വെറുമൊരു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കം മാത്രമല്ല. അത് ശീതയുദ്ധത്തിന്റെ നിഴലിൽ രൂപപ്പെട്ട, ആണവയുദ്ധത്തിന്റെ വക്കിൽ വരെ എത്തിയ, തലമുറകളെ മുഴുവൻ ബാധിച്ച ഒരു ദീർഘ ചരിത്രത്തിന്റെ കഥ കൂടിയാണ്. അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും, ആദർശത്തിന്റെയും അതിജീവനത്തിന്റെയും കഥ.
ചരിത്ര പശ്ചാത്തലം
ക്യൂബയുടെ ചരിത്രം സ്വാതന്ത്ര്യത്തിനായുള്ള നിരന്തരമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. നൂറ്റാണ്ടുകളോളം സ്പാനിഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ കഴിഞ്ഞ ആ ജനത 1898ൽ സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കൽ വരെ എത്തി. സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടതോടെ ക്യൂബ സ്വതന്ത്രമായി എന്നിരുന്നാലും ആ സ്വന്തന്ത്രം പൂർണതയിലേക്ക് എത്തിയിരുന്നില്ല.
പ്ലാറ്റ് അമൻഡ്മെന്റ് എന്ന കരാറിലൂടെ ക്യൂബയുടെ വിദേശനയത്തിലും ആഭ്യന്തര കാര്യങ്ങളിലും ഇടപെടാനുള്ള അവകാശം അമേരിക്ക സ്വയം ഏറ്റെടുത്തു. തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകളിൽ അമേരിക്കൻ കമ്പനികൾ ക്യൂബയുടെ പഞ്ചസാര വ്യവസായവും ഭൂമിയും കൈയടക്കി. ഹവാന അമേരിക്കൻ താൽപര്യങ്ങളുടെ കേന്ദ്രമായി മാറ്റി. ക്യൂബൻ ഭരണാധികാരികൾ വാഷിങ്ടണിന്റെ ഇഷ്ടത്തിനനുസരിച്ച് ഭരിച്ചു. ഇത് സാധാരണ ജന ജീവിതത്തെ ദാരിദ്രത്തിലേക്കു നയിച്ചു.
ഇതിനു തുടർച്ചയായി, 1959 ജനുവരിയിൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ അമേരിക്കൻ അനുകൂലിയായ ഫുൾഗൻസിയോ ബാറ്റിസ്റ്റയുടെ സർക്കാരിനെ അധികാരഭ്രഷ്ടരാക്കി. ക്യൂബ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി പുനർജനിച്ചു. അമേരിക്കയുമായുള്ള ബന്ധം അതിവേഗം തകരാനും ഇതു പ്രധാന കാരണമായി.
ശീതയുദ്ധ കാലഘട്ടം
കാസ്ട്രോ അധികാരത്തിൽ വന്നതോടെ ക്യൂബ സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുക്കാൻ തുടങ്ങിയിരുന്നു. ക്യൂബയിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കമ്പനികൾ സർക്കാർ ഏറ്റെടുത്തു. വാഷിങ്ടണിന് അത് അസഹനീയമായി മാറി. 1961ൽ അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്ത വർഷം സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.
ബന്ധം വഷളായതിന്റെ ആദ്യ പരിണതഫലം 1961 ഏപ്രിലിൽ ലോകം കണ്ടു. സിഐഎയുടെ പിന്തുണയോടെ പരിശീലനം നേടിയ ക്യൂബൻ പ്രവാസികൾ ബേ ഓഫ് പിഗ്സിൽ ആക്രമണം നടത്തി. കാസ്ട്രോ സർക്കാരിനെ തകർക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം. എന്നാൽ, ആ ശ്രമം പരാജയപ്പെട്ടുകയാണ് ഉണ്ടായത്. അമേരിക്കയ്ക്ക് അതു വലിയ നയതന്ത്ര തിരിച്ചടിയായി മാറി.
ഏറ്റവും നിർണായകമായ നിമിഷം വന്നത് 1962 ഒക്ടോബറിലാണ്. ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ വിന്യസിക്കുന്നുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പ്രസിഡന്റ് കെന്നഡി ക്യൂബയ്ക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചു. തുടർന്നുള്ള പതിമൂന്ന് ദിവസം ലോകം ശ്വാസം അടക്കിപ്പിടിച്ചു. ഒടുവിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ പിൻവലിച്ച് ആണവ യുദ്ധം ഒഴിവാക്കി.
ആ പ്രതിസന്ധിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂടുതൽ വർധിച്ചു.
ഉപരോധത്തിന്റെ ആഘാതം
അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ക്യൂബയ്ക്കു വെറുമൊരു രാഷ്ട്രീയ സമ്മർദമായിരുന്നില്ല. അത് ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിച്ച തീരുമാനമായിരുന്നു. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ഉപരോധം ലോക ചരിത്രത്തിലെ ഏറ്റവും ദീർഘകാലം നിലനിന്ന സാമ്പത്തിക ഉപരോധങ്ങളിൽ ഒന്നാണ്.
ആ ഉപരോധം ക്യൂബൻ സമ്പദ്വ്യവസ്ഥയെ അടിമുടി തകർത്തു. അമേരിക്കയുമായുള്ള വ്യാപാരം പൂർണമായും നിലക്കുവാനും മരുന്ന്, ഭക്ഷണം, ഇന്ധനം തുടങ്ങിയവയുടെ ക്ഷാമത്തിനും ഇതു കാരണമായി. സോവിയറ്റ് യൂണിയന്റെ പിന്തുണ ഉണ്ടായിരുന്ന കാലത്ത് ക്യൂബ ഒരു വിധം ഇതിനെതിരെ പിടിച്ചുനിന്നു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണു. ആ കാലഘട്ടത്തെ ക്യൂബക്കാർ വിളിച്ചത് “സ്പെഷൽ പീരിയഡ്” എന്നാണ് - പട്ടിണിയുടെയും ഇരുട്ടിന്റെയും കാലംമായി അവർ അതിനെ അടയാളപ്പെടുത്തുന്നു.
