തിരുവനന്തപുരം: കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതികരണവുമായി മേയർ വി.വി.രാജേഷ്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭരണപക്ഷം സജ്ജമാണ്.
കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപിയെ ഒന്നും ചെയ്യാൻ കഴിയില്ല. 29ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ പറഞ്ഞു. കോർപറേഷനിൽ എൽഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷത്തിൽ പരിക്കേറ്റ തന്റെ കാലിന് പൊട്ടലില്ലെന്നും എന്നാൽ ഡിസ്ലോക്കേഷൻ ഉണ്ടെന്നും മേയർ വ്യക്തമാക്കി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്ന ഡെപ്യൂട്ടി മേയർ ഡിസ്ചാർജായി. ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെയെന്നും എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി ഉടൻ കോടതിയെ സമീപിക്കും. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നിർമാണത്തിലും ഫോറൻസിക് പരിശോധന വേണമെന്ന് സർക്കാരിനോട് കോർപറേഷൻ ആവശ്യപ്പെടും. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെടും. ഫോറൻസിക് ഓഡിറ്റിംഗ് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.