ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ പ്രധാന കേന്ദ്രമായ മടക്കാട് ജംഗ്ഷൻ യാത്രക്കാർക്ക് വലിയ അപകടക്കെണിയായി മാറുന്നു. തിരക്കേറിയ ജംഗ്ഷനിൽ സീബ്രാ ലൈനുകൾ ഇല്ലാത്തതും ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ മേൽക്കൂര തകർന്നിട്ട് ഒരുവർഷമായിട്ടും നന്നാക്കാത്തതും ജംഗ്ഷനിൽ അപകടഭീഷണി ഉയർത്തിനിൽക്കുന്ന കൂറ്റൻ മരവുമാണ് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്.
ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, യുപി സ്കൂൾ വിദ്യാർഥികളും പഞ്ചായത്ത് ആസ്ഥാനകേന്ദ്രത്തിലേക്കും വില്ലേജ് ഓഫിസ്, ബാങ്കുകൾ, പോസ്റ്റ് ഓഫിസ്, നിരവധി വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് ആളുകൾ റോഡ് മുറിച്ചുകടക്കുന്ന മടക്കാട് ജംഗ്ഷനിൽ സീബ്രാ ലൈനുകൾ പൂർണമായും മാഞ്ഞുപോയിരിക്കുകയാണ്. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവച്ചാണ് കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നത്.
ഇതിനുപുറമേ, ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ മേൽക്കൂര തകർന്നിട്ട് ഒരുവർഷം പിന്നിട്ടു. കഴിഞ്ഞ കാലവർഷത്തിൽ മരം പൊട്ടിവീണാണ് മേൽക്കൂര തകർന്നത്. വെയിലും മഴയും ഏൽക്കാതെ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജംഗ്ഷനിൽതന്നെ അപകടഭീഷണി ഉയർത്തിനിൽക്കുന്ന മരം എപ്പോൾ വേണമെങ്കിലും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. ശക്തമായ കാറ്റടിക്കുമ്പോൾ വ്യാപാരികളും യാത്രക്കാരും ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്. ഇതിന് സമീപത്തുതന്നെയാണ് ഓട്ടോറിക്ഷ സ്റ്റാൻഡുമുള്ളത്.