National
ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെന്റ് ജോണ്സ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാന. തുടർന്ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പൊസ്തലിക് നുണ്ഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും.
ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെയും പൗരസ്ത്യ തിരുസംഘം തലവൻ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിക്കും.
കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. മെത്രാൻസംഘത്തിന്റെ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.
‘വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാദർശനത്തിനു സഭയുടെ സാക്ഷി’ എന്ന വിഷയത്തിലായിരിക്കും സിബിസിഐ സമ്മേളനത്തിലെ മുഖ്യ ചർച്ചയെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു. പത്തിനു സമാപിക്കുന്ന സിബിസിഐയുടെ 37-ാമത് ജനറൽ ബോഡി യോഗത്തിൽ ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രാർഥന, ധ്യാനം, ചർച്ച എന്നിവ നടക്കും.
‘സാക്ഷ്യത്തിൽ ഐക്യപ്പെടുന്നു’ എന്നതാണു സമ്മേളനത്തിന്റെ മുദ്രാവാക്യം. രാജ്യത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനും നീതിയും സമാധാനവും ഉറപ്പാക്കുന്നതിനുമാകും കത്തോലിക്കാബിഷപ്പുമാർ ശ്രമിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളും ബിഷപ്പുമാർ ചർച്ച ചെയ്യും. രാജ്യത്തിന്റെ ഐക്യം, ഭരണഘടനാമൂല്യങ്ങൾ എന്നിവയ്ക്കുള്ള സഭയുടെ സാക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനായി പ്രാർഥിക്കാൻ സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു.
NRI
ഡാളസ്: അതിശൈത്യത്തെത്തുടർന്ന് നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ മഞ്ഞ് ഉരുകാൻ തുടങ്ങുമെങ്കിലും രാത്രിയിൽ താപനില വീണ്ടും താഴുന്നതോടെ റോഡുകളിൽ വെള്ളം ഉറഞ്ഞുകൂടി ബ്ലാക്ക് ഐസ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
പ്രധാന റോഡുകളിലെ മഞ്ഞ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും പാർക്കിംഗ് ലോട്ടുകളിലും ഇടറോഡുകളിലും ഐസ് നിറഞ്ഞുകിടക്കുന്നത് യാത്ര അപകടകരമാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം താപനില 32 ഡിഗ്രിക്ക് മുകളിൽ എത്തുമെങ്കിലും രാത്രിയോടെ വീണ്ടും തണുപ്പ് കടുക്കും. ഇത് ഉരുകിയ മഞ്ഞ് വീണ്ടും ഉറയ്ക്കാൻ കാരണമാകും.
ഈ വാരാന്ത്യത്തിൽ വീണ്ടും ഒരു ആർട്ടിക് ശൈത്യതരംഗം എത്താൻ സാധ്യതയുണ്ട്. ഇതിനൊപ്പം മഴയോ മഞ്ഞോ ഉണ്ടാകില്ലെങ്കിലും താപനില ക്രമാതീതമായി കുറയും. പൈപ്പുകൾ പൊട്ടാതിരിക്കാൻ ഇൻസുലേറ്റ് ചെയ്യണമെന്നും വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി നിർത്തണമെന്നും അധികൃതർ അറിയിച്ചു.
മരവിപ്പിക്കുന്ന തണുപ്പും മൂടൽമഞ്ഞും ബുധനാഴ്ച രാവിലെ വരെ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.