സാധാരണ ജനത്തിന്റെ ജീവിതം കഠിനമായിരുന്നു. വൈദ്യുതി മണിക്കൂറുകളോളം നിലച്ചു. ആശുപത്രികളിൽ മരുന്നു തികയാതെ വന്നു. ഭക്ഷണ റേഷനിംഗ് സാധാരണമായി. ജോലിയും വരുമാനവും നഷ്ടപ്പെട്ടവർ രാജ്യം വിടാൻ നിർബന്ധിതരായി. ആയിരക്കണക്കിനു ക്യൂബക്കാർ ചങ്ങാടങ്ങളിലും ചെറു ബോട്ടുകളിലും കയറി ഫ്ലോറിഡ കടലിടുക്ക് താണ്ടി അമേരിക്കയിലേക്ക് പലായനം ചെയ്തു.
എന്നാൽ, ക്യൂബ തളർന്നില്ല. പരിമിതമായ വിഭവങ്ങൾകൊണ്ട് ആരോഗ്യ സംരക്ഷണ സംവിധാനവും വിദ്യാഭ്യാസ മേഖലയും നിലനിർത്തി. ജൈവകൃഷി വ്യാപകമായി. ടൂറിസം പ്രധാന വരുമാന മാർഗമായി. ഉപരോധത്തെ അതിജീവിക്കാൻ ക്യൂബ സ്വന്തം വഴികൾ കണ്ടെത്തി.
ശത്രുത അലിഞ്ഞെങ്കിലും
പതിറ്റാണ്ടുകളുടെ ശത്രുതയ്ക്കു ശേഷം, 2014 ഡിസംബറിൽ ലോകം ഒരു അപ്രതീക്ഷിത നിമിഷത്തിന് സാക്ഷ്യം വഹിച്ചു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയും ഒരേസമയം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. അർധ നൂറ്റാണ്ടിലേറെ നീണ്ട ഒറ്റപ്പെടലിന് അവസാനമിടാൻ ഇരു രാജ്യങ്ങളും തയാറാണെന്ന് അവർ പ്രഖ്യാപിച്ചു. 2015ൽ ഹവാനയിൽ അമേരിക്കൻ എംബസി വീണ്ടും തുറന്നു. 1961ൽ അടച്ചുപൂട്ടിയ ശേഷം ആദ്യമായി അമേരിക്കൻ പതാക ക്യൂബൻ മണ്ണിൽ ഉയർന്നു. ഒബാമ നേരിട്ട് ഹവാന സന്ദർശിച്ചു. 88 വർഷത്തിനിടെ ക്യൂബ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ഒബാമ മാറി.
വീണ്ടും നയം മാറ്റം
എന്നാൽ, ആ അനുരഞ്ജനം അധികകാലം നീണ്ടില്ല. 2017ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ നയം മാറി. ക്യൂബയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. ഉപരോധം വീണ്ടും ശക്തിപ്പെടുത്തി. ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയിൽ തിരികെ ഉൾപ്പെടുത്തി.
ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ മാറ്റത്തിന്റെ സൂചനകൾ ഉണ്ടായി. ചില നിയന്ത്രണങ്ങൾ ഇളവ് ചെയ്തു. എന്നാൽ, ഉപരോധം പൂർണമായി നീക്കിയില്ല. ക്യൂബൻ ജനതയുടെ ജീവിതം അപ്പോഴും ദുഷ്കരമായി തുടർന്നു.
ഇന്നത്തെ അവസ്ഥ
2026-ൽ ക്യൂബ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിൽ ഒന്നാണ്. Economist Intelligence Unit (EIU) ന്റെ കണക്കുകൾ പ്രകാരം 2026-ൽ ക്യൂബയുടെ ജിഡിപി 7.2 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഇതുവരെ ആകെ 23 ശതമാനത്തോളം സമ്പദ്വ്യവസ്ഥ ചുരുങ്ങിയിരിക്കുന്നു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിൽ ഒന്നായിരുന്ന ക്യൂബ, ഇന്ന് ആഭ്യന്തര ആവശ്യം പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ്.
ഈ സാമ്പത്തിക തകർച്ചയുടെ ഏറ്റവും നേരിട്ടുള്ള ആഘാതം അനുഭവിക്കുന്നത് സാധാരണ ക്യൂബക്കാരനാണ്. ദിവസത്തിൽ 20 മണിക്കൂർ വരെ വൈദ്യുതി നിലയ്ക്കുന്നു. ഭക്ഷണവും മരുന്നും കടുത്ത ക്ഷാമത്തിലാണ്. ഒരു സർവേ പ്രകാരം പത്തിൽ ഏഴ് ക്യൂബക്കാരും ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ട അവസ്ഥയിലാണ്. ഒരു മാസത്തെ ശരാശരി ശമ്പളം 13 ഡോളറിൽ താഴെ മാത്രം. ആശുപത്രികളിൽ മരുന്നു തികയുന്നില്ല. വഴിയോരങ്ങളിൽ മാലിന്യം കുന്നുകൂടുന്നു. ജെറ്റ് ഇന്ധനം തീർന്നതോടെ വിദേശ വിമാന സർവീസുകൾ നിലച്ചു. ടൂറിസം, ഒരുകാലത്ത് ക്യൂബയുടെ പ്രധാന വരുമാന സ്രോതസുകൾ ആയിരുന്നവ ഇന്ന് ഏതാണ്ട് തകർന്ന അവസ്ഥയിലാണ്.
കുഴഞ്ഞുമറിഞ്ഞ്
രാഷ്ട്രീയ ചിത്രം അതിലും സങ്കീർണമാണ്. ട്രംപ് ഭരണകൂടം ക്യൂബയെ അസാധാരണമായ ഭീഷണി എന്ന് വിശേഷിപ്പിച്ച് ദ്വീപിനുമേൽ ഊർജ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു. 2026 മാർച്ചിൽ ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ്-കനൽ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ചു. ഊർജ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ചർച്ചകൾ എവിടെ എത്തുമെന്ന് ഇനിയും വ്യക്തമല്ല. മനുഷ്യാവകാശ രംഗത്തും അവസ്ഥ ഗുരുതരമാണ്. സ്വതന്ത്ര മാധ്യമങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. രാഷ്ട്രീയ തടവുകാർ ജയിലിൽ കഴിയുന്നു. ഈ ഉപരോധം ക്യൂബൻ ജനതയുടെ മൗലിക അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഉപരോധം ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യം വിടുന്നവർ
ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ പ്രത്യാഘാതം കുടിയേറ്റമാണ്. ഭക്ഷണവും വൈദ്യുതിയും ഭാവിയും ഇല്ലാതെ ആയിരക്കണക്കിന് ക്യൂബക്കാർ രാജ്യം വിടുകയാണ്. ജീവിതം അസഹ്യമാംവിധം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ് എന്ന് ദ്വീപിൽ തങ്ങുന്നവർ പോലും സമ്മതിക്കുന്നു.
ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇന്നും ഒരു വഴിത്തിരിവിലാണ്. അമേരിക്ക ഒരു വശത്ത് പരിമിതമായ നയതന്ത്ര സമ്പർക്കം തുടരുന്നു. ക്യൂബൻ സൈന്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരിട്ട് ഗുണം ലഭിക്കുന്ന സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുക എന്നതാണ് വാഷിങ്ടണിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ, ആ നയം ക്യൂബൻ ജനതയെ സഹായിക്കുന്നുണ്ടോ അതോ കൂടുതൽ ദുരിതത്തിലേക്ക് തള്ളുന്നുണ്ടോ എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു.
വെനിസ്വേലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ക്യൂബയിലെ പ്രതിഷേധ നിയന്ത്രണങ്ങളും ഇരു രാഷ്ട്രീങ്ങളും തമ്മിലുള്ള പിരിമുറുക്കം ഇനിയും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ ഈ ബന്ധം എങ്ങോട്ട് പോകും എന്നത് ഇന്നും അനിശ്ചിതമാണ്. ഭാവിയിൽ വെനസ്വേലയിൽ അമേരിക്ക ചെയ്തതുപോലെ ക്യൂബയിലേക്കും ഒരു കടന്നുകയറ്റം ഉണ്ടാകുമോയെന്ന ആകാംക്ഷയും പലർക്കുമുണ്ട്. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അങ്ങനെയൊരു മോഹം ഇല്ലാതില്ല.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്.
നയതന്ത്ര സ്തംഭനാവസ്ഥ സൈനികശക്തിയിലൂടെ മറികടക്കാനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമെന്നും ഇതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ ഇറാനെതിരായ വ്യോമാക്രമണം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായും ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
International
ടെഹ്റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിക്കാനുള്ള സാധ്യതകൾ വിദൂരത്തുതന്നെയെന്നു സൂചന. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ ഇരുവരും പരസ്പരം നടത്തിയ ആക്രമണങ്ങൾ ഒരു മാസം പഴക്കമുള്ള ദുർബല വെടിനിർത്തലിനെ പരീക്ഷിക്കുന്നതായിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും വെടിനിർത്തൽ തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞത്.
വെള്ളിയാഴ്ച ഇറ്റലി സന്ദർശിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇറാന്റെ പ്രതികരണം അന്നേദിവസം പ്രതീക്ഷിക്കുന്നതായി റോമിൽവച്ചു പറയുകയുണ്ടായി. എന്നാൽ, യുഎസ് നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
ഇതിനിടെ അമേരിക്കയുടെ നാവിക ഉപരോധത്തിൽ ഇറാൻ പതറുന്നില്ലെന്ന് അമേരിക്കൻ ചാരസംഘനടയായ സിഐഎ വിലയിരുത്തുന്നതായി റിപ്പോർട്ടുണ്ട്.
നാവിക ഉപരോധം മൂലം അടുത്ത നാലു മാസത്തേക്ക് ഇറാനു കാര്യമായ സാന്പത്തികസമ്മർദം ഉണ്ടാവില്ലെന്നാണു സിഐഎയുടെ നിഗമനം. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനുമേൽ ചുമത്തുന്ന സമ്മർദതന്ത്രങ്ങളുടെ ഫലപ്രാപ്തി ചോദ്യചിഹ്നമായി.
International
ബെർലിൻ: പരന്പരാഗത വെടിക്കോപ്പ് നിർമാണത്തിൽ അമേരിക്കയെ മറികടന്ന് ജർമനി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഉത്പാദനം വർധിപ്പിച്ചതാണു കാരണമെന്ന് പ്രമുഖ ജർമൻ ആയുധനിർമാണ കന്പനിയായ റെയിൽമെറ്റൽ അറിയിച്ചു.
റെയിൽമെറ്റലിന്റെ പീരങ്കി വെടിയുണ്ട ഉത്പാദനം പ്രതിവർഷം 70,000 ആയിരുന്നത് 11 ലക്ഷമായി വർധിച്ചു. അമേരിക്ക ഒരു വർഷം പത്തു ലക്ഷം പീരങ്കിയുണ്ടകളാണ് ഉത്പാദിപ്പിക്കുന്നത്. റെയിൻമെറ്റലിന്റെ മീഡിയം കാലിബർ വെടിയുണ്ട ഉത്പാദനം പ്രതിവർഷം എട്ടു ലക്ഷമായിരുന്നത് 40 ലക്ഷമായും മിലിട്ടറി ട്രക്ക് ഉത്പാദനം 400 യൂണിറ്റ് ആയിരുന്നത് 4,500 ആയും ഉയർന്നിട്ടുണ്ട്.
40 ശതമാനം വർധനയാണു കന്പനി ഈ വർഷം പ്രതീക്ഷിക്കുന്നതെന്നും വരുമാനം 1400 കോടി യൂറോയിൽനിന്ന് 1500 കോടി യൂറോ ആയി ഉയരുമെന്നും റെയിൽമെറ്റൽ സിഇഒ അർമിൻ പെപ്പർഗെർ പറഞ്ഞു.
2039ഓടെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സേന ജർമനിയിലായിരിക്കുമെന്നാണ് അവിടുത്തെ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് കഴിഞ്ഞയാഴ്ച പറഞ്ഞത്.
International
ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
International
ഇസ്ലാമാബാദ്: അമേരിക്കൻ സേന പിടിച്ചെടുത്ത ഇറേനിയൻ കപ്പലിലെ 22 ജീവനക്കാരെ പാക്കിസ്ഥാനു കൈമാറി.
ഇറാനെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി കഴിഞ്ഞമാസം അവസാനം ഒമാൻ ഉൾക്കടലിൽവച്ചു പിടിച്ചെടുത്ത ടൂസ്ക എന്ന കണ്ടെയ്നർ കപ്പലിലെ ജീവനക്കാരെയാണു വിട്ടയച്ചത്. ഇതിൽ 15 പേർ ഇറാനിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.
കപ്പൽ പാക്കിസ്ഥാനിലെത്തിച്ച് കേടുപാടുകൾ തീർത്തശേഷം ഇറാനിലെ ഉടമസ്ഥർക്കു കൈമാറുമെന്നാണ് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
അമേരിക്കയുടെ നടപടികൾ ഇറാനുമായുള്ള ചർച്ചകളിൽ വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് പാക് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സമർപ്പിച്ച നിർദേശങ്ങളിൽ താൻ തൃപ്തനല്ലെന്നും കരാറിലെത്തുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ പാക്കിസ്ഥാന്റെ ഇടപെടലിനെ തുടർന്നാണ് ഇറാൻ പുതുക്കിയ നിർദേശങ്ങൾ യുഎസിന് കൈമാറിയത്. ഇറാന്റെ കാര്യത്തിൽ ഒന്നുകിൽ അവരെ നശിപ്പിക്കുക അല്ലെങ്കിൽ കരാറിലെത്തുക എന്നീ രണ്ട് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ സൈനിക നടപടിയെ യുദ്ധമെന്നു വിളിക്കില്ല. അവരുടെ നാവികസേനയെയും വ്യോമസേനയെയും യുഎസ് തകർത്തുവെന്നും കരാറുണ്ടാക്കാൻ അവർ അത്യധികം ആഗ്രഹിക്കുകയാണ്. ഇറാന്റെ ആണവശേഷിയെ പൂർണമായി ഇല്ലാതാക്കി.
ഡ്രോൺ ഫാക്ടറികൾ ഏകദേശം 82 ശതമാനത്തോളം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അവരുടെ സമ്പദ്വ്യവസ്ഥ തകർന്നുവെന്നും എത്രത്തോളം അവർ പിടിച്ചുനിൽക്കുമെന്നു നോക്കാമെന്നും ട്രംപ് പറഞ്ഞു.
Leader Page
ഭയപ്പെട്ടതു സംഭവിക്കുന്നു. വിലക്കയറ്റവും വളർച്ചയിലെ മുരടിപ്പും രാജ്യത്തെ ബുദ്ധിമുട്ടിക്കുന്നു. ഒപ്പം, ലോകമെങ്ങും വളർച്ച കുറയുന്നു. ഇതോടെ കയറ്റുമതിയും കുറയും. ഇവയ്ക്കു പുറമേ എൽ നിനോ പ്രതിഭാസം കാലവർഷ മഴ കുറച്ച് കാർഷികോത്പാദനം കുറയ്ക്കും എന്ന ഭീഷണിയുമുണ്ട്. എല്ലാം ചേരുമ്പോൾ സാമ്പത്തിക ദുരിതത്തിലേക്കാണ് രാജ്യത്തിന്റെ യാത്ര.
ഇതോടെ സർക്കാരുകളുടെയും വ്യവസായങ്ങളുടെയും കുടുംബങ്ങളുടെയും ബജറ്റുകളും കണക്കുകൂട്ടലുകളും പാളും. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾ വെറുതെയാകും.
ദുരിതയാത്ര തുടങ്ങി
ദുരിതയാത്രയുടെ പ്രാരംഭവാർത്തകൾ ശ്രദ്ധിക്കുക:
കാലാവസ്ഥ ഒഴികെയുള്ള കുഴപ്പങ്ങളുടെ കാരണം അന്വേഷിക്കേണ്ടതില്ല - പശ്ചിമേഷ്യൻ യുദ്ധം. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തുന്ന യുദ്ധവും അതിനുള്ള തിരിച്ചടികളും ചേർന്ന് ഒരുക്കിയ ദുരിതപർവം.
ഇനിയും ബോംബിംഗോ?
ഇറാനിൽ ബോംബിംഗ് നിലച്ചിട്ടു മൂന്നാഴ്ച കഴിഞ്ഞു. യുദ്ധം തുടങ്ങിയിട്ട് രണ്ടു മാസവും. യുദ്ധം തീർന്നിട്ടില്ല. ഉടനെങ്ങും അവസാനിക്കും എന്ന സൂചനയുമില്ല.
വെടിനിർത്തലിനെ എല്ലാവരും ആശ്വാസത്തോടെ കണ്ടു. ചർച്ചകൾ വഴി യുദ്ധത്തിന് അവസാനമാകും എന്നു കരുതി. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളായി. ഇനിയും ബോംബിംഗ് ആരംഭിക്കാം എന്ന ഭീഷണി ഉയർന്നു കഴിഞ്ഞു. ഇന്ന് ഇന്ത്യൻ സമയം രാവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക കമാൻഡർമാരുമായി ചർച്ച നടത്തുന്നുണ്ട്. അതിൽ നിർണായക തീരുമാനം പ്രതീക്ഷിക്കാം.
അടഞ്ഞ കപ്പൽച്ചാൽ
ബോംബിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തിനുമേൽ ഉള്ള സാമ്പത്തിക മിസൈൽ ആക്രമണം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് എന്ന കപ്പൽച്ചാലിൽകൂടി എണ്ണടാങ്കുകളോ മറ്റു ചരക്കുകപ്പലുകളോ കടത്തിവിടുന്നില്ല. കടന്നുപോകണമെങ്കിൽ ഇറാൻ അനുവദിക്കണം. കപ്പലൊന്നിന് 20 ലക്ഷം ഡോളർ (19 കോടി രൂപ) പിഴയും കെട്ടണം.
