പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാമത്തെ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ ഒഴിവുള്ളത് 1,224 സീറ്റുകൾ. മൂന്ന് അലോട്ട്മെന്റുകളിലായി 8,669 കുട്ടികൾക്ക് ഇതിനോടകം പ്രവേശനം നൽകിയിട്ടുണ്ട്. 1,2093 അപേക്ഷകളാണ് പത്തനംതിട്ട ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി ലഭിച്ചിരുന്നത്. ഇതര ജില്ലകളിൽനിന്നായി 2,845 അപേക്ഷകളും എത്തി. മൂന്നാമത്തെ അലോട്ട്മെന്റിൽ മാത്രമായി 1,858 കുട്ടികളാണ് ഉൾപ്പെട്ടത്. 961 കുട്ടികൾക്ക് ഹയർ ഓപ്ഷനും സാധ്യമായി.
പ്രധാന അലോട്ട്മെന്റുകൾ പൂർത്തിയാകുന്പോൾ സംസ്ഥാനത്ത് സീറ്റുകൾ ഏറ്റവുമധികം ഒഴിഞ്ഞു കിടക്കുന്നതും പത്തനംതിട്ട ജില്ലയിലാണ്. 9,893 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശനം നടന്നത്. ജനറൽ വിഭാഗത്തിൽ മാത്രം 1,175 സീറ്റുകളുടെ ഒഴിവുണ്ട്. 8,107 സീറ്റുകളുണ്ടായിരുന്നതിൽ 6,932 സീറ്റുകളിലേക്കു മാത്രമേ അലോട്ട്മെന്റ് നടന്നിട്ടുള്ളൂ. സംവരണ വിഭാഗ സീറ്റുകളിലും ഒഴിവുകളുണ്ട്. എസ്സി വിഭാഗത്തിൽ ഏഴ് സീറ്റുകളാണ് ബാക്കിയുള്ളത്. എന്നാൽ എസ്ടി വിഭാഗത്തിന്റെ എല്ലാ സീറ്റുകളിലും അലോട്ട്മെന്റായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ 14 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
സ്പോർട്സ് ക്വാട്ടായിൽ 229 സീറ്റുകളാണ് ബാക്കിയുള്ളത്. 318 സീറ്റുകൾ മാറ്റിവച്ചിരുന്നതിൽ 89 കുട്ടികൾ മാത്രമേ ഈ വിഭാഗത്തിൽ അലോട്ട്മെന്റിന് അർഹരായുള്ളൂ. മോഡൽ റസിഡൻഷൽ സ്കൂളിലെ 50 സീറ്റുകളിൽ 38ൽ മാത്രമേ അലോട്ട്മെന്റ് പൂർത്തീകരിച്ചിട്ടുള്ളൂ.
മൂന്നാം അലോട്ട്മെന്റിനുശേഷമുള്ള പ്രവേശനം ഇന്നലെ മുതൽ സ്കൂളുകളിൽ ആരംഭിച്ചു. മൂന്നിനു വൈകുന്നേരം അഞ്ചുവരെ പ്രവേശനം സാധ്യമാകും. താത്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടുകയാണ് വേണ്ടത്.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം രണ്ടിനു വൈകുന്നേരം നാലിന് പൂർത്തിയാകും.
ഇതേവരെയും അപേക്ഷ നൽകാനാകാത്തവർക്കും പിഴവുകൾ കാരണം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടാതെ പോയവർക്കുമായി സപ്ലിമെന്ററി അലോട്ട്മെന്റുണ്ടാകും. ഇതിനുള്ള അപേക്ഷ പ്രത്യേകം സമർപ്പിക്കണം. ആറിനാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.