കാട്ടാക്കട: കാട്ടാക്കടയിൽ ഇന്നോവ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം രണ്ട് ഇരു ചക്രവാഹനങ്ങളെ ഇടിച്ചുതകർത്തു.ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ തിരുവനന്തപുരം ഭാഗത്തുനിന്നു കാട്ടക്കടയിലേക്കു വന്ന ഇന്നോവ വാഹനമാണ് അപകടംവരുത്തിയത്.
കിള്ളിയിൽ മലക്കറികടയ്ക്കു സമീപം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്നു സമീപത്തു നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചുകയറുകയുമായിരുന്നു. ഇതിനിടെ മലക്കറിക്കടയിലേക്കു വന്ന ആളുടെ വാഹനവും ഇടിച്ചുനീക്കി മീറ്ററുകളോളം കൊണ്ടുപോയി. എന്നിട്ടും വാഹനം നിർത്താതെ സഞ്ചരിച്ചുപോവുകയായിരുന്നു. അപകട സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പിന്തുടർന്ന് പിന്നീട് വാഹനം പിടികൂടി.
അപകടത്തിനിടയാക്കിയ വാഹനത്തിൽനിന്നു മലയിൻകീഴ് സ്വദേശികളായ മച്ചേൽ ദേവീനിവാസിൽ കിരൺ (42), ശാസ്താസദനത്തിൽ മണികണ്ഠൻ (43) എന്നിവരെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. കിരൺ സോളാർ കമ്പനി മാനേജരാണ്. ഇരുവരേയും പോലീസ് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കെഎസ്ഇബിയും അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ഉടമകളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.