NRI
ന്യൂയോർക്ക് : റിയർ കാമറയിലെ സാങ്കേതിക തകരാർ മൂലം 1.7 ദശലക്ഷത്തിലധികം (17 ലക്ഷം) വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നു.
2020 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ ബ്രോങ്കോ (Bronco), എഡ്ജ് (Edge), എക്സ്പ്ലോറർ (Explorer), എസ്കേപ്പ് (Escape) കൂടാതെ ലിങ്കൺ കോർസെയർ (Lincoln Corsair), ഏവിയേറ്റർ (Aviator) എന്നീ മോഡലുകളെയാണ് തകരാർ ബാധിച്ചിരിക്കുന്നത്.
റിവേഴ്സ് എടുക്കുമ്പോൾ കാമറ ദൃശ്യങ്ങൾ തെളിയാതിരിക്കുകയോ അല്ലെങ്കിൽ ദൃശ്യങ്ങൾ തലതിരിഞ്ഞ നിലയിൽ (inverted) കാണപ്പെടുകയോ ചെയ്യുന്നു. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
വാഹനങ്ങളിലെ സോഫ്റ്റ്വെയർ സൗജന്യമായി പരിഷ്കരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു. ബ്രോങ്കോ, എഡ്ജ് മോഡലുകളുടെ ഉടമകൾക്ക് ഈ മാസം അവസാനവും മറ്റ് മോഡലുകളുടെ ഉടമകൾക്ക് ഏപ്രിൽ പകുതിയോടെയും തപാൽ വഴി അറിയിപ്പ് ലഭിക്കും.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കാറുകൾക്കും ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെ മെട്രോ ആശുപത്രിക്ക് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. കാറുകൾക്കും കേടുപാടുണ്ട്. ആർക്കും പരിക്കില്ല.
യാത്രക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് 35 വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.
ബ്രോയിലർ ഫാം ആരംഭിക്കുന്നതിന് കൊല്ലം കൊട്ടാരക്കര കോട്ടുക്കൽ വില്ലേജിലെ കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന് (കെപ്കോ) നൽകിയ 10 ഏക്കർ ഭൂമിയുടെ പാട്ടത്തുകയിൽ ഇളവു നൽകി.
2025-2026 സാന്പത്തികവർഷം മുതൽ ഏക്കർ ഒന്നിന് 1000 രൂപ നിരക്കിൽ പുതുക്കി നിശ്ചയിച്ചു.
Business
കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള പി.ടി. ടാറ്റ മോട്ടോഴ്സ് ഇന്തോനേഷ്യയില്‍ 70,000 വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.
കൃഷി ആവശ്യങ്ങള്‍ക്കും ഗ്രാമീണ ലോജിസ്റ്റിക്സിനും ഫാം ടു മാര്‍ക്കറ്റ് ഗതാഗതത്തിനും ചരക്കുനീക്കത്തിനുമായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് വിതരണം ചെയ്യുക.
35,000 യൂണിറ്റ് വീതം ടാറ്റ യോദ്ധയും (പിക്അപ്) ടാറ്റ അള്‍ട്രാ ടി.7നുമാണ് (ട്രക്ക്) വിതരണം ചെയ്യുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന ഒറ്റക്കാരണത്തില്‍ ഒതുക്കാനുള്ളതല്ല വാഹനങ്ങള്‍ കത്തി നശിക്കുന്ന സംഭവങ്ങള്‍... പ്രത്യേകിച്ചും കേരളത്തില്‍ അത് ഒറ്റപ്പെട്ട സംഭവം അല്ലാതെ ആകുമ്പോള്‍. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കത്തിനശിക്കുന്നത് പലപ്പോഴും വന്‍ ദുരന്തമാണ് സൃഷ്ടിക്കാറുള്ളത്. വണ്ടികളില്‍ തീ ആളിപ്പടരുകയും കത്തിനശിക്കുകയും ചെയ്യുന്ന അപകടങ്ങള്‍ കേരളത്തില്‍ വർധിച്ചു വരികയാണ്. വാഹനങ്ങള്‍ ഇങ്ങനെ കത്തി നശിക്കുന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ കൂട്ടിച്ചേര്‍ക്കലുകളാണ്. അണ് ഓഥറൈസ്ഡ് ആയ ഓള്‍ട്ടറേഷന്‍ ആണ് വാഹനങ്ങള്‍ കത്തി നശിക്കാന്‍ കാരണമാകുന്നതെന്നാണ് കൊച്ചിയിലെ എംവിഡി ഉദ്യോഗസ്ഥര്‍ ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചത്.
