കോഴിക്കോട്: ദേശീയപാത ബൈപാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ പലതവണ ടോൾ നൽകാതെ കടന്നുകളഞ്ഞ ഹരിയാന രജിസ്ട്രേഷനിലുള്ള കാര്‍ പോലീസ് പിടികൂടി. ടോൾ ജീവനക്കാരെ ഇടിക്കാൻ ശ്രമിക്കുകയും നിര്‍ത്താതെ പോകുകയും ചെയ്ത സംഭവത്തിലാണു നടപടി.
കാറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും രജിസ്ട്രേഷൻ മാറ്റുന്നതിനുള്ള എൻഒസി എടുത്തയാൾക്ക് വാഹനവുമായി ബന്ധമില്ലെന്നും കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും പോലീസ് അറിയിച്ചു. ആഡംബര കാര്‍ ഒട്ടേറെത്തവണ ടോൾ നൽകാതെ ബൂം ബാരിയർ തട്ടിത്തെറിപ്പിച്ച് കടന്നുപോയിരുന്നു. ടോൾ വാങ്ങാൻ ശ്രമിച്ച ജീവനക്കാർക്കു നേരെ കാർ ഓടിച്ചു കയറ്റാനും ശ്രമമുണ്ടായി.
ടോൾ പ്ലാസ അധികൃതർ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നൽകിയ പരാതിയിലാണു ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനു നന്മണ്ട സബ് ആർടി ഓഫീസിലേക്കാണ് എൻഒസി നൽകിയിരിക്കുന്നത്. എന്നാൽ, എൻഒസി എടുത്തയാൾക്ക് വാഹനവുമായി ബന്ധമില്ലെന്നു പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഉടമകളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്.