ന്യൂഡൽഹി: ഫെയ്സ്ബുക്ക് ആപ്പിന്റെ മുഖഛായ മാറ്റാൻ ഒരുങ്ങി മെറ്റ. സുഹൃത്തുക്കളുടെ പോസ്റ്റുകളും ഫോട്ടോകളും കാണുന്ന പരമ്പരാഗത 'ഫെയ്സ്ബുക്ക് ഫീഡിന്' പകരം, ആപ്പ് തുറക്കുമ്പോൾ തന്നെ ഫുൾ-സ്ക്രീൻ റീൽസ് ഫീഡിലേക്ക് എത്തുന്ന പുതിയ വീഡിയോ-ഫസ്റ്റ് അനുഭവം ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങി.
ഇന്ത്യയിലെ ചില ഉപയോക്താക്കൾക്കാണ് ഫെയ്സ്ബുക്ക് തുറക്കുമ്പോൾ പതിവ് ഫീഡിന് പകരം നേരിട്ട് റീൽസ് വീഡിയോകൾ കാണിക്കുന്ന ഇന്റർഫേസ് ലഭിച്ചു തുടങ്ങിയത്.
പുതിയ വീഡിയോ അനുഭവം ഇഷ്ടപ്പെടാത്തവർക്ക് പഴയ ഫീഡ്-ഫസ്റ്റ് അനുഭവത്തിലേക്ക് തിരികെ പോകാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. കൂടാതെ ക്ലാസിക് ഫീഡ് ആപ്പിലെ ഒരു പ്രത്യേക ടാബായി എപ്പോഴും ലഭ്യമായിരിക്കും.
ഇന്ത്യയിൽ മെറ്റ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരിൽ 97 ശതമാനവും ദിവസവും വീഡിയോകൾ കാണുന്നവരാണെന്നും, ജെൻ-ഇസഡ് ഉപയോക്താക്കളിൽ 89 ശതമാനവും ദിവസവും റീൽസ് ഉപയോഗിക്കുന്നവരാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ ഈ പരീക്ഷണത്തിനായി ആദ്യം തെരഞ്ഞെടുത്തത്.
ഉപയോക്താക്കൾ കൂടുതൽ ആഴത്തിലുള്ളതും ദൃശ്യപരവുമായ വീഡിയോ അനുഭവങ്ങളാണ് താൽപ്പര്യപ്പെടുന്നതെന്നും, കമ്മ്യൂണിറ്റികളും സംഭാഷണങ്ങളും ഇപ്പോൾ വീഡിയോകളിലൂടെയാണ് രൂപപ്പെടുന്നതെന്നും ഫെയ്സ്ബുക്ക് മേധാവി ടോം അലിസൺ വ്യക്തമാക്കി. ഇന്ത്യയിലെ പരീക്ഷണത്തിന് ശേഷം അടുത്ത വർഷം അമേരിക്കയിലും ഈ ഫീച്ചർ കൊണ്ടുവരാൻ മെറ്റ പദ്ധതിയിടുന്നുണ്ട്.