തൃപ്പൂണിത്തുറ: യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ സർവീസ് നടത്തിയ ബസുകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ വാതിൽ തുറന്നിട്ട് സർവീസ് നടത്തിയതും അശ്രദ്ധമായി ഓടിച്ചതുമായ ആറ് ബസുകളാണ് ഹിൽപാലസ് പൊലിസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസുകളിൽ രണ്ട് ദീർഘദൂര ബസുകളും ഉൾപ്പെടുന്നു.
പിടിച്ചെടുത്ത വാഹനങ്ങൾ തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിനു മുന്നിലും കണ്ണൻകുളങ്ങരയിലുമാണ് നിർത്തിയിട്ടിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ കോടതി വഴിയേ വിട്ടു നൽകൂവെന്ന് പൊലിസ് പറഞ്ഞു. കാക്കനാടുണ്ടായ അപകടത്തിൽ യുവതി മരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.
നഗരത്തിൽ നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന പരിശോധനയും നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് പൊലിസ് അറിയിച്ചു.