കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കണ്ണൂരിന് കന്നിക്കിരീടം; വിവ കണ്ണൂർ വാരിയേഴ്സ് എഫ്സി. ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.
ആദ്യ പകുതിയില്‍ റെഡ് കാര്‍ഡ് കണ്ട് പത്ത് പേരുമായി ചുരുങ്ങിയ മത്സരത്തില്‍ പ്രതിരോധത്തില്‍ കോട്ട കെട്ടിയാണ് കണ്ണൂര്‍ മിന്നും വിജയം സ്വന്തമാക്കിയത്. കണ്ണൂരിന് വേണ്ടി അസിയര്‍ ഗോമസ് പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് ടീമിന്റെ ജയം. രണ്ടാം പകുതിയില്‍ കണ്ണൂരിന്റെ പരിശീലകന് മാനുവല്‍ സാഞ്ചസിനും ചുവപ്പ് കാര്‍ഡ് കണ്ടു.
സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയും സെമി ഫൈനലില്‍ കളിച്ച ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാണ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്.
കണ്ണൂര്‍ വാരിയേഴ്സ് എഫ്സി 4-3-3 ഫോര്‍മേഷനില്‍, സെമി ഫൈനലടക്കം 11 മത്സരങ്ങള്‍ കളിച്ച പ്രതിരോധ താരം വികാസ് പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിന്റെ ആദ്യ ഇലവനില്‍ നിന്ന് പുറത്ത് പോയി.
പകരം അശ്വിന് കുമാര്‍ ആദ്യ ഇലവനില്‍ എത്തി. തൃശൂര്‍ മാജിക് എഫ്സിയില്‍ രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. 4-4-2 എന്ന ഫോര്‍മേഷനില്‍ അഞ്ച് പ്രതിരോധ താരങ്ങളെ ഉൾപ്പെടുത്തി അലന് ജോണിനെ ഡിഫന്‍സീവ് മിഡ്ഫില്‍ഡറാക്കി ഇറക്കി. തൃശൂരിന്റെ മധ്യനിര നിന്ത്രിച്ചിരുന്ന സൂപ്പര്‍ താരം ലെനി റോഡ്റിഗെസ്, ഫ്രാന്‍സിസ് അഡോ എന്നിവര്‍ക്ക് പകരമായി അലന് ജോണും ഉമശങ്കറും ആദ്യ ഇലവനിലെത്തി.
13-ാം മിനിറ്റില്‍ തൃശൂര്‍ മാജിക് താരം മാര്‍ക്കസ് ജോസഫിന് കണ്ണൂരിന്റെ പ്രതിരോധ താരം അശ്വിനെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 15 -ാം മിനിറ്റില്‍ വലത് വിംഗിൽ നിന്ന് സിനാന് നല്കിയ ക്രോസ് സെക്കൻഡ് പോസ്റ്റില്‍ നിന്നിരുന്ന അസിയര്‍ ഗോമസ് ഗോള്‍ ലക്ഷ്യമാക്കി ഹെഡ് ചെയ്തു.
ഗോളാകേണ്ടിയിരുന്ന അവസരം തൃശൂര്‍ പ്രതിരോധ താരം തേജസ് കൃഷ്ണ കൈകോണ്ട് തടുത്തു. ആദ്യം റഫറി പെനാല്‍റ്റി വിളിച്ചില്ലെങ്കിലും കണ്ണൂര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഫോര്‍ത്ത് റഫറിയുടെ തീരുമാനം കണക്കിലെടുത്ത് 16-ാം മിനിറ്റില്‍ റഫറി പെനാല്‍റ്റി വിളിച്ചു. 18-ാം മിനിറ്റിൽ കണ്ണൂരിന്റെ അസിയര്‍ ഗോമസ് എടുത്ത പെനാല്‍റ്റി ഗോളായി മാറി.
25-ാം മിനിറ്റിൽ കണ്ണൂരിന് അടുത്ത അവസരം. കീന്‍ ലീയിസ് പെട്ടെന്ന് എറിഞ്ഞ ലോംഗ് ത്രോ ഓടിയെടുത്ത അറ്റാക്കിംഗ് താരം ഷിജിന് ബോക്സിന് പുറത്ത് നിന്ന് ഗോള്‍ ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും തൃശൂരിന്റെ ഗോള്‍ കീപ്പര്‍ കമാലുദീന് മനോഹരമായി തട്ടി അകറ്റി.
29-ാം മിനിറ്റിൽ കണ്ണൂരിന്റെ പ്രതിരോധ താരം മനോജിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. തൃശൂരിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് തടുക്കവേ ചെയ്ത ഫൗളിനാണ് കാര്‍ഡ്. 33-ാം മിനിറ്റിൽ തൃശൂരിന് സുവര്‍ണാവസരം ലഭിച്ചു. ഫയാസ് എടുത്ത ഫ്രീകിക്ക് കണ്ണൂരിന്റെ സെക്കൻഡ് പോസ്റ്റിലേക്ക് ഉയര്‍ത്തി നല്കി. ഉയര്‍ന്ന് ചാടി ബിബിന്‍ അജയന് ബോക്സിനകത്ത് നിലയുറപ്പിച്ച തേജസിന് ഹെഡ് ചെയ്ത് നല്കി.
