തിരുവനന്തപുരം: സപ്ലൈകോയെ സ്വയംപര്യാപ്തമാക്കുമെന്നും പാടത്തുനിന്ന് മില്ലുകളിലേക്കുള്ള വാഹനങ്ങളിലും ട്രാക്കിംഗ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിനും തുക നല്‍കാനും സ്ഥിരസംവിധാനം കൊണ്ടുവരും. വരും സീസണുകളില്‍ കൃത്യമായ നെല്ല് സംഭരണം നടത്താനും പണം കൃത്യമായി കര്‍ഷകരുടെ അക്കൗണ്ടുകളില്് എത്തിക്കാനുമുള്ള നടപടി സ്വീകരിക്കും.
വരുന്ന സീസണുകളില്‍ കൊയ്ത്ത് തുടങ്ങുന്ന സമയത്തുതന്നെ കര്‍ഷക രജിസ്ട്രേഷനും ആരംഭിക്കുന്നത് കൃഷിവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പുതുക്കിയ ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സപ്ലൈകോ കേന്ദ്രീകൃത മില്ലുകള്‍ ആരംഭിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നെല്ല് സംഭരണത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക നിയന്ത്രണവും നിരീക്ഷണവും ശക്തിപ്പെടുത്താനും എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആര്‍പി) പരിഗണിക്കും. ഇങ്ങനെ വിവിധ പ്രേദശങ്ങളിലെ സംഭരണ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകൃതമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
സംഭരണശാലകള്‍ ലഭ്യമായാല്‍ പാടത്ത് നെല്ല് കെട്ടിക്കിടക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കൃഷിവകുപ്പുമായി കൂടിയാലോചിച്ച് അതിനുള്ള നടപടി ആലോചിക്കും. മില്ലുകളില്‍ നിന്ന് എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്ന് പിആര്എസുകളിലേക്കും എത്തുന്ന വാഹനങ്ങള്‍ക്ക് ട്രാക്കിംഗ് സിസ്റ്റം നിലവിലുണ്ട്. പാടശേഖരത്തുനിന്നും മില്ലുകളിലേക്ക് എത്തുന്ന വാഹനങ്ങളിലും ഈ സംവിധാനം വരുന്നതോടെ, കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു .