തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചിത്രം വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ ചിത്രമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ ആണ് അത്രയധികം ചിരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
ആ രംഗം സാങ്കേതികമായി തികച്ചും അസാധ്യമായ ഒന്നാണെന്നും യുക്തിപരമായ പിഴവുകൾ ഉണ്ടായിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തത് സിനിമയുടെ മാന്ത്രികതയാണെന്നും പ്രിയദർശൻ പറയുന്നു.
"മലയാളത്തിൽ ഒരു സിനിമയുണ്ട്, അതിൽ ഒരു റോഡ് റോളർ താഴേക്ക് ഉരുണ്ടു പോകുന്ന സീനുണ്ട്. എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ആ കോമഡി രംഗം യുക്തിപരമായി തെറ്റായിരുന്നു. മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു; ഒരു റോഡ് റോളറിന് ഒരിക്കലും അങ്ങനെ ഉരുണ്ടുപോകാൻ കഴിയില്ല.
നിങ്ങൾ റോഡ് റോളർ സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ അത് തനിയെ ബ്രേക്ക് വീണ് നിൽക്കും, ഒരിക്കലും മുന്നോട്ടോ പിന്നോട്ടോ ഉരുളില്ല. പക്ഷേ ആളുകൾ ആ സീൻ വിശ്വസിച്ചു. അതിന് ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുണ്ട്, സ്റ്റാർട്ട് ചെയ്യാതെ അത് നീങ്ങില്ല.
കോമഡി സിനിമകളിൽ എപ്പോഴും ചെയ്യുന്നതു പോലെ നമ്മൾ എങ്ങനെയാണ് ആളുകളുടെ സാമാന്യബോധത്തെ കബളിപ്പിക്കുന്നത് എന്നാണ് ഞാൻ ഇതിലൂടെ ഉദ്ദേശിച്ചത്, പ്രിയദർശൻ പറയുന്നു.
ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം സർക്കാർ സംവിധാനങ്ങളിലെ അഴിമതിയെയും ചുവപ്പുനാടകളെയും രസകരമായി പരിഹസിച്ച ചിത്രമാണ്. കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ രംഗം ഇന്നും മലയാളികൾക്കിടയിൽ തരംഗമാണ്.