ഹോർമുസ് വഴിയുള്ള കടത്തു മുടങ്ങിയതോടെ ലോകത്തെ ക്രൂഡ് ഓയിൽ ലഭ്യതയുടെ 20 ശതമാനം മുടങ്ങി. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ 40 ശതമാനമാണു കുറഞ്ഞത്. മറ്റു രാജ്യങ്ങളിൽനിന്ന് ക്രൂഡ് വാങ്ങി കുറേ ഭാഗം പരിഹരിച്ചു. എങ്കിലും ഗണ്യമായ കുറവു ശേഷിക്കുന്നു. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കാര്യവും അങ്ങനെതന്നെ.
പാചകവാതകം, പെട്രോ കെമിക്കലുകൾ, അലുമിനിയം അടക്കം വ്യാവസായികലോഹങ്ങൾ, രാസവളങ്ങൾ തുടങ്ങിയവയുടെ വിലകളും ഉയർന്നുനിൽക്കുകയാണ്. ഇവയിൽ പലതിന്റെയും വലിയ ഉത്പാദന കേന്ദ്രങ്ങളായി ഗൾഫ് രാജ്യങ്ങൾ മാറിയിരുന്നു. ഹോർമുസ് പാത മുടങ്ങിയതോടെ അവയുടെ വ്യാപാരം നിലച്ചു.
തെറ്റിപ്പോയ കണക്കുകൂട്ടൽ
യുദ്ധത്തിൽനിന്നുള്ള ഭീഷണി ലോകം ആദ്യം കണക്കാക്കിയതിലും വലുതായിട്ടുണ്ട്. ഒരു ഹ്രസ്വയുദ്ധമാണ് മിക്കവരും പ്രതീക്ഷിച്ചത്. ട്രംപ് പറഞ്ഞ നാല് അല്ലെങ്കിൽ അഞ്ച് ആഴ്ച എന്ന സമയപരിധി പലരും വിശ്വസിച്ചു. ഹോർമുസ് അടച്ചു കപ്പൽ ഗതാഗതം മുടക്കുന്നത് ആരും പ്രതീക്ഷിച്ച കാര്യമല്ല. അതുവഴി രണ്ടു കാര്യങ്ങൾ സാധിക്കാം എന്ന് ഇറാൻ കരുതി. ഒന്ന്: കപ്പൽച്ചാൽ തുറക്കാൻവേണ്ടി അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങും. അപ്പോൾ ആണവപദ്ധതി ഉപക്ഷിക്കാതെ യുദ്ധം അവസാനിപ്പിക്കാം. രണ്ട്: ഹോർമുസിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതുവഴി ഗൾഫ് രാജ്യങ്ങൾക്കുമേൽ അധീശത്വം ശാശ്വതമാക്കാം. രണ്ടും നടന്നില്ല.
അമേരിക്കയിലടക്കം ലോകമെങ്ങും ഇന്ധനവില ദുഃസഹമായ നിലയിലേക്ക് കയറി. ഇന്ധനവില താഴ്ത്താൻവേണ്ടി വിട്ടുവീഴ്ചയ്ക്ക് ട്രംപ് തയാറായില്ല. പകരം, ഇറാനുമേലുള്ള നാവിക ഉപരോധം നീണ്ട കാലത്തേക്കു തുടരും എന്ന് പ്രഖ്യാപിച്ചു. പാശ്ചാത്യവിലക്ക് ലംഘിച്ചു കുറേക്കാലമായി ഒളിച്ചും ഒളിക്കാതെയും ഇറാൻ നടത്തിവന്ന എണ്ണ കയറ്റുമതി തടഞ്ഞ് ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കും എന്ന വാശിയിലാണു ട്രംപ്. അതു വ്യാമോഹം എന്ന് ഇറാൻ പരിഹസിക്കുന്നു.
വളർച്ച ഇടിയുമ്പോൾ
ഹ്രസ്വയുദ്ധം കണക്കാക്കിയാണ് ഐഎംഎഫ് 2026ലെ ആഗോള വളർച്ച 3.1 ശതമാനമാകും എന്ന പുതിയ നിഗമനം ഏപ്രിൽ ആദ്യം നടത്തിയത്. നേരത്തേ 3.3 ശതമാനമെന്നായിരുന്നു നിഗമനം. പുതിയ നിഗമനത്തിൽ ക്രൂഡ് ഓയിലിനു ശരാശരി 82 ഡോളർ കണക്കാക്കി. പക്ഷേ അത് ഇതിനകം പഴങ്കഥയായി.
ശരാശരി ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് കയറിയാൽ ആഗോള വളർച്ച 2.5 ശതമാനമായി ഇടിയും എന്നാണ് ഐഎംഎഫ് നിഗമനം. വില 110 ഡോളറിനു മുകളിലേക്കു നീങ്ങിയാൽ രണ്ടു ശതമാനം മാത്രം വളർച്ചയേ ഫണ്ട് പ്രതീക്ഷിക്കുന്നുള്ളൂ.
ആഗോള വളർച്ച 2.5 ശതമാനത്തിലോ അതിനു താഴെയോ ആകുക എന്നതിനർഥം ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തിലാകുക എന്നാണ്. ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളും റഷ്യയും തെക്കുകിഴക്കൻ ഏഷ്യയും മാന്ദ്യത്തിന്റെ വക്കിലാണ്. അമേരിക്കയിലും ഇന്ധന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്കു ക്ഷതം വരുത്തുമെന്ന ഭീതി വളർന്നിട്ടുണ്ട്.
പണിയും വരുമാനവും കുറയും
ചിലയിടങ്ങളിൽ മാന്ദ്യം വരുമ്പോൾ മറ്റു സ്ഥലങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം കുറയും. അതായത് വാണിജ്യം കുറയും. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയുംപോലുള്ള വലിയ കയറ്റുമതി രാജ്യങ്ങൾക്ക് അതു വലിയ ക്ഷീണം വരുത്തും. ഇന്ത്യയുടെ ജിഡിപിയിൽ 22 ശതമാനം കയറ്റുമതിയുടെ സംഭാവനയാണ്. കയറ്റുമതി എട്ടോ പത്തോ ശതമാനം കുറയുമ്പോൾ ജിഡിപിയിൽ രണ്ടു ശതമാനം വരെ കുറവ് വരാം.
