കാസർഗോഡ്: ജില്ലയിൽ 26 വെറ്ററിനറി ഡോക്ടർമാർക്കും കടുത്ത ക്ഷാമം. ഏറെക്കാലത്തിനു ശേഷം ഡോക്ടർമാരുടെ സ്ഥലംമാറ്റ പട്ടിക ഇറങ്ങിയതോടെ ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ 26 ആയി. 19 സർക്കാർ മൃഗാശുപത്രികളിലാണ് ഡോക്ടറില്ലാതായത്. മറ്റിടങ്ങളിലുള്ളവർക്ക് അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും തിരക്കും ജോലിഭാരവും മൂലവും പലപ്പോഴും അവശ്യഘട്ടങ്ങളിൽ ഡോക്ടർമാർക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്.
രാത്രികാല മൃഗചികിത്സയ്ക്കായി വിവിധ ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടർമാരുടെ കാലാവധി കഴിഞ്ഞതോടെ പലയിടത്തും ഈ സംവിധാനവും നിലച്ച മട്ടാണ്.
കള്ളാർ, കുറ്റിക്കോൽ, ബേഡഡുക്ക, മുളിയാർ, മഞ്ചേശ്വരം, മധൂർ, ദേലംപാടി, കുമ്പള, മൊഗ്രാൽ പുത്തൂർ, മീഞ്ച, പരവനടുക്കം, തച്ചങ്ങാട്, മുഗു, കൊന്നക്കാട്, ചീമേനി, വലിയപറമ്പ്, പടന്ന, നായന്മാർമൂല, മംഗൽപാടി മൃഗാശുപത്രികളിലാണ് ഡോക്ടറില്ലാതായത്. ഇതോടൊപ്പം കാസർഗോഡ് ജില്ലാ വെറ്ററിനറി ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലും ഒഴിവുകളുണ്ട്. കന്നുകാലികൾക്ക് മഴക്കാല രോഗങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും ക്ഷീരകർഷകർ വലയുകയാണ്.
വെറ്ററിനറി ഡോക്ടർമാരുടെ പിഎസ്സി റാങ്ക് പട്ടികയിൽ നിന്ന് വരുംദിവസങ്ങളിൽ തന്നെ ജില്ലയിൽ പുതിയ നിയമനങ്ങളുണ്ടാകുമെന്നാണ് അധികൃതരിൽ നിന്നു ലഭിക്കുന്ന ഉറപ്പ്. എന്നാൽ അതിന് കാലതാമസമുണ്ടാകുംതോറും കർഷകർ സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുകയാണ്.
ജില്ലയിൽ കൂടുതൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കണം: കർഷക കോൺഗ്രസ്
ജില്ലയിൽ വെറ്ററിനറി ഡോക്ടർമാരുടെ കടുത്ത ക്ഷാമം ക്ഷീരകർഷകരെയും മൃഗസംരക്ഷണ, ക്ഷീര മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ നിർവഹണത്തെയും പ്രതിരോധ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന സാഹചര്യമാണെന്നും പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയവും വൈസ് പ്രസിഡന്റും മുൻ ജില്ലാ വെറ്ററിനറി സർജനുമായ ഡോ. ടിറ്റോ ജോസഫും പറഞ്ഞു.
സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെ ആറ് സീനിയർ വെറ്ററിനറി സർജൻമാരുടെയും 18 വെറ്ററിനറി സർജൻമാരുടെയും ഒഴിവുകളാണ് ജില്ലയിലുള്ളത്. മിക്ക സ്ഥാപനങ്ങളിലും ഡോക്ടർമാർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാർ മൃഗ സംരക്ഷണ മേഖലയിൽ ജില്ലയെ അവഗണിച്ചിരുന്ന സാഹചര്യം ഇനിയും ആവർത്തിച്ചുകൂടെന്നും ഉടൻ നടക്കാനിരിക്കുന്ന പിഎസ്സി നിയമനത്തിൽ ജില്ലയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നു ആവശ്യപ്പെട്ട് മന്ത്രിക്കും വകുപ്പ് മേധാവിക്കും നിവേദനം നൽകിയതായി നേതാക്കൾ അറിയിച്ചു