കാസര്‍ഗോഡ്: ജില്ലയിലെ വിവിധ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ വിജിലന്‍സ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണനും സംഘവും മിന്നല്‍ പരിശോധന നടത്തി. പണവും രേഖകളും പിടികൂടുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു.
കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് വരാന്തയില്‍ ചെടിച്ചട്ടികളില്‍ സൂക്ഷിച്ച നിലയില്‍ 17,150 രൂപ കണ്ടെടുത്തു. കാഞ്ഞങ്ങാട് ആര്‍ടി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് സ്റ്റാഫിന്റെ കൈയില്‍ നിന്നു വാഹന സംബന്ധമായ അപേക്ഷകള്‍, രേഖകള്‍, ഏജന്റുമാര്‍ നല്‍കേണ്ട 24 ഓളം സമ്മതപത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.
ജില്ലയിലെ ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചു വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാര്‍ മുഖേന നല്കുന്ന അപേക്ഷകള്‍ തീര്പ്പാക്കുന്നതായുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉണ്ണികൃഷ്ണന് കാസര്‍ഗോട്ടെയും ഇന്‍സ്പെക്ടര്‍ നാരായണന് കാഞ്ഞങ്ങാട്ടെയും കണ്ണൂര്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ വെള്ളരിക്കുണ്ടിലെയും റെയ്ഡിനു നേതൃത്വം നല്കി.