സെന്റ് പീറ്റേഴ്സ്ബെർഗ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച നടത്താൻ എത്തിയ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.
സെന്റ് പീറ്റേഴ്സ്ബെർഗിലെ കോൺസ്റ്റന്റൈൻ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച പുതിയ നിർദേശങ്ങൾ വിറ്റ്കോഫ് പുടിനു മുന്പാകെ അവതരിപ്പിച്ചു.
കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി റഷ്യയിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡിനെ മോചിപ്പിച്ചതായി പുടിൻ അറിയിച്ചു.
എഴുപത്തിനാലുകാരനായ ഹബ്ബാർഡിന്, യുക്രെയ്നുവേണ്ടി പോരാടി എന്ന കുറ്റത്തിനു റഷ്യൻ കോടതി 2024ൽ ഏഴു വർഷത്തെ തടവിനു വിധിച്ചതാണ്. മുൻ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനും അധ്യാപകനുമായ അദ്ദേഹം യുക്രെയ്നിൽനിന്നാണു പിടിയിലായത്. ഇദ്ദേഹത്തെ മോചിപ്പിക്കാൻ പുടിനോട് ആവശ്യപ്പെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു.
ഹബ്ബാർഡിന്റെ മോചനത്തിൽ പ്രസിഡന്റ് ട്രംപിന്റെയും അമേരിക്കൻ ജനതയുടെയും നന്ദി സ്റ്റീവ് വിറ്റ്കോഫ് പുടിനെ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് നടത്തുന്ന പുതിയ ശ്രമങ്ങളുടെ ഭാഗമായിട്ടാണു വിറ്റ്കോഫ് റഷ്യയിലെത്തിയത്. വിറ്റ്കോഫ് ഇത് ഒന്പതാം തവണയാണു പുടിനുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുന്നത്.
അതേസമയം, യുക്രെയ്നുള്ള അമേരിക്കൻ പിന്തുണ ദുർബലമായിരിക്കെയാണു ട്രംപിന്റെ പ്രതിനിധി റഷ്യയിലെത്തിയതെന്നതു ശ്രദ്ധേയം. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്ന് അമേരിക്ക ഇന്റലിജൻസ് വിവരങ്ങൾ നല്കുന്നത് നിർത്തിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
റഷ്യയിൽനിന്നു ഡീസൽ വാങ്ങാനുള്ള അമേരിക്കൻ തീരുമാനത്തെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വിമർശിച്ചതാണ് ഇതിനു കാരണം. സെലൻസ്കിക്കു പകരം യുക്രെയ്നിൽ പുതിയ നേതാവ് വരണമെന്നുവരെ ട്രംപ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ട്രംപിനെ കാണാൻ താത്പര്യം അറിയിച്ച് പുടിൻ
സെന്റ് പീറ്റേഴ്സ്ബെർഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമറിയിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. റഷ്യയിലെത്തിയ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോടാണു പുടിൻ ഇതു പറഞ്ഞത്.
അടുത്തമാസം ചൈനയിൽ ഏഷ്യാ പസഫിക് സാന്പത്തിക ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയാണു പുടിൻ മുന്നോട്ടു വച്ചത്. ഇതോടൊപ്പം, സാന്പത്തികസഹകരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ചയാകാമെന്നും പുടിൻ കൂട്ടിച്ചേർത്തു.
പുടിൻ-ട്രംപ്-ഷി ചിൻപിംഗ് ത്രികക്ഷി ഉച്ചകോടി ചൈനയിൽ നടത്താമെന്നു റഷ്യൻ വൃത്തങ്ങൾ മുന്പ് നിർദേശം വച്ചിരുന്നതാണ്.