കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ടിൽ തിരിമറിയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണൻ. സമൂഹ മാധ്യമത്തിലൂടെ ബാങ്ക് രേഖകൾ പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ ദിവസവും തിരിമറി നടത്തിയതിന്റെ തെളിവെന്ന് ആരോപിച്ച് ബാങ്ക് രേഖകൾ പുറത്തുവിട്ടിരുന്നു.
കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ ആരോപിച്ച തിരിമറികളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളാണിത്. സൂര്യനെ പോലെ തിളങ്ങുന്ന തെളിവുകൾ ബാക്കിയിരിക്കെ എങ്ങനെയാണു നിങ്ങൾക്ക് വാക്കുകൾ കൊണ്ട് പുകമറ സൃഷ്ടിച്ച് സത്യത്തെ മറച്ചു വയ്ക്കാൻ കഴിയുകയെന്ന് കുഞ്ഞിക്കൃഷ്ണണൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് 2016 നവംബർ മൂന്നിന് 40 ലക്ഷം രൂപ പിൻവലിച്ച് വിവിധ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമാക്കി. പിന്നീട് 25 ലക്ഷം ധനരാജ് അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും 15 ലക്ഷം രൂപ പാർട്ടി ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്തിട്ടുള്ളത്.
രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള അക്കൗണ്ട് നിലവിലിരിക്കെ 15 ലക്ഷം രൂപ എന്തിനാണ് ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിച്ചത് എന്ന ചോദ്യത്തിന് മറുപടി ഉണ്ടോ? ഇത് എവിടെയും വരവ് ചെലവ് കണക്കിൽ ഉൾപ്പെട്ടിട്ടില്ല എന്നതല്ലേ വസ്തുത?. രണ്ട് ലക്ഷം രൂപ കെ.പി. മധുവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് മാറ്റിയത്.
സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. പോരാട്ടം തുടരുമെന്നും വി. കുഞ്ഞിക്കൃഷ്ണണൻ കുറിച്ചു.