ജിഡിപി കുറയുന്നത് ശതമാനക്കണക്കിലാണു പറയുന്നത്. പക്ഷേ ആ കുറവ് ജനങ്ങളിലേക്ക് വരുന്നത് വരുമാനവും തൊഴിലും കുറയുന്നതിലൂടെയാണ്. പണിയും വരുമാനവും കുറയുമ്പോൾ ജനജീവിതം ബുദ്ധിമുട്ടാകും. അതു ലഘൂകരിക്കാൻ ഗവൺമെന്റ് ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ പണം ചെലവാക്കേണ്ടിവരും.
പക്ഷേ ജിഡിപി കുറയുമ്പോൾ ഗവണ്മെന്റിന്റെ വരുമാനവും കുറയും. ജിഡിപി തന്നാണ്ടു വിലയിൽ 10 ശതമാനം കൂടുമെന്നും അതിന്റെ 11.5 ശതമാനം നികുതിയായി കിട്ടുമെന്നുമാണ് ബജറ്റിൽ പ്രതീക്ഷിച്ചത്. വളർച്ച പത്തിൽനിന്ന് എട്ടു ശതമാനമായാൽ നികുതി വരുമാനവും ആനുപാതികമായി കുറയും. ബജറ്റ് കണക്ക് ഗണ്യമായി പാളും. അപ്പോൾ കമ്മി കൂടും. കൂടുതൽ കടം എടുക്കേണ്ടിവരും. ധനകാര്യ ലക്ഷ്യങ്ങൾ പാലിക്കാൻ പറ്റാതാകും. സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കേണ്ടിവരും. പ്രധാനമായും മൂലധനച്ചെലവാണു കുറയ്ക്കാൻ സാധിക്കുക. രണ്ടായാലും ഇപ്പോഴത്തെ വളർച്ചയും ഭാവി വളർച്ചയും കുറയും.
കമ്മിക്കണക്കു തെറ്റും
വിലക്കയറ്റം ഒഴിവാക്കി ഏഴു ശതമാനം വളർച്ച ഇക്കൊല്ലം പ്രതീക്ഷിച്ചാണ് ബജറ്റ് തയാറാക്കിയത്. ക്രൂഡ് വില ഉയർന്നുനിന്നാൽ അത് ആറു ശതമാനത്തിന് താഴെയാകും. ക്രൂഡ് വില 100 ഡോളറിനു താഴെ നിന്ന സമയത്തുതന്നെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഗോൾഡ് മാൻ സാക്സ് 5.9 ഉം മൂഡീസ് ആറും ശതമാനമായി താഴ്ത്തിയിരുന്നു. ഇപ്പോൾ 120 ഡോളർ വിലയിൽ ജിഡിപി വളർച്ച വീണ്ടും കുറവാകാനാണു സാധ്യത.
അമേരിക്ക നമ്മുടെ വലിയ ഫ്രണ്ടാണെന്ന് അധികാരികൾ പറയുന്നു. ഇറാൻ സഹസ്രാബ്ദങ്ങളായി മൈത്രിയുള്ള രാജ്യവും. (ആര്യന്മാർ ഇറാനിലോ സമീപമേഖലയിലോനിന്ന് വന്നവരാണെന്ന ശാസ്ത്ര നിഗമനങ്ങളെ ഭരണകൂടം തള്ളിപ്പറയുമ്പോഴും അടുപ്പം നിഷേധിക്കുന്നില്ല). അടുപ്പക്കാരുടെ തമ്മിലടിയിൽ ഏറ്റവുമധികം ആഘാതം ഏൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറുന്നത് ഇന്ത്യയാണ്. അതിൽ രണ്ടു മിത്രങ്ങൾക്കും ഒരു വിഷമവും ഇല്ല. നമ്മുടെ മൈത്രിക്ക് അത്രയും വിലയേ അവർ കണക്കാക്കുന്നുള്ളൂ എന്നു വേണമെങ്കിലും കരുതാം.
International
വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ്.
ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഇറാൻ വിഷയത്തിൽ അമേരിക്കയെ പരിഹസിച്ചതിനു പിന്നാലെയാണിത്. ചർച്ചാമേശയിൽ ഇറേനിയൻ പ്രതിനിധികൾക്കു മുന്നിൽ അമേരിക്ക നാണംകെട്ടെന്നായിരുന്നു മെർസ് പറഞ്ഞത്.
നാറ്റോ സഖ്യത്തിന്റെ ഭാഗമായി ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക സാന്നിധ്യമാണിത്. സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ട്രംപ ്സോഷ്യൽ മീഡിയയിൽ പറഞ്ഞത്.
തിങ്കളാഴ്ച യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പരിപാടിക്കിടെയാണു മെർസിന്റെ പരാമർശങ്ങൾ. ഇറാനു ചർച്ചകളിൽ നല്ല തഴക്കമുണ്ടെന്നും അമേരിക്കൻ പ്രതിനിധികൾ ഇസ്ലാമാബാദിലേക്കു പോയി വെറുംകൈയോടെ മടങ്ങേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
Business
ഇറാനിലെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിൽനിന്ന് ഇന്ത്യ പിൻമാറുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് പലരും കേട്ടത്. ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും നിർണായകമായ പദ്ധതികളിലൊന്നായിരുന്നു ചബഹാർ. പാകിസ്ഥാനെ മറികടന്നു മധ്യേഷ്യയിലേക്ക് എത്താനുള്ള ഇന്ത്യയുടെ ദീർഘകാല സ്വപ്നത്തിനു വാതിൽ തുറന്നത് ഈ തുറമുഖമായിരുന്നു. എന്നാൽ, അന്താരാഷ്ട്ര സമ്മർദങ്ങളും അമേരിക്കൻ ഉപരോധങ്ങളും ശക്തമായ സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
ചബഹാർ പ്രത്യേകത
ചബഹാർ തുറമുഖം ഭൗമരാഷ്ട്രീയ ദൃഷ്ടിയിൽ ഒരു അപൂർവ രത്നമാണ്. ആഴക്കടൽ തുറമുഖമായ ചബഹാർ വൻ ചരക്കുകപ്പലുകൾക്കു നേരിട്ട് അടുക്കാൻ കഴിയുന്ന വിധം സ്വാഭാവികമായി രൂപപ്പെട്ടതാണ്.
അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ചാബഹാർ തുറമുഖത്തെ പ്രധാന രണ്ട് ടെർമിനലുകളാണ് ഷാഹിദ് ബെഹെഷ്തി, ഷാഹിദ് കലന്താരി എന്നിവ. ഷാഹിദ് ബെഹെഷ്തി ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്തെങ്കിൽ ഷാഹിദ് കലന്താരി പ്രാദേശികമായ ആവശ്യങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയിരുന്നത്.
ചബഹാറും ഇന്ത്യയും
പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കു നേരിട്ട് ചരക്ക് നീക്കം നടത്താൻ ഇന്ത്യയ്ക്ക് കഴിയുന്ന ഒരേയൊരു മാർഗം ഈ തുറമുഖമാണ്. സൂയസ് കനാൽ വഴിയുള്ള പരമ്പരാഗത പാതയെ അപേക്ഷിച്ച് സമയവും ചെലവും ലാഭിക്കുവാൻ സാധിക്കുമെന്നത് ഇന്ത്യൻ വ്യാപാരത്തിനു വലിയ നേട്ടമായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലേക്കു നേരിട്ടു പ്രവേശനമുള്ള ഒരേയൊരു ഇറേനിയൻ തുറമുഖം കൂടിയായ ചബഹാർ, ഇന്ത്യയും റഷ്യയും യൂറോപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണിയായി മാറുമായിരുന്നു. അതിലൂടെ റഷ്യൻ വിപണിയും യൂറോപ്യൻ വിപണിയും ഇന്ത്യയ്ക്കു കൂടുതൽ അടുത്താകുമായിരുന്നു.
ചബഹാറിൽനിന്ന് അഫ്ഗാൻ അതിർത്തിയായ സഹേദാൻ വരെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന റെയിൽവേ പാത യാഥാർഥ്യമായിരുന്നെങ്കിൽ കരമാർഗമുള്ള ചരക്ക് നീക്കവും അതിവേഗമാകുമായിരുന്നു. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന് ലോകവിപണിയിലേക്ക് കടക്കാനുള്ള ഏക എളുപ്പവഴി കൂടിയായിരുന്നു ചബഹാർ.
അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായങ്ങളും മരുന്നുകളും ഇപ്പോൾതന്നെ ഈ തുറമുഖം വഴി എത്തിച്ചിരുന്നു. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഗ്വദർ തുറമുഖത്തിന് വെറും 72 കിലോമീറ്റർ അകലെ സ്ഥാനം ഉറപ്പിക്കുക എന്നത് ഇന്ത്യയുടെ തന്ത്രപരമായ ആവശ്യം കൂടിയായിരുന്നു. ഇറാനിലെയും മധ്യേഷ്യയിലെയും പ്രകൃതിവാതകവും എണ്ണ സമ്പത്തും എളുപ്പത്തിൽ ഇന്ത്യയിലെത്തിക്കാൻ ഈ തുറമുഖം വഴിയൊരുക്കുമായിരുന്നു, അത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കയും നിർണായകമായ സംഭാവനയായി മാറിയേനെ.
ഇന്ത്യയുടെ നിക്ഷേപം
2003 മുതൽതന്നെ ഈ തുറമുഖത്തിന്റെ വികസനത്തിൽ ഇന്ത്യ സജീവമായി പങ്കുചേർന്നിരുന്നു. എന്നാൽ, ഏറ്റവും നിർണായകമായ ചുവടുവയ്പ് ഉണ്ടായത് 2024ലാണ്, ഷാഹിദ് ബെഹെഷ്തി ടെർമിനൽ പ്രവർത്തിപ്പിക്കാൻ India Ports Global Limited ഇറാനുമായി 10 വർഷത്തെ കരാർ ഒപ്പിട്ടു. തുറമുഖത്ത് ആധുനിക ക്രെയിനുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ 120 മില്യൺ ഡോളർ നേരിട്ട് നിക്ഷേപിച്ചു.
അതോടൊപ്പം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 250 മില്യൺ ഡോളറിന്റെ വായ്പ കൂടി വാഗ്ദാനം ചെയ്തു. യൂണിയൻ ബജറ്റിൽ ഒരു ദശകത്തോളം 100 മുതൽ 400 കോടി രൂപ വരെ ചബഹാറിനായി മാത്രം വകയിരുത്തിയിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം 4,000 കോടി രൂപ ഇന്ത്യ ഇതിനകം ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഉപരോധം ശക്തമാകുന്നതിന് മുമ്പ് തന്നെ വാഗ്ദാനം ചെയ്ത 120 മില്യൺ ഡോളർ മുഴുവനായും ഇന്ത്യ ഇറാന് കൈമാറിയിട്ടുണ്ട്.
പിൻമാറ്റത്തിനു പിന്നിൽ
ഈ പിൻമാറ്റത്തിന്റെ വേരുകൾ തേടിപ്പോകേണ്ടത് 2018-ലേക്കാണ്. ട്രംപ് ഭരണകൂടം ഇറാനുമായുള്ള JCPOA കരാറിൽനിന്ന് പിൻവാങ്ങിയതോടെ ഇറാനിൽ കടുത്ത ഉപരോധം ഏർപ്പെടുത്തി, ചബഹാറിലെ ഇന്ത്യൻ നിക്ഷേപം അപകടകരമായ അവസ്ഥയിലായി. എന്നാൽ, അമേരിക്ക ഇന്ത്യയ്ക്ക് ഒരു പ്രത്യേക ഇളവ് (Sanctions Waiver) നൽകിയിരുന്നു. എന്നാൽ, 2026 ഏപ്രിൽ 26ന് അമേരിക്ക അതു പിൻവലിച്ചു.
പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും അമേരിക്ക-ഇറാൻ ബന്ധത്തിലെ കടുപ്പമേറിയ നിലപാടുകളും ഇന്ത്യയുടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാക്കി. ഇറാനുമായി ബിസിനസ് നടത്തുന്ന ഏതു രാജ്യത്തിനും അധിക 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വന്നതോടെ ഇന്ത്യയ്ക്കു മുന്നോട്ടുപോകാൻ ഒട്ടും ഇടമില്ലാതെയായി. ഉപരോധ ഒഴിവ് കാലാവധി തീരുന്നതോടെ തുടർന്നും അവിടെ തുടരുന്നത് ഇന്ത്യൻ കമ്പനികൾക്കും ബാങ്കിംഗ് ഇടപാടുകൾക്കും വലിയ സാമ്പത്തിക ഭീഷണിയാകുമെന്നു വ്യക്തമായതോടെ 2025 നവംബർ മുതൽ തന്നെ ഇന്ത്യ ചബഹാറിൽനിന്ന് ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിൻവലിച്ചു തുടങ്ങിയിരുന്നു.
2026-27 യൂണിയൻ ബജറ്റിൽ ഒരു ദശകത്തിനിടെ ആദ്യമായി ചബഹാറിനു യാതൊരു വിഹിതവും നൽകിയിട്ടില്ല. അതുതന്നെയായിരുന്നു ഇന്ത്യ ഈ പദ്ധതിയിൽനിന്നു പിൻമാറുന്നുവെന്നതിന്റെ ഏറ്റവും ശക്തമായ സൂചന.
ഇന്ത്യയുടെ നഷ്ടം
ഈ പിൻമാറ്റത്തിന്റെ ആഘാതം ഒരു തുറമുഖം നഷ്ടപ്പെടുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ചരക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ഏക ബദൽ പാത അടയുക കൂടിയാണ്. റഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണി നഷ്ടപ്പെടുന്നതോടെ ആ മഹത്തായ കണക്റ്റിവിറ്റി പദ്ധതി തന്നെ മന്ദഗതിയിലാകും. വർഷങ്ങളോളം നടത്തിയ നയതന്ത്ര പരിശ്രമങ്ങളും 4,000 കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഫലപ്രദമാകാതെ പോകാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ ഒരു പദ്ധതി ഉപേക്ഷിക്കുന്നു എന്ന തോന്നൽ ഇറാനുമായുള്ള ദീർഘകാല ബന്ധത്തെ മാത്രമല്ല, ആഗോള നിക്ഷേപങ്ങളിലുള്ള ഇന്ത്യയുടെ വിശ്വാസ്യതയെതന്നെ ബാധിച്ചേക്കാം.
ഈ ഉപരോധം Sagarmala Development Corporation ലേക്ക് കൂടി വ്യാപിക്കുകയാണെങ്കിൽ മ്യാൻമറിലെ സിറ്റ്വേ തുറമുഖം ഉൾപ്പെടെ ഇന്ത്യയുടെ മൊത്തം അന്തർദേശീയ തുറമുഖ പദ്ധതികളെ ഗുരുതരമായി ബാധിച്ചേക്കാം. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന്റെ വികസനത്തിലും പുനർനിർമാണത്തിലും ഇന്ത്യ വഹിച്ചിരുന്ന പങ്ക് ചബഹാർ കൈവിടുന്നതോടെ ദുർബലമാകും. അഫ്ഗാനുമായുള്ള നേരിട്ടുള്ള ബന്ധംതന്നെ ചോദ്യചിഹ്നമാകും. ഏറ്റവും നിർണായകമായ നഷ്ടം തന്ത്രപരമായ മുൻതൂക്കമാണ്, ഇന്ത്യയുടെ സാന്നിധ്യം കുറയുന്നതോടെ, ഗ്വാദർ തുറമുഖം ഈ മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കാൻ കാരണമാകും.
എന്നിരുന്നാലും, നിലവിലെ സാഹചര്യം ഒരു സ്ഥിരമായ പിൻമാറ്റമായി കാണേണ്ടതില്ല. Ministry of External Affairs വ്യക്തമാക്കുന്നതുപോലെ, ഇത് ഉപരോധങ്ങളിൽനിന്നു രക്ഷനേടാനുള്ള ഒരു താത്കാലിക ക്രമീകരണം (Tactical recalibration) മാത്രമാണ്. തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താത്കാലികമായി ഒരു ഇറാനിയൻ സ്ഥാപനത്തിന് കൈമാറാനുള്ള സാധ്യത ഇന്ത്യ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ അമേരിക്കൻ ഉപരോധങ്ങളുടെ നേരിട്ടുള്ള ആഘാതം കുറയ്ക്കുന്നതിനൊപ്പം, തുറമുഖ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനും സാധിക്കും. അതിനാൽ ഭാവിയിൽ അനുകൂല സാഹചര്യമുണ്ടാകുമ്പോൾ തിരിച്ചു വരാനും ഇന്ത്യക്കു സാധിച്ചേക്കും.
International
വാഷിംഗ്ടൺ: രണ്ടായിരത്തിലധികം യുഎസ് മറൈൻ സേനാംഗങ്ങളുടെ വീട്ടുപേരും വിലാസവും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഇറാന്റെ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പ് ചോർത്തിയതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണൽ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
സൈനികരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പങ്കുവെച്ചത്. തങ്ങളുടെ "നിരീക്ഷണ പാടവം" തെളിയിക്കാനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്.
സൈനികരുടെ വീട്ടുവിലാസങ്ങൾ പുറത്തുവന്നത് അവരുടെ കുടുംബങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ശത്രുരാജ്യങ്ങളിൽ നിന്നോ ഭീകര സംഘടനകളിൽ നിന്നോ ഇവർക്ക് ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഹാക്കർ ഗ്രൂപ്പാണെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ പ്രാഥമിക നിഗമനം. ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
യുഎസ് പ്രതിരോധ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ ചോർന്ന സൈനികർക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകിയതായും സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് അപേക്ഷിക്കുക ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. അപേക്ഷ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അറഗ്ചി പരിഹസിച്ചു. ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ എതിർത്തുനിന്നത്.
അവർ ഇതിൽ ഒരു ലക്ഷ്യം പോലും നേടിയില്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കായി അപേക്ഷിച്ചത്. അത് നമ്മൾ പരിഗണിക്കുന്നുണ്ടെന്നും അറഗ്ചി റഷ്യയിലെ മാധ്യമങ്ങളോടു പറഞ്ഞു.