നിലവാരം കുറഞ്ഞാൽ
ഒരുപാട് ടെസ്റ്റുകള്‍ കഴിഞ്ഞാണ് വണ്ടിയുടെ മാനുഫാക്ചറിംഗ് നടക്കുന്നത്. ഫയര്‍ ടെസ്റ്റ്, കൊളീഷന്‍ ടെസ്റ്റ് ഉള്‍പ്പെടെ നടത്തും. ഇങ്ങനെ ടെസ്റ്റുകള്‍ ഒക്കെ കഴിഞ്ഞു വരുന്ന വണ്ടികള്‍ സാധാരണയായി കത്തി നശിക്കാന്‍ സാധ്യതയില്ല. വാഹനങ്ങളില്‍ അശാസ്ത്രീയമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വയറിംഗും നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാനും വണ്ടി കത്തി നശിക്കാനും സാധ്യത കൂട്ടുകയാണ്. ഡിസി കറന്റ് സിസ്റ്റം ആണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. 12 വാള്‍ട്ട് ആണെങ്കില്‍ പോലും സ്പാര്‍ക്ക് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത വയറിംഗ് ചെയ്തു കഴിഞ്ഞാല്‍ വാഹനം കത്താനുള്ള സാധ്യതയുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മ്യൂസിക് സിസ്റ്റം, ആക്സസറികള്‍, പവര്‍ വിന്‍ഡോസ്, ഹോണുകള്‍ തുടങ്ങി പല മോഡിഫിക്കേഷനുകള്‍ നടത്തുമ്പോഴും വാഹനങ്ങളുടെ നിലവിലെ വയറിംഗ് കട്ട് ചെയ്തും നിലവാരം കുറഞ്ഞ വയറുകള്‍ കൂട്ടിച്ചേര്‍ത്തും പിടിപ്പിക്കുന്നുണ്ട്. ഇതു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകും. മാത്രമല്ല, ഫൂവല്‍ ലൈനുകള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കാതിരുന്നാല് വാഹനത്തില്‍നിന്നു ഫ്യൂവല്‍ ലീക്ക് ആയി എന്‍ജിന്റെ ചൂടുള്ള ഭാഗത്തു വീണാല്‍ തീ പിടിക്കാനുള്ള സാധ്യതയുണ്ട്. കമ്പ്രസ്ഡ് ഗ്യാസ് കാനുകളും വണ്ടിക്കുള്ളില്‍ വയ്ക്കാന്‍ പാടില്ല. പ്രഷര്‍ കൂടി പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ വണ്ടികള്‍ കര്‍ക്കശമായ ടെസ്റ്റുകള്‍ കഴിഞ്ഞാണ് വിപണിയില്‍ വരുന്നത്. അതു ഫയര്‍ പ്രൂഫുമാണ്. അനധികൃതമായ രൂപമാറ്റം വരുത്തന്നതാണ് കൂടുതലായും വണ്ടികള്‍ കത്തി നശിക്കാന്‍ കാരണമാകുന്നത്.
Kerala
തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് നിരക്കിൽ കുറവു വരുത്തി സർക്കാർ ഉത്തരവിറക്കി.
10, 15, 20 വർഷം പഴക്കം വരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് 50 ശതമാനത്തിൽ താഴെ ഇളവു വരുത്തി.
കേന്ദ്ര മോട്ടോർ നിയമമനുസരിച്ചു വാഹനങ്ങളുടെ കാലപ്പഴക്കം കണക്കിലെടുത്തു ഫിറ്റ്നസ് തുക കേന്ദ്ര സർക്കാർ 50 ശതമാനത്തിൽ അധികം വർധിപ്പിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനം കേന്ദ്രത്തോടു തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മോട്ടോർ വകുപ്പ് ഉത്തരവിറക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫീസ് അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ 41 കോടി വാഹനങ്ങളില്‍ 70 ശതമാനത്തിലധികവും നിർബന്ധമായും പാലിക്കേണ്ട ഒന്നല്ലെങ്കിൽ മറ്റേതെങ്കിലും നിയമങ്ങൾ പാലിക്കാറില്ലെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം.
നിയന്ത്രണ വിധേയമായ മലിനീകരണത്തിന്റെ സർട്ടിഫിക്കറ്റ് (പിയുസി), ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളിൽ ഏതെങ്കിലുമൊക്കെ രാജ്യത്തെ 70 ശതമാനം വാഹനങ്ങളും പാലിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ഗതാഗത മന്ത്രാലയം ഈ കണക്കുകളുൾപ്പെട്ടിട്ടുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ച നടന്നൊരു യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതിനിധികളുമായി പങ്കുവച്ചിട്ടുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ മൂന്നിൽ രണ്ടും ഇരുചക്രവാഹനങ്ങളാണ്- ഏകദേശം 23.5 കോടി വരുമിത്. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമനിർവഹണത്തിലെ വീഴ്ചകൾക്കെതിരേ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാഹന ഉടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് നിശ്ചിത സമയപരിധിക്കുളളിൽ ഉറപ്പാക്കാൻ കേന്ദ്രം ഒരു നിയമച്ചട്ടക്കൂടും നിർദേശിച്ചിട്ടുണ്ട്.അനുവദനീയമായ സമയപരിധിക്കുള്ളിൽ നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾ തനിയെ ഡീ-രജിസ്റ്റർ ചെയ്യപ്പെടുമെന്നതാണ് വ്യവസ്ഥ.
