തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്തുനിന്നും തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും പിന്നാലെ തുലാവർഷം പെയ്തുതുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. സാധാരണയായി ഒക്ടോബർ 15നു ശേഷമാണ് വടക്കുകിഴക്കൻ കാലവർഷമായ തുലാവർഷം ആരംഭിക്കുന്നത്. ഇത്തവണയും കാലവർഷത്തിന്റെ പിൻവാങ്ങൽ ശരാശരി സമയക്രമത്തിൽ തുടരാനാണ് നിലവിലെ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ മാസം 19ന് രാജസ്ഥാനിൽനിന്നു തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിന്മാറ്റത്തിനു തുടക്കമായിരുന്നു. എന്നാൽ, അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമല്ലാത്തത്തിനാൽ പിന്മാറ്റം വൈകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് കാലവർഷം അതിന്റെ പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലാണ്.
മഹാരാഷ്ട്ര, ഗോവ, തെലുങ്കാന, ഒഡീഷ, കർണാടകത്തിന്റെ വടക്കൻ മേഖല എന്നിവിടങ്ങളിൽനിന്നു കാലവർഷം പിൻവാങ്ങിയിട്ടുണ്ടെങ്കിലും കേരളത്തിൽനിന്നുള്ള പിൻവാങ്ങൽ ഇതുവരെ പൂർത്തിയായിട്ടില്ല. കേരളത്തിൽനിന്ന് കാലവർഷം സാധാരണയായി ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യത്തോടെയോ ആണ് പൂർണമായി പിൻവാങ്ങുന്നത്.
തുലാവർഷത്തിന്റെ സ്വഭാവം പ്രകടമാക്കുന്ന രീതിയിലുള്ള ശക്തമായ മഴ ദിവസങ്ങളായി സംസ്ഥാനത്ത് തുടരുകയാണ്. ഇത് കാലവർഷത്തിന്റെ ഭാഗമായുള്ള മഴയാണെന്നും കാലവർഷത്തിൽനിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സമയത്ത് ഇത്തരത്തിലുള്ള മഴ സാധാരണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
കാലവർഷത്തിൽനിന്ന് തുലാവർഷത്തിലേക്കുള്ള ഈ മാറ്റക്കാലത്തെ ‘ട്രാൻസിഷൻ പീരിയഡ്’ എന്നാണു വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് പകൽ താപനില ഉയർന്നുനിൽക്കുകയും ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുകയും ചെയ്യാം. ചിലപ്പോൾ മേഘങ്ങൾ കിഴക്കുനിന്ന് പടിഞ്ഞാറോട്ടും മറ്റു സമയങ്ങളിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും സഞ്ചരിക്കുന്നതും ഇടക്കാല അന്തരീക്ഷ സാഹചര്യങ്ങളുടെ ഭാഗമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഒക്ടോബർ 15 ഓടെ കാലവർഷത്തിന്റെ പിൻവാങ്ങൽ പൂർണമാകുന്നതിനൊപ്പം തുലാവർഷം പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. കാലവർഷത്തിൽ മഴ കുറഞ്ഞെങ്കിലും തുലാവർഷം ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് തിമിർത്തു പെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ തുലാവർഷത്തിൽ അധികമഴയ്ക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും വ്യക്തമാക്കുന്നു.