ഇരുപതു കോളജ് വിദ്യാർഥികളും പന്ത്രണ്ടു മുതിർന്ന പൗരന്മാരും ചേർന്നു നടത്തിയ ഒരു "അടിപൊളി' യാത്രയെക്കുറിച്ച്...
കോളജിൽനിന്നുള്ള ട്രിപ് എന്നുകേട്ടാൽ മനസിൽവരുന്ന ആദ്യത്തെവാക്ക് അടിപൊളി എന്നായിരിക്കും. തുടക്കംമുതൽ ഒടുക്കംവരെ യുവത്വത്തിന്റെ ആഘോഷം. ആ കൂട്ടത്തിലേക്കു കുറച്ചു സീനിയർ സിറ്റിസൺസ് കടന്നുവന്നാൽ എന്താവും മൂഡ്? മൊത്തം സീൻ ഡാർക്കാവുമെന്നു കരുതിയാൽ തെറ്റി. ഇതാ, രണ്ടു തലമുറകൾ ഒന്നിച്ച ഒരപൂർവ സ്റ്റഡി ടൂറിന്റെ വൈബ് കാണുക.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മലയാള വിഭാഗം വിദ്യാർഥികൾക്കായി ഒരു സ്റ്റഡിടൂർ തീരുമാനിച്ചപ്പോൾ അധ്യാപിക ഡോ. അന്നം സിനി ആദ്യം ആലോചിച്ചത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തെക്കുറിച്ചാണ്. ഉടനെ ഗുരുവായൂരിലെ ഡിപ്പോയുമായി ബന്ധപ്പെട്ടു.
ട്രിപ്പ് സെറ്റാണെങ്കിലും ഒരു ചെറിയ പ്രശ്നം- വിദ്യാർഥികൾ മാത്രമായാൽ ഒരു ബസിലേക്കുള്ള യാത്രക്കാർ തികയില്ല. ടൂർ കോ-ഓർഡിനേറ്റർ ഷൈജു ഉടനെ പോംവഴിയുമായെത്തി- പുറത്തുനിന്ന് കുറച്ചുപേരെ ഉൾപ്പെടുത്താം. അങ്ങനെ ആ കൂട്ടത്തിലേക്ക് മുതിർന്ന പൗരന്മാരായ 12 പേർ എത്തി. രണ്ടു തലമുറകൾ ചേർന്നുള്ള ഒരു യാത്രയ്ക്ക് അവിടെ തുടക്കമാവുകയായിരുന്നു.
ഇല്ലിക്കൽകല്ല് കാണുവാനായിരുന്നു യാത്ര. കൂടെ ഇലവീഴാപ്പൂഞ്ചിറയും മലങ്കര ഡാമും. പുലരിയിൽ കെഎസ്ആർടിസി ഉല്ലാസയാത്രാവണ്ടി ഗുരുവായൂർ സ്റ്റാൻഡിന്റെ പടിയിറങ്ങുമ്പോൾ തീരുമാനിച്ചുറപ്പിച്ച കൃത്യസമയം. മമ്മിയൂർ എൽഎഫ് കോളജ് സ്റ്റോപ്പിൽനിന്നു മലയാള വിഭാഗം പ്രഫസറും ഇരുപതു കുട്ടികളുംകൂടി കയറിയതോടെ ബസിനകം ആനന്ദ ലഹളമയം.