Kerala
കോഴിക്കോട്: ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി ശിപാർശ ചെയ്യുന്ന നിയമം വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർദേശിക്കുന്നതരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണു നീക്കം.
നിരത്തുകളിൽ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാധുവായ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് നിലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത്. ഇതേ നിയമമാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാകുകയെന്നാണ് വിവരം. തേർഡ് പാർട്ടി ഇൻഷ്വറൻസ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവരുന്നത്.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളിലേറെയും ഇരുചക്ര വാഹനങ്ങളാണെന്നാണു നിരീക്ഷണം. ചെറിയ തോതിലെങ്കിലും മറ്റു വിഭാഗങ്ങളിലെ വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങാറുണ്ട്.
നിലവിലെ നിയമമനുസരിച്ച് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യ തവണ 2,000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിനു പിടിക്കപ്പെട്ടാൽ 4,000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണു ചുമത്തുന്നത്.
Kerala
കൂത്താട്ടുകുളം: സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയശേഷം തിരികെ നൽകാതെ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതായി യുവാവിനെതിരേ പരാതി.
തിരുമാറാടി പഞ്ചായത്തിൽ ഒലിയപ്പുറത്ത് താമസിക്കുന്ന കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെതിരേയാണു പരാതി. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ആറു കേസുകളാണ് ഇയാൾക്കെതിരേ ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് സജനും കുടുംബവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ആളുകളിൽനിന്നും വിവിധ ആവശ്യങ്ങൾ കാണിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയിരുന്നു. പിന്നീട് വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയില്ല. ഇതേത്തുടർന്നാണ് വാഹന ഉടമകൾ പോലീസിൽ പരാതി നൽകിയത്.
വർഷങ്ങളായി സജൻ ഒലിയപ്പുറത്ത് ഭാര്യാവീട്ടിലാണു താമസം. ഇതിനിടെ സജനെയും ഭാര്യ അഞ്ജനയെയും കുട്ടികളെയും കാണാനില്ലെന്നു കാണിച്ച് ഭാര്യയുടെ മാതാപിതാക്കൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ എടുക്കുന്നതിനായി സജനും ഭാര്യയും ഒരുമിച്ചാണ് എത്തിയിരുന്നത്. സൗഹൃദ സംഭാഷണത്തിനുശേഷം വാഹനങ്ങൾ കൊണ്ടുപോയിരുന്നതിനാൽ സംശയമൊന്നുമുണ്ടായിട്ടില്ലെന്ന് വാഹനത്തിന്റെ ഉടമകൾ പറഞ്ഞു. 40,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ വാഹനം പണയം വച്ച് സജൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്.
ഇവരുടെ കണക്കനുസരിച്ച് സജൻ കോടികളുടെ തട്ടിപ്പാണു നടത്തിയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ കർണാടക ഭാഗത്ത് സജനും കുടുംബവും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
പരാതിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് കൂട്ടായ്മയിലൂടെ ലഭിച്ച വിവരമനുസരിച്ച് 35ലധികം വാഹനങ്ങൾ സജൻ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ഇയാളുടെ കെണിയിൽ വീണിട്ടുള്ളതായും സംശയമുണ്ട്.
തട്ടിയെടുത്ത വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് കമ്പനികളിൽ പണയം വച്ച് പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പണയം വച്ച ചില വാഹനങ്ങൾ പോലീസ് കണ്ടെത്തി. വ്യാജരേഖകളും ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഉപയോഗിച്ചാണു വാഹനങ്ങൾ പണയം വച്ചിട്ടുളളത്.
ഇത്തരത്തിൽ പാലക്കുഴ സ്വദേശിയുടെ ആധാർ കാർഡ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ സജന്റെ വ്യാജ ആധാർ കാർഡും പോലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു വിവരം.
വിദ്യാഭ്യാസ കാലയളവിൽ കൂടെ പഠിച്ചിരുന്ന ആളുകളിൽനിന്നും മറ്റു പരിചയക്കാരിൽനിന്നുമാണ് വാഹനങ്ങൾ തട്ടിയെടുത്തിരിക്കുന്നത്. പോലീസിന്റെ അന്വേഷണത്തിൽ മൂന്ന് വാഹനങ്ങൾ ഇതര സ്റ്റേഷൻ പരിധികളിൽനിന്നു കണ്ടെത്തി.
