ഏറ്റുമാനൂർ: സ്വന്തമായി ഒരു ചുണ്ടൻവള്ളം എന്ന ആർപ്പൂക്കര ഗ്രാമനിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. നാട് ഒത്തുചേർന്നു നടത്തിയ ജനകീയ മുന്നേറ്റത്തിൽ കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടൻവള്ളം നീരണിയാൻ ഒരുങ്ങുന്നു. ആർപ്പൂക്കര ചുണ്ടന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മധ്യത്തോടെ വള്ളം നീറ്റിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് ആർപ്പൂക്കര ചുണ്ടൻ വള്ള സമിതി.
ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളിയിൽ തങ്ങളുടെ ചുണ്ടൻ വള്ളം മാറ്റുരയ്ക്കുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് ആർപ്പൂക്കര നിവാസികൾ. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബാണ് ആർപ്പൂക്കര ചുണ്ടൻ തുഴയുന്നത്.
മധ്യകേരളത്തിൽനിന്ന് ആദ്യമായാണ് ബഹുജന പങ്കാളിത്തത്തിൽ ഒരു ചുണ്ടൻ വള്ളം ജലോത്സവ ലോകത്തേക്ക് എത്തുന്നതെന്ന് ആർപ്പൂക്കര ചുണ്ടൻവള്ള സമിതി പറഞ്ഞു. 500 കുടുംബങ്ങൾക്ക് ആർപ്പൂക്കര ചുണ്ടനിൽ ഷെയറുണ്ട്. 60 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ആഞ്ഞിലിത്തടിയിലാണ് നിർമാണം. പാലാ, തൊടുപുഴ പ്രദേശങ്ങളിൽ നിന്നാണ് ലക്ഷണമൊത്ത തടികൾ വാങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ വള്ളം നിർമാണം ആരംഭിച്ചു. എടത്വ കോയിൽമുക്ക് സാബു നാരായണൻ ആചാരിയാണ് മുഖ്യശില്പി. വള്ളത്തിന് 128 അടി നീളം ഉണ്ടാകും. മത്സരത്തിൽ 83 തുഴച്ചിൽകാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉൾപ്പെടെ 95 പേർ ചുണ്ടനിൽ ഉണ്ടാകും.
ഫാ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെ നേതൃത്വത്തിൽ 20 അംഗ ബോർഡ് മെംബർമാരാണ് ചുണ്ടന്റെ നിർമാണത്തിന് ചുക്കാൻ പിടിക്കുന്നത്. എൻ.കെ. കുര്യൻ, സനൂപ് മണലേൽ, ഡോ. മാത്യു പുതിയിടം, സണ്ണി ചിറയിൽ, ജോയി വട്ടത്തിൽ, ബൈജു മാതിരമ്പുഴ, സുഭാഷ് മംഗലശേരി എന്നിവർ ചുണ്ടൻ നിർമാണം കോ ഓർഡിനേറ്റ് ചെയ്യുന്നു.
മുഖ്യ രക്ഷാധികാരികളായ ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎൽഎ, മുൻമന്ത്രി വി.എൻ. വാസവൻ, രക്ഷാധികാരി അന്നമ്മ മാണി, പ്രസിഡന്റ് ബിജു വെട്ടൂർ, സെക്രട്ടറി അരുൺ മോഹൻ, ചെയർമാൻ പി.ജെ. ഫിലിപ്പ്, വൈസ് ചെയർമാൻ വിനേഷ് കുമാർ, ട്രഷറർ വി.കെ. സാഗർ എന്നിവരാണ് ചുണ്ടൻ വള്ളസമിതി ഭാരവാഹികൾ.