ബംഗളൂരു: വിധവയായ യുവതിയുടെ വിവാഹത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഭർത്താവിന്റെ കൊലപാതകം. കർണാടകയിലെ തുംകൂർ ജില്ലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ പരമേഷിന്റെ (50) കൊലപാതകമാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഭർത്താവ് മരിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് യുവതി പാചകക്കാരനെ വിവാഹം കഴിച്ചത്.
കൂലിപ്പണിക്കാരനായ പരമേഷ് ജനുവരി 29ന് രാത്രിയാണ് മരിച്ചത്. തുടർന്ന് ഭാര്യയായ ആശ (46) പരമേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
തുടർന്ന് ഫെബ്രുവരി 19ന് ആശ പാചകക്കാരനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഇയാളുമായി നേരത്തേ ആശയ്ക്ക് ബന്ധമുണ്ടായിരുന്നു. ഈ വിവാഹത്തിൽ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പരമേഷിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയതോടെ മരണം ശ്വാസംമുട്ടിയാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആശയും കാമുകനും മുൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നു സമ്മതിക്കുകയായിരുന്നു. പരമേഷ് ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.