മൂന്നു യുദ്ധങ്ങളാണ് ഇതെഴുതുമ്പോൾ ലോകത്തു കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. ഒന്ന്, ലോകകപ്പിന് വേണ്ടിയുള്ള ഫുട്ബോൾ യുദ്ധം; രണ്ട്; അധികാര സ്ഥാപനത്തിനുവേണ്ടി രാജ്യങ്ങൾ തമ്മിലുള്ള സൈനിക യുദ്ധം; മൂന്ന്; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള മനുഷ്യന്റെ നിലനിൽപിനുവേണ്ടിയുള്ള യുദ്ധം.
വിനോദ യുദ്ധം
മനുഷ്യൻ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത് വെറും ഒരു വിനോദ യുദ്ധമായ ഫുട്ബാൾ മത്സരമാണ്. ‘വെറും’ എന്ന് പറയാൻ കാരണം, ഈ ഫുട്ബോൾ യുദ്ധം നടന്നില്ലെങ്കിലും, മനുഷ്യജീവിതത്തിന് കാര്യമായിട്ടൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നതാണ്. സമ്മർദങ്ങളിൽനിന്നും വിഷാദങ്ങളിൽനിന്നും ഏകാന്തതയിൽനിന്നും മാനസിക പിരിമുറുക്കങ്ങളിൽനിന്നുമൊക്കെ രക്ഷ നേടാനാണ് വിശ്രമവേളകളിൽ മനുഷ്യൻ വിനോദങ്ങൾ കണ്ടുപിടിച്ചത്. പിന്നീടാകട്ടെ ഈ വിനോദങ്ങൾ എല്ലാംതന്നെ ആഡംബരങ്ങളായിത്തീര്ന്നു. 7380 ഡോളർ തൊട്ട് 38,000 ഡോളർ വരെയാണ് ഈ വർഷത്തെ ഫുട്ബോൾ ടിക്കറ്റിന്റെ വില നിലവാരം.
ക്രിക്കറ്റിലും ഫുട്ബാളിലും ടെന്നീസിലും മോട്ടോർ ബൈക്ക്-കാർ റേസിലുമൊക്കെ മത്സരങ്ങൾ നടക്കുന്നത് യുദ്ധസമാനമായാണ്. വീറും വാശിയും ഒപ്പം വാതുവയ്ക്കലും ഒക്കെക്കൂടി വല്ലാത്ത ഒരാവേശത്തിൽ മനുഷ്യരെ കൊണ്ടെത്തിക്കുന്നു. അടുത്ത കാലത്തായി ഇത്തരം മത്സരങ്ങൾ സ്പോൺസർ ചെയ്യാൻ വമ്പൻ കോർപറേറ്റുകൾ മുന്നോട്ടു വന്നതോടെ മത്സരങ്ങളുടെ വീറും വാശിയും അനേകം മടങ്ങു കൂടിയിട്ടുണ്ട്.
2026ലെ ഫുട്ബോൾ കളികളിൽനിന്ന് മാത്രം 13 ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, യുദ്ധം പോലെതന്നെ ജനങ്ങൾ ചേരി തിരിഞ്ഞു നിന്ന് നടത്തുന്ന അക്രമവും കൊള്ളിവയ്പും മൂലം ദശലക്ഷക്കണക്കിന് ഡോളർ നഷ്ടവും ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നു.1990ൽ ഇറ്റലിയിലെ ടൂറിന്നിലും, 1998ൽ മെക്സിക്കോ സിറ്റിയിലും, 2022ൽ നെതർലൻഡിലും അഴിഞ്ഞാടിയ അക്രമസംഭവങ്ങൾ യുദ്ധസമാനമായിരുന്നു എന്ന് മാത്രമല്ല, കോടാനുകോടി ഡോളർ മൂല്യം വരുന്ന വസ്തുവകകൾക്കു നാശനഷ്ടം വരുത്തുകയും ചെയ്തു.
എന്നിട്ടും വാർത്താ മാധ്യമങ്ങളും ഭരണ നേതൃത്വങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും പ്രത്യേകിച്ചു പുതിയ തലമുറയും ഏറ്റവും പ്രാധാന്യത്തോടെ താത്പര്യം കാണിക്കുന്നതും ചർച്ചചെയ്യുന്നതും മറ്റു രണ്ടു ജീവന്മരണ പോരാട്ടങ്ങൾ നടക്കുമ്പോൾ, ഒരു കായിക മത്സരമാണെന്നു ചുരുക്കം. ഇത് മനുഷ്യ നിലനിൽപിനെയും മനുഷ്യന്റെ സുസ്ഥിര വികസനത്തെയും സംബന്ധിക്കുന്ന ബുദ്ധിപരവും പ്രായോഗികവുമായ സമീപനമല്ല.
