Kerala
നെടുമ്പാശേരി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽനിന്നു പച്ചക്കറിയും പഴവർഗങ്ങളും അബുദാബിയിൽ എത്തിക്കാൻ ഇന്നു പ്രത്യേക ചരക്കുവിമാനം സർവീസ് നടത്തും.
80,000 കിലോഗ്രാം പച്ചക്കറികളും പഴങ്ങളുമാണ് ഇവിടെനിന്ന് കയറ്റി അയയ്ക്കുക. ഫെയർ എക്സ്പോർട്ട്സ് (ഇന്ത്യ) ആണ് 12,000 പാക്കേജുകൾ ക്രമീകരിച്ചിട്ടുള്ളത്. അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ഇവ എത്തിക്കുന്നത്. പഴവും പച്ചക്കറിയും കേരളത്തിൽനിന്നാണു സംഭരിച്ചത്.
അബുദാബിയിൽനിന്ന് രാവിലെ എട്ടിന് ഫെറി ഫ്ളൈറ്റായി വരുന്ന വിമാനം ചരക്ക് കയറ്റി 11ന് തിരിച്ചുപോകും. ഇന്ന് എയർ അറേബ്യയുടെ വിമാനം ഷാർജയിലേക്ക് സർവീസ് നടത്തും.
ഇന്നലെ ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, ഫുജൈറ, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിൽനിന്നായി 13 വിമാനങ്ങൾ കൊച്ചിയിൽ വന്നു. കൊച്ചിയിൽനിന്ന് ദുബായ്, റിയാദ്, ഷാർജ, ജിദ്ദ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഒന്പത് വിമാനങ്ങൾ സർവീസ് നടത്തി.
Business
കൊച്ചി: പശ്ചിമേഷ്യയില് യുദ്ധം രൂക്ഷമായതോടെ കേരളത്തില്നിന്നുള്ള പഴം, പച്ചക്കറി അടക്കമുള്ള ചരക്കുകളുടെ കയറ്റുമതി പ്രതിസന്ധിയില്. ഗള്ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്വീസുകള് താളം തെറ്റിയതോടെ കേരളത്തില്നിന്നുള്ള കയറ്റുമതി താത്കാലികമായി നിലച്ചിരിക്കുകയാണ്. കയറ്റുമതിക്കായി എത്തിച്ച ടണ്കണക്കിനു ചരക്കുകളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കെട്ടിക്കിടക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ വിപണിയാണ് ഗള്ഫ് മേഖല. നെടുമ്പാശേരി വിമാനത്താവളം വഴി മാസം 2,500 ടണ് വരെ ഉത്പന്നങ്ങളാണ് ഗള്ഫിലേക്കു കയറ്റുമതി ചെയ്യുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്നിന്ന് 1,300 ടണ് വരെ ചരക്കുകളും കണ്ണൂര്, തിരുവനന്തപുരം വിമാനത്താവളങ്ങള് വഴിയായി 600 ടണ് ചരക്കുകളും കയറ്റി അയയ്ക്കുന്നുണ്ട്. ഉത്സവ സീസണുകളില് കയറ്റുമതി ഇതിലും വര്ധിക്കാറാണ് പതിവ്. ഈ സാമ്പത്തിക വര്ഷം ഏപ്രില് മുതല് ഡിസംബര് വരെ യുഎഇലേക്ക് 1,806.82 കോടിയുടെയും സൗദി അറേബ്യയിലേക്ക് 283.69 കോടിയുടെയും പഴം, പച്ചക്കറികളാണ് കേരളത്തില്നിന്നു കയറ്റുമതി ചെയ്തത്.
