സുൽത്താൻ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഐസി ബാലകൃഷ്ണൻ നാലാം തവണയും വിജയം ആവർത്തിച്ചു.
16,597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ ജയം. ആകെ 78,936 വോട്ടുകൾ നേടി അദ്ദേഹം മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം പുലർത്തി. എൽഡിഎഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥന് 62,339 വോട്ടുകളും ബിജെപി സ്ഥാനാർഥി എ.എസ്. കവിതയ്ക്ക് 31,38 വോട്ടുകളും ലഭിച്ചു.
ജനപിന്തുണയാണ് ഐ.സി. ബാലകൃഷ്ണനെ വീണ്ടും നിയമസഭയിലേക്ക് എത്തിച്ചത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിൽ ജനപ്രതിനിധിയായും യൂത്ത് കോണ്ഗ്രസ് പ്രസിഡന്റായും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ച അനുഭവസന്പത്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ശക്തിപ്പെടുത്തിയത്.
2011ൽ ആദ്യമായി യുഡിഎഫ് സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ജനവിധി തേടിയ ഐ.സി. ബാലകൃഷ്ണൻ അന്ന് മുതൽ തുടർച്ചയായി വിജയം ആവർത്തിക്കുകയാണ്. 2011ൽ ആദ്യവിജയം നേടി നിയമസഭയിലെത്തി. തുടർന്ന് 2016, 2021 തെരഞ്ഞെടുപ്പുകളിലും വിജയിച്ച അദ്ദേഹം ഇപ്പോൾ നാലാം തവണയാണ് ബത്തേരിയെ പ്രതിനിധീകരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, റോഡ് വികസനം, വയനാട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാന ചർച്ചയായി. തുടർച്ചയായ നാലാം വിജയം കൈവരിച്ചതോടെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ യുഡിഎഫിന്റെ അടിത്തറ വീണ്ടും ഉറപ്പിച്ചു.