കുട്ടികൾക്കിത് പഠനയാത്രയുടെ ഭാഗമായുള്ള പ്രോജക്ടുകൂടിയാണ്. തൊടുപുഴയിൽനിന്നു പ്രാതൽകഴിച്ച് മലങ്കര അണക്കെട്ടിൽ ബസെത്തുമ്പോൾ സ്വർണവർണമുള്ള ഇളംവെയിൽ തെളിഞ്ഞുനിന്നു. എല്ലാവരുംചേർന്ന് ഗ്രൂപ്പ്ഫോട്ടോയൊക്കെ എടുത്ത് പൂക്കളുടെ നിറപ്പകിട്ടിലൂടെ അണക്കെട്ടും മലങ്കര ജലാശയവും ചുറ്റിനടന്നു കണ്ടു. പൂന്തോട്ടത്തിൽ കയറിയപ്പോൾ മുതിർന്നവരടക്കം എല്ലാവരും കുട്ടികളായി. സ്വിംഗിലും സീസോയിലും സ്ലൈഡിലും ആവേശത്തോടെ കയറി പ്രായംമറന്നുള്ള ഉല്ലാസം. ഏറെനേരം ജലാശയപ്പകിട്ടിലേക്ക് ഊഞ്ഞാലാട്ടവും.
ഇലവീഴാപ്പൂഞ്ചിറയിലേക്ക്
മലങ്കരയിൽനിന്നു തോട്ടങ്കരപ്പാലം കടന്ന് കയറ്റംകയറി കാഞ്ഞിരംകവല ചുറ്റി ഇലവീഴാപ്പൂഞ്ചിറ ലക്ഷ്യമാക്കി യാത്ര തുടർന്നു. മേലുകാവുംകടന്ന് ബേക്കർ ജംഗ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പെരിങ്ങാലിലെത്തി. ആളുകളെ ഇറക്കി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് വിശ്രമത്തിലാണ്ടു. ബസിറങ്ങിയവർ ആറു ഗ്രൂപ്പുകളായി തിരിഞ്ഞ് ഫോർവീൽഡ്രൈവ് ജീപ്പുകൾപിടിച്ച് ഓഫ്റോഡ് വഴികളിലൂടെ മലകളോരോന്നായി കയറിയിറങ്ങുവാൻതുടങ്ങി.
ആദ്യം മുനിയറയിലേക്ക്. കുത്തനെയുള്ള ചെരിവിലൂടെ ഉൾക്കാട്ടിലേക്കിറങ്ങി വലത്തോട്ട് നൂണ്ടിറങ്ങിയെത്തുന്ന അടിത്തട്ടിൽ വെള്ളംനിറഞ്ഞുകിടക്കുന്നൊരു ഗുഹയാണ് മുനിയറ. ടോർച്ച് തെളിയിക്കണം മുന്നോട്ടുപോകാൻ. കിളുർപ്പുള്ള ചുമരുകളിൽ പാമ്പുകളും വവ്വാലുകളും ഉണ്ട്.
അടുത്ത മലയിലാണ് സാക്ഷാൽ ഇലവീഴാപ്പൂഞ്ചിറ. ചുറ്റിലുമുള്ള മലകൾക്കു നടുവിൽ ഇലകൾ തീരെവീഴാത്ത ഒരു കുളം. വെള്ളത്തിന്റെ ശുദ്ധി എടുത്തുപറയണം. പണ്ട് പഞ്ചാലി ഈ ചിറയിൽ കുളിച്ചെന്നും കഥകളുണ്ട്.
ഏതാനും വർഷങ്ങൾക്കുമുന്പു പുറത്തിറങ്ങിയ "ഇലവീഴാപ്പൂഞ്ചിറ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് അടുത്ത മലകയറ്റം. ഒരു പുൽമേടിനുമുകളിലെ പോലീസ് വയർലെസ് സ്റ്റേഷൻ പോയിന്റ്. ജീപ്പിറങ്ങി മലമുകളിലേക്കുള്ള നടപ്പ് ലേശം കടുപ്പമാണ്. വെയിലുണ്ടെങ്കിലും ചെറിയൊരു തണുപ്പ്. മുതിർന്നവർക്കും ആവേശം. മലകയറ്റ മത്സരത്തിൽ വിദ്യാർഥികളായിരുന്നു മുന്നിൽ. മലമുകളിൽനിന്നാൽ മലങ്കര ജലാശയം മുഴുവൻ ഒറ്റ കാഴ്ചയിൽ കിട്ടും. സിനിമാ ഷൂട്ടിംഗ് നടന്ന തകരവീട് ഉപയോഗശൂന്യമായി ഇപ്പോഴുമുണ്ട്. പഴയ കാറ്റാടി ചക്രം നിലത്തു വീണുകിടക്കുന്നു.
മലയിറങ്ങിവന്ന് ജീപ്പുയാത്ര തീർത്ത് കാനാൻതോട് കടന്ന് ഉല്ലാസവണ്ടി ഇല്ലിക്കൽ കല്ലിലേക്കുള്ള കയറ്റം കയറിത്തുടങ്ങി. കാപ്പിക്കാടുകളും ഏലക്കാടുകളും മുളങ്കാടുകളും കടന്നുപോകുന്നു. കൊടിയ കയറ്റങ്ങളിലെ വളവുകളും തിരിവുകളും ഒന്നിനുപിറകെ ഒന്നായി ആഘോഷമായെത്തുന്നു. ആകാശംമുട്ടുന്ന കോട്ടയായി നീളുന്നൊരു ഒറ്റക്കൽമല അടുത്തടുത്തു വരുന്നുണ്ടായിരുന്നു. ഇറക്കം തുടങ്ങിയപ്പോൾ കുട്ടികൾ ഉഷാറായി. വേൽമുരുകൻ പാട്ട് ഉച്ചത്തിൽ വച്ച് അവർ ബസിൽ ആടിത്തിമിർത്തു. കൈയടിക്കാൻ സീനിയർ ഫ്രണ്ട്സും. വിശന്നപ്പോൾ മൂന്നിലവിൽ വണ്ടിനിന്നു. ഉച്ചഭക്ഷണം അവിടെനിന്ന്.
കല്ലിലേക്ക് ഒപ്പത്തിനൊപ്പം
പിന്നെയായിരുന്നു ഇല്ലിക്കൽ കല്ലിലേക്കുള്ള കയറ്റം. കുറച്ചുദൂരം ജീപ്പിലെത്തി. തുടർന്ന് മൂക്ക് മുട്ടിൽതട്ടുന്ന കയറ്റം. മുതിർന്നവരും കുട്ടികളും ഒപ്പത്തിനൊപ്പം നടന്നു. സ്റ്റീൽകമ്പി വേലിയിട്ട നടപ്പാതയിൽ ആദ്യത്തെ വളവുതിരിഞ്ഞാൽ ആദ്യം കാണുന്നതാണ് ഇല്ലിക്കൽ കല്ല്. കരിങ്കല്ലിൽ കൊത്തിയ ആകാശം നോക്കുന്നൊരു മനുഷ്യ ശിരസ്സാണെന്നേ അപ്പോൾ തോന്നൂ. പിന്നെ പതുക്കെ പതുക്കെ മുകളിലേക്ക് പിടിച്ചുകയറണം.
മൂത്തവരും ഇളയവരും കളിയും ചിരിയുമില്ലാതെ മത്സരിച്ചു കിതച്ചു. ഏറ്റവും മുകളിലെത്തുമ്പോഴാണ് "കുടുമവച്ചൊരു മനുഷ്യനാ'യിരുന്നു ഇല്ലിക്കൽക്കല്ലെന്ന് തിരിച്ചറിയുക. നിരനിരയായി നിൽക്കുന്ന മൂന്നു കൂർത്ത മലകളാണ് ഇല്ലിക്കൽ കല്ല്. ഇടിമിന്നലിൽ നിശ്ചലമായ ആദിമ മനുഷ്യരാണ് ഇല്ലിക്കൽക്കല്ലെന്നാണ് ഇവിടത്തെ ഐതിഹ്യം.
മലയിറങ്ങിയുള്ള മടക്കയാത്രയിൽ ഉച്ചത്തിലുള്ള പാട്ടും ആട്ടവുമായി കെഎസ്ആർടിസി ഉല്ലാസവണ്ടി നഗരനിരത്തുകളിലൂടെ പാഞ്ഞു. കണ്ടവരെല്ലാം സന്തോഷംപൂണ്ടുനിന്നു.