നെടുമ്പാശേരി: യാത്രക്കാർക്കു മുൻകൂട്ടി വിവരം നൽകാതെ സ്പൈസ് ജെറ്റിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.
രാത്രി 7.05ന് മുംബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനവും രാത്രി 9.40ന് അഹമ്മദാബാദിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനവുമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.
വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. പ്രതിഷേധസൂചകമായി യാത്രക്കാരിൽ പലരും വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാൻ തയാറായില്ല. മറ്റു ചിലർ ഉയർന്ന നിരക്ക് നൽകി മറ്റ് വിമാനങ്ങളിൽ യാത്ര തുടരാൻ നിർബന്ധിതരായി.
വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാർക്ക് മൊബൈൽ സന്ദേശം വഴി അറിയിച്ചിരുന്നുവെന്നാണു വിമാനക്കമ്പനി അധികൃതരുടെ വിശദീകരണം. എന്നാൽ, പല യാത്രക്കാർക്കും യഥാസമയം വിവരം ലഭിച്ചില്ലെന്നാണ് ആക്ഷേപം.