വടക്കാഞ്ചേരി: വോട്ടുകോഴ വിവാദത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിനുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ പതിനൊന്നോടെ ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. ബ്ലോക്ക് ഓഫീസിനുസമീപം സംസ്ഥാനപാതയിൽ ബാരിക്കേഡുകൾ ഉയർത്തി പോലീസ് മാർച്ച് തടഞ്ഞു. ഇതു മറികടന്നു പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്.
സ്ത്രീകളടക്കം നൂറുകണക്കിനു പ്രവർത്തകരാണു മാർച്ചിൽ പങ്കെടുത്തത്. എം.പി. വിൻസെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് 50 ലക്ഷം കോഴ നൽകിയെന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തൽ സംബന്ധിച്ച് കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നു എം.പി വിൻസെന്റ് ആവശ്യപ്പെട്ടു.
പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു. നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, ഷാഹിദ റഹ്മാൻ, പി.ജെ. രാജു, എൻ.ആർ. സതീശൻ, പി.ഐ. ഷാനവാസ്, എസ്.എ.എ. ആസാദ്, പി.എൻ. വൈശാഖ്, ബുഷറ റഷീദ്, ഒ. ശ്രീകൃഷ്ണൻ, അമ്പലപ്പാട്ട് മണികണ്ഠൻ, ബിജോയ് ബാബു, ജയൻ മംഗലം, കെ. നാരായണൻകുട്ടി, സന്ധ്യ കൊടക്കാടത്ത്, എ. മുസ്തഫ, ടി.പി ഗിരീശൻ, മുഹമ്മദ് ഇഖ്ബാൽ, പി.ടി. ജയ്സൺ, മോജുമോഹൻ എന്നിവർ പ്രസംഗിച്ചു.
മാർച്ചിനെതുടർന്ന് തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കുരുക്കിൽപ്പെട്ട ഇരുചക്രവാഹനയാത്രികർ നിരന്തരം ഹോണടിച്ച് പ്രതിഷേധമുയർത്തിയതു പ്രവർത്തകരുമായി ചെറിയതോതിൽ സംഘർഷത്തിനിടയാക്കി.