കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിപ്രകാരം കുടിവെള്ളമെത്തിക്കുന്ന പദ്ധതി അവതാളത്തിൽ. പഞ്ചായത്തിൽ 75 ശതമാനം വീടുകളിലും പൈപ്പ് ലൈൻ എത്തിച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും ഇപ്പോഴും ആഴ്ചയിൽ ഒരു ദിവസം പോലും വെള്ളം കിട്ടുന്നില്ല. പലസ്ഥലത്തും പൈപ്പുകൾപൊട്ടി മാസങ്ങൾ പിന്നിട്ടാലും അറ്റകുറ്റപ്പണികൾ ചെയ്യാൻ വർക്കല വാട്ടർ അഥോറിറ്റി തയാറാകുന്നില്ലെന്നാണ് ജനപ്രതിനിധികൾ ആരോപിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി ചിലയിടങ്ങളിൽ കുഴിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിൽ ഇപ്പോഴുള്ള ടാങ്കിനു പുറമേ പറകുന്ന്, കുടവൂർ മേഖലകളിൽ ടാങ്ക്പണിയാൻ അനുമതി കിട്ടിയെങ്കിലും അതും മുടങ്ങിക്കിടക്കുകയാണ്. വെള്ളം കിട്ടുന്നില്ലെങ്കിലും വാട്ടർ ബില്ല് മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്. വാർഡ് മെമ്പർമാരായ ആശാ സന്തോഷ്, സജിനാ അശോകൻ എന്നിവർ ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകി. എന്നിട്ടും യാതൊരു മറുപടിയുമില്ലെന്ന് അവർ ആരോപിക്കുന്നു.