തേജസ് പന്ത് സ്വീകരിച്ചു ഗോള്‍ കീപ്പര്‍ മാത്രമുണ്ടായിരുന്ന സാഹചര്യത്തില്‍ ബാറിന് മകളിലൂടെ പുറത്തേക്ക് അടിച്ചു. ഒന്നാം പകുതിയുടെ അധിക സമയത്ത് തൃശൂരിന്റെ കെവിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും കൃത്യമായി കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസ് രക്ഷകനായി എത്തി. തുടര്‍ന്ന് കണ്ണൂര്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിംഗിൽ ടി. ഷിജിന് നടത്തിയ സോളോ മുന്നേറ്റത്തില്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഷിജിന് അടിച്ച പന്ത് മനോഹരമായി തൃശൂര്‍ ഗോള്‍ കീപ്പര്‍ കമാലുദീന് തട്ടി അകറ്റി. ടൂര്‍ണമെന്റിലെ തന്നെ മികച്ച സേവ്. തുടര്‍ന്ന കണ്ണൂരിന്റെ പ്രതിരോധ താരം സച്ചിന് സുനിലിന് റെഡ് കാര്‍ഡ് ലഭിച്ചു. കണ്ണൂര്‍ പോസ്റ്റിലേക്ക് കെവിന് നടത്തിയ അറ്റാക്കിംഗ് തടുക്കവേ ഫൗള്‍ ആയി മാറുകയായിരുന്നു. കണ്ണൂര്‍ പത്ത് പേരായി ചുരുങ്ങി.
രണ്ടാം പകുതിയില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയ സച്ചിന്റെ പൊസിഷനില്‍ കീന്‍ ലൂയിസിനെ വലിച്ച് സന്ദീപിനെ ഇറക്കി. അറ്റാക്കിംഗിന് കരുത്ത് പകരാന്‍ തൃശൂര്‍ അലനെ പിന്‍വലിച്ച് ഇവാനെ ഇറക്കി. 57-ാം മിനിറ്റില്‍ കണ്ണൂര്‍ സിനാനെ പിന്‍വലിച്ച് അബ്ദു കരീം സാംബയെ ഇറക്കി.
59-ാം മിനിറ്റിൽ തൃശൂര്‍ മാജിക് എഫ്സി ഇരട്ടമാറ്റം നടത്തി. നവീനെയും ഫയാസിനെയും പിന്‍വലിച്ച് മുഹമ്മദ് അഫ്സലും ഫൈസല്‍ അലിയും ഇറങ്ങി. 69-ാം മിനിറ്റില്‍ കെവിന് എടുത്ത ഫ്രീകിക്ക് മെയ്ല്സന് ആല്‍വസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു തുടര്‍ന്നുണ്ടായ വാക്ക് തർക്കത്തില്‍ തൃശൂര്‍ ടെക്നിക്കല്‍ സ്റ്റാഫിന് ചുവപ്പ് കാര്‍ഡും ജോപോള്‍ അഞ്ചേരിക്ക് മഞ്ഞ കാര്‍ഡും ലഭിച്ചു.
80 -ാം മിനിറ്റില്‍ തൃശൂരിന്റെ കെവിന് എടുത്ത കോര്‍ണര്‍ മൈയ്ൽസന് ആല്‍വസ് ചാടി ഹെഡ് ചെയ്തെങ്കിലും ഗോള്‍ ബാറില്‍ തട്ടി പുറത്തേക്ക്. 82-ാം മിനിറ്റിൽ കണ്ണൂരിന്റെ ഗോള്‍ കീപ്പര്‍ അല്‍കേഷ് രാജിനെ ഫൗള്‍ ചെയ്തതിന് തേജസ് കൃഷ്ണയ്ക്ക് മഞ്ഞ കാര്‍ഡ്.
മത്സരത്തില്‍ പലതവണ ഇരുടീമുകളും കളത്തിന് പുറത്ത് ഏറ്റുമുട്ടിയതോടെ റഫറി കണ്ണൂരിന്റെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസിനും തൃശൂരിന്റെ പരിശീലകന് ദുലീപിന് മഞ്ഞ റെഡ് കാര്‍ഡ് ലഭിച്ചു. മത്സരം അധിക സമയത്തേക്ക് നീങ്ങിയപ്പോള്‍ തൃശൂര്‍ മാജിക് പ്രതിരോധ താരം മെയ്ല്‍സണ്‍ അറ്റാക്കിംഗിലേക്ക് മാറി. സ്റ്റോപ്പേജ് ടൈമിൽ (90+5) കണ്ണൂരിന്റെ അബ്ദു കരീം ഒറ്റയ്ക്ക് മുന്നേറി ഗോളവസരം അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അതോടെ സ്വന്തം മണ്ണിൽ കണ്ണൂർ വാരിയേഴ്സിനു കന്നിക്കിരീടം...