തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന് നിബന്ധനകളോടെ സര്ക്കാര് അനുമതി നല്കി. നിറം, എൻജിൻ, ഷാസി, ബോഡി ഘടന എന്നിവയിൽ ഉൾപ്പെടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഗതാഗത കമ്മീഷണർ ജി. സജൻ കുമാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
വാഹനങ്ങളിൽ വരുത്തുന്ന എല്ലാ മാറ്റങ്ങൾക്കും ഗതാഗത വകുപ്പിന്റെ അനുമതി നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമായിരിക്കണം മാറ്റങ്ങൾക്ക് അനുമതി നേടേണ്ടത്. വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും വേണം.
വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററിംഗ് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്. മാറ്റിയ നിറം ആർസിയിൽ രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ വാഹനം നിരത്തിലിറക്കാൻ പാടുള്ളൂ. കേന്ദ്ര മോട്ടോർ വാഹന ചട്ടം 121 പ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ തീരുമാനങ്ങൾ പ്രകാരമോ നിരോധിച്ചിട്ടുള്ള നിറങ്ങൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ല.
വാഹനത്തിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന അതേ സ്പെസിഫിക്കേഷനിലുള്ള എൻജിൻ മാത്രമേ മാറ്റിസ്ഥാപിക്കാൻ കഴിയൂ. ഒരേ മോഡൽ, ശേഷി, പവർ തുടങ്ങിയവയുള്ളതും അതേ നിർമാതാവിന്റേതുമായ എൻജിനായിരിക്കണം ഉപയോഗിക്കേണ്ടത്. മറ്റൊരു വാഹനത്തിൽ നിന്നുള്ള എൻജിൻ മാറ്റിവയ്ക്കാൻ അനുമതിയുണ്ടാകില്ല.
ഷാസി ഫ്രെയിമിലും ബോഡി ഘടനയിലും മാറ്റങ്ങൾ വരുത്തുന്നതിനും മുൻകൂർ അനുമതിയോടെ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മാറ്റം വരുത്തിയ വിവരങ്ങൾ ആർസിയിൽ രേഖപ്പെടുത്തണം. ഒരു വിഭാഗം വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു വിഭാഗത്തിലുള്ള വാഹനത്തിൽ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല.
ഇതിന് പുറമെ വാഹനത്തിന്റെ ഇന്ധന തരം മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റത്തിൽ പരിഷ്കാരം വരുത്തുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും നിബന്ധനകളോടെ അനുമതിയുണ്ട്. മാറ്റങ്ങൾ നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനായി ഗതാഗത കമ്മീഷണർ വിശദമായ ഉത്തരവ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും കൈമാറി.