തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്കോളർഷിപ്പ് വിതരണം അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ സ്തംഭനത്തിലേക്ക്. നടപ്പു സാന്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കേ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആറ് സ്കോളർഷിപ്പുകളിൽനിന്ന് ഒരു രൂപ പോലും നൽകിയിട്ടില്ല. വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയും മറ്റു വിവിധ ക്ഷേമപദ്ധതികളും പൂർണമായി നിലച്ചു.
2025-26 സാന്പത്തിക വർഷം പദ്ധതിവിഹിതമായി 93.63 കോടി രൂപ വകയിരുത്തിയതിൽ 21.49 ശതമാനം തുക മാത്രമാണു ചെലവഴിച്ചതെന്നാണു സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്ലാൻ സ്പേസ് കണക്കുകൾ വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റ് വിഹിതമായി നീക്കിവച്ചിട്ട് 10 മാസം പിന്നിട്ടിട്ടും ഒരു രൂപ പോലും ചെലവഴിച്ചില്ല. ന്യൂനപക്ഷ ഗവേഷകർക്കു റിസർച്ച് ഫെലോഷിപ്പിനായി നീക്കിവച്ച ആറു കോടിയിൽ ഒരു പൈസയും ഗവേഷക വിദ്യാർഥികൾക്കു നൽകിയില്ല.
ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്കു പഠിക്കുന്ന എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പിനായി നീക്കിവച്ച 82 ലക്ഷം രൂപയും ഇപ്പോഴും അതേപടി ഖജനാവിലുണ്ട്. നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിനായി 68 ലക്ഷം രൂപ നീക്കിവച്ചതും പ്രഖ്യാപനത്തിൽ ഒതുങ്ങി.
സമർഥരായ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കു സിവിൽ സർവീസ് പരിശീലനത്തിനുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിനായി 9.14 കോടി വകയിരുത്തിയിരുന്നു. ഇതിലും ഒന്നും ചെലവഴിച്ചില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സിഎ, സിഎംഎസ് തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പായി 97 ലക്ഷം അനുവദിച്ചിരുന്നു. ഇതും വെറും പ്രഖ്യാപനം മാത്രമായി.
ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ- യുവാക്കൾക്കു നൈപുണ്യ പരിശീലനത്തിനായി ചെലവഴിച്ച തുക തിരികെ നൽകുന്നതിനായി (റീ ഇംപേഴ്സെന്റ്) നീക്കിവച്ച 5.82 കോടി രൂപയിൽ 0.17 ശതമാനം തുക മാത്രമാണു വിതരണം ചെയ്യാനായതത്രേ. വിവാഹമോചിതരായ സ്ത്രീകൾക്കും വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കും വീട് നിർമിച്ചു നൽകാനായി നീക്കിവച്ച അഞ്ചു കോടി രൂപയിൽ 16% മാത്രമേ ചെലവഴിച്ചുള്ളൂ.
കരിയർ ഗൈഡൻസും വ്യക്തിത്വ വികസന പരിപാടികൾക്കുമായുള്ള 1.20 കോടിയിൽ നാലിലൊന്നു തുക മാത്രമാണു ചെലവഴിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനം നേരിടുന്ന കനത്ത സാന്പത്തിക പ്രതിസന്ധിയും സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് ഇവയെല്ലാം താളംതെറ്റാൻ കാരണമായതെന്നാണു പറയപ്പെടുന്നത്.