സൈനിക യുദ്ധം
ഇപ്പോൾ ലോകത്തു നടക്കുന്ന ഇറാൻ -ഇസ്രയേൽ- യുഎസ് യുദ്ധവും റഷ്യ- യുക്രെയ്ൻ യുദ്ധവും മനുഷ്യന്റെ നിലനിൽപിനെ കാര്യമായി ബാധിക്കുന്നതാണ്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ ഒരു പരിധി കഴിഞ്ഞു തീവ്രമായാൽ, ഫുട് ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കപ്പെടും. ഇപ്പോൾ യുദ്ധങ്ങൾ നടക്കുന്ന യുക്രെയ്നിലോ അല്ലെങ്കിൽ ഇറാനിലോ വച്ച് ലോകകപ്പ് ഫുട്ബോൾ മത്സരം നടത്താൻ ആരും ധൈര്യപ്പെടുകയില്ല. കാരണം, മിസൈലുകളും ബോംബുകളും ഡ്രോണുകളും വരുത്തിവയ്ക്കുന്ന നഷ്ടം അനേകം ഫുട്ബോൾ മാച്ചുകളിലെ വരുമാനത്തിന്റെ പതിന്മടങ്ങായിരിക്കും. അതിന്റെയർഥം ഫുട്ബോൾ യുദ്ധ (മത്സര) ത്തേക്കാൾ മനുഷ്യ നിലനിൽപിനു പ്രധാനമായത് സൈനികയുദ്ധമെന്നാണ്.
പക്ഷേ, ആളിപ്പടരുന്ന ഫുട്ബോൾ യുദ്ധജ്വരത്തിൽ സൈനികയുദ്ധങ്ങൾ നിഷ്പ്രഭങ്ങളായിരിക്കുന്നു. എന്നാൽ, ഈ ഫുട്ബോൾ ജ്വരത്തിനാകട്ടെ ഒരു സൈനിക യുദ്ധത്തെപ്പോലും ഇല്ലാതാക്കാനുള്ള ശക്തിയില്ല. എന്നിട്ടും ബഹുഭൂരിപക്ഷം ജനങ്ങളും ഇതിൽ ഹരം പിടിക്കുന്നുവെങ്കിൽ, അതിന്റെയർഥം ലോകജനതയ്ക്ക് തങ്ങളുടെ ജീവിതത്തിൽ കൊടുക്കേണ്ട മുൻഗണനാക്രമം തെറ്റിയിരിക്കുന്നു എന്നുതന്നെയാണ്. അനേകായിരം ആൾക്കാർക്കും സഹസ്രകോടി ഡോളർ മൂല്യമുള്ള വസ്തുവകകൾക്കും നിരന്തരം നഷ്ടമുണ്ടാക്കുന്ന സൈനിക യുദ്ധങ്ങളേക്കാൾ കേവലം ഒരു വിനോദോപാധി തത്കാലത്തേക്കെങ്കിലും പ്രാധാന്യം നേടുന്നുവെങ്കിൽ ആ വ്യവസ്ഥിതി ഒട്ടുംതന്നെ സുസ്ഥിരമല്ല. മറ്റു യുദ്ധങ്ങളൊന്നും ലോകത്തെ അലട്ടാത്ത സമാധാന കാലത്താണെങ്കിൽ ഈ വിനോദ പ്രധാന സമീപനത്തിൽ തെറ്റില്ല.
കാലാവസ്ഥാ യുദ്ധം
2026 ജൂലൈ മൂന്നിനു പ്രസിദ്ധീകരിച്ച ‘ഡൗൺ ടു എര് ത്’ മാസികയിൽ, തണുപ്പ് പ്രദേശമായി കണക്കാക്കപ്പെടുന്ന യൂറോപ്പ്, ഈ വർഷം അനുഭവിച്ച അപാര ഉഷ്ണതരംഗത്തിന്റെ ഒരു പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ വളരെ ഭീതിയുളവാക്കുന്നതാണ്. ഇപ്പോൾ ലോകത്തിൽ നടക്കുന്ന ഫുട്ബോള് മത്സര-യുദ്ധത്തേക്കാൾ, സൈനിക യുദ്ധത്തേക്കാൾ, മനുഷ്യൻ പ്രാധാന്യം കൊടുക്കേണ്ടത്, വാസ്തവത്തിൽ പ്രകൃതി മനുഷ്യന്റെ ജീവിതത്തോടും അവന്റെ സ്ഥാവര-ജംഗമ വസ്തുക്കളോടും പ്രഖ്യാപിച്ചിട്ടുള്ള, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള, ഈ അത്യുഷ്ണതരംഗയുദ്ധമാണ്.