നോയിഡ: ഗ്രേറ്റർ നോയിഡയിൽ 27കാരിയായ വനിതാ സബ് ഇൻസ്പെക്ടറെ സർക്കാർ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർച്ച പൊലീസ് സ്റ്റേഷനിലെ എസ്ഐയും ഉത്തർപ്രദേശ് പൊലീസിലെ 2023 ബാച്ച് ഉദ്യോഗസ്ഥയുമായ രശ്മി ഗൗതമാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെത്തുടർന്ന് പിതാവ് സഹപ്രവർത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. സഹപ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളപ്പിലെ ക്വാർട്ടേഴ്സിലെത്തി പരിശോധന നടത്തിയപ്പോഴാണ് രശ്മിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളുടെ പാടുകൾ ഒന്നും കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.