ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കഫേകളിൽ സാധനങ്ങൾക്ക് അമിത വിലയിടാക്കുന്നതായി പരാതി. അത്യാഹിത വിഭാഗം, ഒപി ടിക്കറ്റ് കൗണ്ടർ, ബ്ലഡ് കളക്ഷൻ സെന്റർ, കാർഡിയോളജി, പുതിയ സർജിക്കൽ ബ്ലോക്ക്, ഗൈനക്കോളജി എന്നിവടങ്ങളുടെ സമീപത്തായി 12 കുടുംബശ്രീ കഫേകൾ പ്രവർത്തിക്കുന്നുണ്ട്.ഈ കഫേകളിൽ ചായ്ക്കും ചെറുകടികൾക്കും പല വിലകൾ ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
മെഷീൻ ചായ്ക്ക് ചില കഫേകളിൽ 12 രൂപയാണെങ്കിൽ ചിലയിടത്ത് 15 രൂപയാണ് വാങ്ങുന്നത്. ആശുപത്രിക്ക് വെളിയിലുള്ള ഹോട്ടലുകളിൽ ചായക്ക് 15 രൂപയാണ് വാങ്ങുന്നത്. കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട കുടുംബശ്രീ കഫേയിൽ മുട്ടക്കറിക്ക് 50 രൂപയും ഇറച്ചി ഫ്രൈക്ക് 200 രൂപയും വാങ്ങുമ്പോൾ സ്വകാര്യ ഹോട്ടലുകാർ മുട്ടക്കറിക്ക് 30, 40 രൂപയും ഇറച്ചി ഫ്രൈക്ക് 150 രൂപയുമാണ് വാങ്ങുന്നത്. ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലും സ്വകാര്യ ഹോട്ടലുകളിലെ ചാർജാണ് ഈടാക്കുന്നത്.
പരിശോധന വേണമെന്ന്
രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന കഫേകളിൽ ഈടാക്കുന്ന അമിതവില നിയന്ത്രിക്കുവാനും ഏകീകൃത വില ഈടാക്കുവാനും ആശുപത്രി അധികൃതർ ഇടപെടണമെന്നാണ് ചികിത്സയ്ക്ക് എത്തുന്നവരുടെ ആവശ്യം. കൂടാതെ ഒരു കുടുംബ ശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി കഫേകൾ പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.