തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹത്തെ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വിശേഷിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകം. നിലവിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ഈ 'ഡിജിറ്റൽ നീക്കത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പ്രൊഫൈലിൽ ' കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രി എന്ന വാചകം പ്രത്യക്ഷപ്പെട്ടത്. സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോൺഗ്രസ് ഗ്രൂപ്പുകളിലും സൈബർ ഇടങ്ങളിലും ഇത് സംവാദങ്ങൾക്ക് കാരണമായി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയിൽ ചർച്ചകൾ സജീവമാണെന്ന സൂചനയാണോ ഇതെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിച്ചു. വിവാദം കൊഴുത്തതോടെ വിക്കിപീഡിയയിൽ മാറ്റം വരുത്തുകയും തെറ്റായ വിവരണം നീക്കം ചെയ്യുകയും ചെയ്തു.