മൂവാറ്റുപുഴ: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി 10 വര്‍ഷം മുന്‍പ് കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍. ആറൂര്‍ മഞ്ഞുമാക്കിത്തടത്തെ ബസ് കാത്തിരിപ്പു കേന്ദ്രം ശക്തമായ കാറ്റില്‍ തകര്‍ന്ന നിലയിലാണ്. ഇതിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളും മറ്റ് ഇരുമ്പ് തൂണുകളും ഏതുസമയത്തും റോഡിലേക്ക് പറന്നുവീഴാവുന്ന അവസ്ഥയിലാണുള്ളത്.
സമാനമായ രീതിയില്‍ റോഡിലെ മറ്റ് പലയിടങ്ങളിലെയും കാത്തിരിപ്പു കേന്ദ്രങ്ങള്‍ നാശത്തിന്റെ വക്കിലാണ്. കെഎസ്ടിപി നടത്തിയ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് ഇവ നിര്‍മിച്ചത്. എന്നാല്‍ നിലവില്‍ ഇവയില്‍ ഭൂരിപക്ഷവും കാടുകയറി നശിച്ച നിലയിലാണ്. പലതും ചോര്‍ന്നൊലിക്കുന്നത് മൂലം മഴയത്ത് കയറി നില്ക്കാന് പോലും യാത്രക്കാര്‍ക്ക് കഴിയുന്നില്ല.
കൃത്യമായ പഠനം നടത്താതെ യാത്രക്കാര്‍ക്ക് ആവശ്യമില്ലാത്ത സ്ഥലങ്ങളിലാണ് ഇവയില്‍ പലതും സ്ഥാപിച്ചിരിക്കുന്നതെന്ന പരാതിയും ശക്തമാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പൊതുമുതല്‍ കൃത്യമായി പരിപാലിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപക വ്യാപകമായിട്ടുണ്ട്. അപകട ഭീഷണിയുയര്‍ത്തുന്ന ഇത്തരം കാത്തിരിപ്പു കേന്ദ്രങ്ങള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി ജനോപകാരപ്രദമായ രീതിയില്‍ പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.