സജൻ തട്ടിയെടുത്ത വാഹനത്തിൽ ഒരെണ്ണം കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു. ഇത് കേടുവന്നപ്പോൾ സജൻ തന്നെ പരിചയമുള്ള ഒരു വർക്ഷോപ്പിൽ നന്നാക്കാൻ ഏൽപ്പിച്ചു. എന്നാൽ വാഹനയുടമ മടങ്ങിയശേഷം ഈ വാഹനം വർക് ഷോപ്പിൽനിന്ന് എടുത്തുകൊണ്ടുപോയി പണയം വച്ചു. ഈ വിവരം കാണിച്ച് കുറവിലങ്ങാട് സ്വദേശിയും കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ സംസ്ഥാനം കടന്ന് പൊളിമാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
Kerala
പത്തനംതിട്ട: റാന്നിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതര പരിക്കേറ്റു.
വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.
Kerala
മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഏഴ് വാഹനങ്ങളാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂർ ഇറക്കത്തിൽ വച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ ട്രാൻസ്ഫോമറിലിടിച്ചാണ് ലോറി നിന്നത്.
Kerala
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻ കീഴിലാണ് സംഭവം.
രണ്ട് ബൈക്കുകൾ, ഒട്ടോ റിക്ഷ, സ്കൂട്ടി എന്നിവയാണ് കത്തിനശിച്ചത്. ബിജെപി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലാണ് സംഭവം.
Business
ന്യൂഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് കേന്ദ്രഗതാഗത മന്ത്രാലയം. പരിശോധനാ ഫീസിൽ 10 മടങ്ങ് വർധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (അഞ്ചാം ഭേദഗതി) പ്രകാരമുള്ള നിരക്ക് വർധന ഉടൻ പ്രാബല്യത്തിൽ വരും. വാഹനങ്ങളുടെ പഴക്കവും വിഭാഗവും അനുസരിച്ച് നിരക്ക് ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നത്. എന്നാൽ, പുതിയ നിര്‍ദേശമനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കും.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെയും 15 മുതല്‍ 20 വര്‍ഷം വരെയും 20 വര്‍ഷത്തിലധികം പഴക്കമുള്ളത് എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്. മുമ്പ് 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളില്‍ ഈടാക്കിയിരുന്ന ഏകീകൃത നിരക്കില്‍നിന്നു വ്യത്യസ്തമായി ഓരോ വിഭാഗത്തിനും പ്രത്യേകം ഫീസ് ഈടാക്കാനാണു നിലവിലെ തീരുമാനം.
ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഇടത്തരം, ഹെവി ഗുഡ്സ്, പാസഞ്ചർ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങൾക്കും കാലപ്പഴക്കത്തിനനുസരിച്ച സ്ലാബുകൾ ബാധകമാണ്. ഹെവി വാഹനങ്ങളെയാണ് വർധന പ്രധാനമായും ബാധിക്കുക.
20 വര്‍ഷത്തിലധികം പഴക്കമുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഫിറ്റ്നസ് പരിശോധനയ്ക്കായി 25,000 രൂപ നല്‍കേണ്ടിവരും. മുമ്പ് ഇത് 2500 രൂപയായിരുന്നു. ഇതേ കാലപ്പഴക്കമുള്ള ഇടത്തരം വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കല്‍ ഫീസ് 1800 രൂപയില്‍നിന്ന് 18,000 രൂപയായി വര്‍ധിപ്പിച്ചു. 20 വര്‍ഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് 15,000 രൂപയായി. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മുച്ചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 7,000 രൂപ നൽകണം. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ ഫീസ് മൂന്നിരട്ടിയിലധികം വർധിച്ചു. 600 രൂപയിൽനിന്ന് 2,000 രൂപയായാണു വർധന.
Kerala
വൈപ്പിൻ: സംസ്ഥാനപാതയിൽ പതിനഞ്ചു വയസുകാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഞാറയ്ക്കൽ പോലീസ് കാർ പിന്തുടർന്നാണ് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും കാർ ഓടിച്ചിരുന്ന 15കാരന്റെ പിതാവ് കലൂർ അറക്കപ്പറമ്പിൽ അബ്ദുൾ റഷീദി(55)നെതിരെ കേസ് എടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കലൂരിൽ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയായ 15കാരൻ കാറോടിച്ച് ചെറായി ബീച്ചിൽ എത്തിയത്. തിരികെ വരുന്ന വഴി ചെറായിയിലും എടവനക്കാടുമായി രണ്ടു പേരെ ഇടിക്കുകയും നിരവധി വാഹനങ്ങളിൽ തട്ടുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തനാകുകയും പലയിടത്തും വച്ച് കാർ റിവേഴ്സ് എടുത്ത് വെട്ടിത്തിരിച്ച് റോഡിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. ഒടുവിൽ ഞാറക്കൽ പോലീസ് കാള മുക്കിൽ വച്ച് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.