യുദ്ധം തുടരുന്നതിനാല് യൂറോപ്യന് യൂണിയനുകളിലേക്കും പശ്ചിമേഷ്യയിലെ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി നിലച്ചിരിക്കുകയാണെന്ന് കേരള എക്സ്പോര്ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്ഷിദ് അലി പറഞ്ഞു. ദോഹ വഴിയും ദുബായ് വഴിയുമാണ് യൂറോപ്യന് യൂണിയനുകളിലേക്കു ചരക്കുകള് കയറ്റി അയയ്ക്കുന്നത്. ഫെബ്രുവരി 27ന് ശേഷം വിമാന മാര്ഗം കേരളത്തില്നിന്നുള്ള ചരക്കുനീക്കം നിലച്ചു.
കടൽമാർഗമുള്ള ചരക്കുനീക്കങ്ങളിലാണ് യുദ്ധാന്തരീക്ഷം കൂടുതൽ കരിനിഴൽ വീഴ്ത്തുന്നത്. മാര്ച്ച് ഒന്നിന് പുലര്ച്ചെ ഒന്നരയ്ക്കാണ് വല്ലാര്പാടം ടെര്മിനലില്നിന്ന് 500 കണ്ടെയ്നറുമായി അവസാന ചരക്കുകപ്പല് പുറപ്പെട്ടത്. യുദ്ധത്തെ തുടര്ന്ന് ലബനന് തുറമുഖം അടച്ചതിനാല് ഈ കപ്പല് കൊച്ചിയിലേക്കു മടങ്ങി. കപ്പൽ പാതകൾക്ക് പലയിടത്തും നിരോധനമുള്ളതും സുരക്ഷാഭീഷണി നിലനിൽക്കുന്നതുമാണ് ചരക്കുനീക്കം പ്രതിസന്ധിയിലാക്കുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ ആഭ്യന്തര വിപണിയില് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള് വിറ്റഴിക്കേണ്ട അവസ്ഥയാണ്.
District News
പാറശാല: ചാല മാര്ക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച്ച അതിരാവിലെ മൂന്നരമണിക്കായിരുന്നു അപകടം. തമിഴ്നാട്ടിലെ കാവല്കിണറില് നിന്നും ചാല മാര്ക്കറ്റിലേക്ക് പച്ചക്കറിയുമായിവന്ന ലോറിയാണു പാറശാലയ്ക്കു സമീപം ഇഞ്ചിവിളയില് റോഡ് വക്കിലേക്കു മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന പച്ചക്കറികള് റോഡില് ചിന്നിച്ചിതറി. ലോറി ഓടിച്ചിരുന്ന ഡ്രൈവര് മൈലാടി സ്വദേശി ശിവയെ (39) നിസാരപരിക്കുകളോടെ പാറശാലയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര് ഉറക്കത്തിലായിരുന്നതായാണ് നാട്ടുകാര് പറയുന്നത്.
വേഗത്തിലെത്തിയ ലോറിയുടെ ബ്രേക്ക് കുത്തിറക്കത്തില് പെട്ടെന്ന് ചവിട്ടിയതാണ് അപകടകാരണം. ലോറിയും പച്ചക്കറികളും അപകടസ്ഥലത്തുനിന്നും മാറ്റിയശേഷം അപകടാവസ്ഥയില് ലോറിയില്നിന്നും റോഡിലേക്ക് പതിച്ച ഓയില് പാറശാലനിന്നും ഫയര്ഫോഴ്സ് യൂണിറ്റ് എത്തി കഴുകി വൃത്തിയാക്കി. അപടസമയത്ത് റോഡില് കാല്നട യാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാത്തത് കാരണം വന് അപകടം ഒഴിവായി.
International
ഇസ്ലാമാബാദ്: സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തിരിച്ചടിയാകുന്നു. ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു.
എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സ് തലവൻ ഖാൻ ജാൻ അലോകോസെ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. പാകിസ്ഥാൻ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ($2.13). അഫ്ഗാനിസ്ഥാനിൽനിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്.
ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാൽ വിപണിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമമുണ്ടെന്ന് അലോകോസെ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ അതിർത്തി വ്യാപാരം ഇപ്പോഴും ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25ന് ഇസ്താംബൂളിൽ നടക്കും.