കുടിക്കാൻ തുള്ളിയില്ലാതെ പ്രളയബാധിതർ
ഏറ്റുമാനൂർ: വെള്ളപ്പൊക്കത്തിൽ പുറംലോകവുമായി ബന്ധപ്പെടാൻ മാർഗമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർ ശുദ്ധജലം ലഭിക്കാതെ വലയുന്നു.
പ്രളയജലം മൂടി കിണറുകൾ ഉപയോഗശൂന്യമായി. വാട്ടർ അഥോറിറ്റിയുടെ ജലവിതരണം പൂർണമായും സ്തംഭിച്ചു. കുടിവെള്ളമെത്തിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രളയബാധിതർ.
ഏറ്റുമാനൂർ നഗരസഭയുടെ മീനച്ചിലാറിനോടു ചേർന്നുകിടക്കുന്ന വാർഡുകളിലാണ് പ്രളയദുരിതം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല. ഇപ്പോഴും വീടുകൾ വെള്ളം കയറിയ നിലയിലാണ്. കുടിക്കാനും പാചകത്തിനുമുള്ള ശുദ്ധജലം ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും വെള്ളം ലഭിക്കുന്നേയില്ല. മുമ്പ് ആഴ്ചയിൽ രണ്ടു ദിവസം ലഭിച്ചിരുന്നതാണ്. പ്രളയ സാഹചര്യം കണക്കിലെടുത്തെങ്കിലും വെള്ളമെത്തിക്കാൻ വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
ചില സന്നദ്ധ പ്രവർത്തകർ നീന്തിയെത്തി കന്നാസുകളിൽ വെള്ളമെത്തിച്ചു കൊടുക്കുന്നതു മാത്രമാണ് ആശ്വാസം. നഗരസഭയുടെ ജലവിതരണം പാളിയെന്ന് പ്രളയബാധിതർ പറയുന്നു. വിതരണത്തിനു വേണ്ടി ജാറുകളിൽ നിറച്ച വെള്ളം നഗരസഭാ കാര്യാലയത്തിൽ ഉണ്ടെങ്കിലും അത് വീടുകളിൽ എത്തിക്കാൻ കൗൺസിലർമാർ തയാറാകുന്നില്ലെന്നാണ് അവരുടെ ആരോപണം.
നഗരസഭാ കാര്യാലയത്തിൽനിന്ന് ഈ വെള്ളം തങ്ങളെ ഏൽപ്പിച്ചാൽ വീടുകളിൽ എത്തിക്കാൻ തയാറാണെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പക്ഷേ കൗൺസിലർമാർ വഴി മാത്രമേ വിതരണം നടത്താനാകൂ എന്ന നിലപാടിലാണ് നഗരസഭാധികൃതരെന്നും എന്നാൽ കൗൺസിലർമാർ വിതരണം നടത്തുന്നില്ലെന്നും സന്നദ്ധ പ്രവർത്തകർ പറഞ്ഞു.