ഇസ്ലാമാബാദ്: പാക്കിസ്ഥാനുമായി 2600 കിലോമീറ്റർ അതിർത്തി പങ്കിടുന്ന 53 ഇടങ്ങളിൽ താലിബാൻ സൈന്യം ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഓപ്പറേഷൻ ഗസബ് ലിൽ ഹഖിലൂടെ അഫ്ഗാൻ അതിർത്തിയിലുള്ള ഖോസ്റ്റിലെ ആയുധഡിപ്പോ തകർത്തതായി പാക് സൈന്യം.
ഇതുവരെയുള്ള സൈനികനടപടിയിൽ 415 താലിബാൻകാരെ കൊലപ്പെടുത്തിയെന്ന് പാക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അതൗള്ള തരാർ പറഞ്ഞു.
അതേസമയം, ബാഗ്രാം വ്യോമതാവളത്തിലേക്ക് പാക് സൈന്യം ആക്രമണം വ്യാപിപ്പിച്ചതായി താലിബാൻ ഭരണകൂടം അറിയിച്ചെങ്കിലും പാക്കിസ്ഥാൻ ഇതു സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ ശ്രമം നടത്തുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ പാക് സൈന്യം പിൻവാങ്ങില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.