മുണ്ടക്കയം: ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കുഴിമാവ് - പശ്ചിമ - പുഞ്ചവയൽ റോഡിൽ വെള്ളമൊഴുക്ക് രൂക്ഷം. കുഴിമാവ് കവലയിൽ നിന്നു പുഞ്ചവയൽ, പശ്ചിമ, കരിനിലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിൽ കവല മുതൽ പശ്ചിമ റൂട്ടിലേക്ക് തിരിയുന്ന ഭാഗം വരെയുള്ള ഇറക്കത്തിലാണ് വെള്ളമൊഴുക്ക് വ്യാപകമാകുന്നത്.
ചെറിയൊരു മഴപെയ്താൽ പോലും റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകുകയാണ്. കുത്തിറക്കമുള്ള ഈ റോഡിലൂടെ വെള്ളം ഒഴുക്ക് രൂക്ഷമാകുന്നതോടെ കല്ലും മണ്ണുമടക്കം റോഡിലേക്ക് നിരക്കുകയും ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമാണ്.
റോഡിന്റെ ഇരുവശങ്ങളിലും കാനകളോ ഓടകളോ ഇല്ലാത്തതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കുന്നത്. വശങ്ങളിലൂടെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ മഴവെള്ളം മുഴുവൻ ടാറിംഗിന് മുകളിലൂടെയാണ് ഒലിച്ചുപോകുന്നത്.
മഴക്കാലം ശക്തമാകുന്നതോടെ റോഡിന്റെ ടാറിംഗ് പൂർണമായും ഇളകി റോഡ് ഗതാഗതയോഗ്യമല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിന് ഇരുവശവും ഓടകൾ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.