കോഴിക്കോട്: മൂട്ടോളിയിൽ നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. ഇയാളെ രക്ഷിക്കാൻ ടാങ്കിലേക്കിറങ്ങിയ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കൊറിയർ ഓഫീസ് ജീവനക്കാരൻ വിശ്വനാഥനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മുട്ടോലി - പയിമ്പ്ര റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് സമീപമാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ ജോലിക്കായി മാലിന്യ ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ സിറാജ് പെട്ടെന്ന് അകത്ത് കുടുങ്ങുകയായിരുന്നു. ടാങ്കിനുള്ളിൽ രൂപപ്പെട്ട വിഷവാതകം ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സിറാജ് അപകടത്തിൽപ്പെട്ടത് കണ്ട് രക്ഷപ്പെടുത്താനായി സമീപത്തെ കൊറിയർ ഓഫീസിലുണ്ടായിരുന്ന വിശ്വനാഥൻ ടാങ്കിലേക്ക് ഇറങ്ങിയെങ്കിലും ഇദ്ദേഹത്തിനും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.